മസ്കത്ത്: തലസ്ഥാനനഗരിയുടെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനുള്ള മസ്കത്ത് മുനിസിപ്പാലിറ്റിയുടെ കാമ്പയിൻ നടപടികൾ പുരോഗമിക്കുന്നു. സീബ് വിലായത്തിലെ വ്യാവസായിക മേഖലയിൽ പരിശോധന നടത്തിയ മുനിസിപ്പാലിറ്റി അധികൃതർ അലക്ഷ്യമായി ഉപേക്ഷിച്ച വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.
പൊതുസ്ഥലങ്ങളിലും താമസ ഇടങ്ങളിലും അലക്ഷ്യമായി വാഹനങ്ങൾ ഉപേക്ഷിക്കരുതെന്നും ഇങ്ങനെയുള്ളവ നീക്കം ചെയ്യണമെന്നും മസ്കത്ത് മുനിസിപ്പാലിറ്റി നിർദേശം നൽകിയിരുന്നു. തലസ്ഥാനനഗരിയുടെ സൗന്ദര്യത്തിന് കോട്ടം തട്ടുന്നവിധത്തിൽ താമസ, വ്യവസായ കേന്ദ്രങ്ങളിലെ വിവിധ പാർക്കിങ്ങുകളിലായാണ് വാഹനങ്ങൾ ദീർഘകാലമായി ഉപേക്ഷിച്ചിരിക്കുന്നത്.
നടപടികളുടെ ഭാഗമായി ഇത്തരം വാഹനങ്ങളിൽ മുനിസിപ്പാലിറ്റി നോട്ടീസ് പതിക്കും. മുന്നറിയിപ്പ് നോട്ടീസ് പതിപ്പിച്ച് 14 ദിവസത്തിനകം ഉടമസ്ഥന്റെ ചെലവിൽ വാഹനം നീക്കം ചെയ്യണമെന്നാണ് നിയമം. അല്ലാത്തപക്ഷം നഗരസഭ നീക്കം ചെയ്യും.
ഇതിനിടെ വാഹനത്തിന് സംഭവിക്കുന്ന കേടുപാടുകളിൽ മുനിസിപ്പാലിറ്റി ഉത്തരവാദികളാകില്ല. നീക്കം ചെയ്ത വാഹനങ്ങൾ തിരികെ വാങ്ങാനെത്തുന്ന ഉടമസ്ഥരിൽനിന്ന് 200 റിയാൽ പിഴ ഈടാക്കും. 15 ആളുകൾക്കുവരെ യാത്ര ചെയ്യാൻ സാധിക്കുന്ന വാഹനങ്ങൾക്കും സൈക്കിളുകൾക്കും ഇതേ പിഴയാണ് ചുമത്തുക.
പൊതു ഇടങ്ങളിൽ ഉപേക്ഷിച്ച വാഹനങ്ങൾ ഉണ്ടെങ്കിൽ നഗരസഭയെ അറിയിക്കാമെന്നും പെട്ടെന്ന് തന്നെ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മസ്കത്തിൽ പൊതു ഇടങ്ങളിലും നിരത്തുകളിലും ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നഗരസൗന്ദര്യത്തെ നശിപ്പിക്കുന്നതാണെന്നും സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.