മസ്കത്ത്: സുഹാർ മലയാളി സംഘം ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാറുമായി സഹകരിച്ചു ഒമാനിൽ ആദ്യമായി നാനൂറോളം കലാകാരികൾ പങ്കെടുക്കുന്ന മെഗാതിരുവാതിര ശനിയാഴ്ച സുഹാറിലെ സല്ലാനിലുള്ള അൽ തരീഫ് ഫുട്ബാൾ ഗ്രൗണ്ടിൽ അരങ്ങേറുമെന്ന് സുഹാർ മലയാളിസംഘം ഭാരവാഹികൾ അറിയിച്ചു. പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടിൽ പഞ്ചവാദ്യത്തോടെ പരിപാടി ആരംഭിക്കും
ഒമാനിലെ വിവിധ ഭാഗങ്ങളിൽനിന്നും ഇന്ത്യയിൽ നിന്നുമുള്ള കൗമാരക്കാർ മുതൽ വിവിധ പ്രായക്കാരായ നാനൂറോളം നർത്തകിമാർ പങ്കെടുക്കുന്ന മെഗാതിരുവാതിര ഒമാനിലെ ഏറ്റവും വലിയ നൃത്തപരിപാടി എന്ന നിലയിൽ റെക്കോഡ് സൃഷ്ടിക്കുമെന്ന് മലയാളി സംഘം വിമൻസ് കോഓഡിനേറ്റർ ജ്യോതി മുരളി പറഞ്ഞു.
തിരുവാതിര അതിന്റെ തനിമ ചോരാതെ മെഗാ രൂപമായി അവതരിപ്പിക്കുകയാണ് ലക്ഷ്യം. മാസങ്ങളായി പരിശീലനം തുടരുന്ന കലാകാരികൾ ഒമാനിൽ ആദ്യമായി അരങ്ങേറുന്ന ഈ വലിയ നൃത്തോ ത്സവത്തിന്റെ ഭാഗമാകാൻ തയാറായി നിൽക്കുകയാണ്. വൈകീട്ട് ആറിന് ആരംഭിക്കുന്ന പരിപാടി രാത്രി 11 വരെ നീളും. വിവിധ കലാരൂപങ്ങൾ വേദിയിൽ അരങ്ങേറും. കലാ സാമൂഹ്യ സാംസ്കാരിക മേഖലയിലുള്ള വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കും ഏപ്രിൽ 19ന് നടത്താനിരുന്ന മെഗാ തിരുവാതിര ബാത്തിന മേഖലയിലെ അസ്ഥിര കാലാവസ്ഥ കാരണം മേയ് നാലിലേക്ക് മാറ്റുകയായിരുന്നു. പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.