മസ്കത്ത്: കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തിലെ ഒമാന്റെ വിജയം മുന്നോട്ടുള്ളപോക്ക് വീണ്ടും സജീവമാക്കി. വിജയം അനിവാര്യമായ മത്സരത്തിൽ ഫലസ്തീനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് വിലപ്പെട്ട മൂന്ന് പോയന്റ് റെഡ് വാരിയേഴ്സ് സ്വന്തമാക്കിയത്. ഇതോടെ ഗ്രൂപ്പിൽനിന്ന് നേരിട്ട് യോഗ്യതനേടാമെന്നുള്ള പ്രതീക്ഷക്കാണ് ജീവൻവെച്ചത്.
ഗ്രൂപ് ബിയിൽ അഞ്ച് കളിയിൽനിന്ന് 13 പോയന്റുമായി ദക്ഷിണകൊറിയ ഏറേക്കുറെ യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. എട്ടുപോയന്റ് വീതമുള്ള ജോർഡനും ഇറാഖുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ആറുപോയന്റുമായി ഒമാൻ നാലാം സ്ഥാനത്താണ്. അഞ്ചും ആറും സ്ഥാനത്ത് കുവൈത്തും ഫലസ്തീനുമാണ്. ഒമാന്റെ അടുത്ത മത്സരം നവംബർ 19ന് മസ്കത്തിൽ ഇറാഖിനെതിരെയാണ്.
ഈ മത്സരത്തിൽ ഇറാഖിനെ കീഴ്പ്പെടുത്താൻ കഴിഞ്ഞാൽ പോയന്റ് പട്ടികയിൽ ഉയരാൻ സാധിക്കും. ജോർഡനെ സമനിലയിൽ പിടിക്കുകയും ചെയ്താൽ നേരിട്ട് തന്നെ യോഗ്യത നേടാം എന്നുള്ള പ്രതീക്ഷയും ആരാധകർക്കുണ്ട്. അതോടൊപ്പം മറ്റു ടീമുകളുടെ പ്രകടനവും നിർണായകമാണ്.
വിലപ്പെട്ട മൂന്ന് പോയന്റ നേടാൻ കഴിഞ്ഞതിൽ തിർച്ചയായും സന്തോഷമുണ്ടെന്ന് മത്സര ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ ഒമാൻ കോച്ച് റഷീദ് ജാബിർ പറഞ്ഞു. മികച്ച കളിയാണ് ഫലസ്തീൻ നടത്തിയതെന്നും അടുത്ത മത്സരത്തിനുള്ള തയാറെടുപ്പിലാണ് ഞങ്ങളെന്നും കോച്ച് പറഞ്ഞു.
ഈ വിജയം ആരാധകർക്ക് സമർപ്പിക്കുകയാണെന്നും വരാനിരിക്കുന്ന മത്സരത്തെ കുറിച്ചാണ് നിലവിൽ ചിന്തയെന്നും കഴിഞ്ഞ ദിവസം വിജയഗോൾ നേടിയ മുഹ്സിൻ അൽ ഗസ്സാനി പറഞ്ഞു.
സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ ഫലസ്തീനെ എകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് റെഡ് വാരിയേഴ്സ് വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തിയത്. മത്സരം സമനിലയിലേക്ക് നീങ്ങികൊണ്ടിരിക്കെ 83ാം മിനിറ്റിൽ മുഹ്സിൻ അൽ ഗസ്സാനിയാണ് സുൽത്താനേറ്റിനുവേണ്ടി വിജയ ഗോൾ നേടിയത്. സ്വന്തം കാണികൾക്ക് മുന്നിൽ മികച്ച വിജയം പ്രതീക്ഷിച്ച് ഇറങ്ങിയ ഒമാനെ പ്രതിരോധകോട്ട കെട്ടി വരിഞ്ഞുമുറുക്കുകയായിരുന്നു ഫലസ്തിൻ.
ആദ്യ പകുതിയിൽ ഏറെ സമയം പന്ത് ഒമാൻ കൈവശം വെച്ചെങ്കിലും രണ്ട് ഷോട്ട് മാത്രമാണ് ഉതിർത്തത്. ഫലസ്തീനാകട്ടെ ഏഴ് പ്രാവശ്യം ഗോളിലേക്ക് ഷോട്ട് പായിച്ചു. കളി അവസാന മിനിറ്റുകളിലേക്ക് നീങ്ങവേ മുഹ്സിൻ അൽ ഗസ്സാനിയിലൂടെ ഒമാൻ വിജയം തട്ടിയെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.