മസ്കത്ത്: എ.സി.സി മെന്‍സ് എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് 2023 ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഒമാന്‍ തോൽവി. കൊളംബോ ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 72 റണ്‍സിന് അഫ്ഗാനിസ്താനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താൻ നിശ്ചിത 49 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ 40.3 ഓവറില്‍ 195 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മുൻനിര ബാറ്റർമാർ തിളങ്ങാതെപോയതാണ് ഒമാന്‍ തിരിച്ചടിയായത്. അയാന് (47), ശുഐബ് (47), ഇല്യാസ് (39) എന്നിവര്‍ മാത്രമാണ് ഒമാൻ നിരയിൽ കാര്യമായി സംഭാവന ചെയ്തത്. തുടരെത്തുടരെ വിക്കറ്റുകൾ വീണതും മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ കഴിയാത്തതും ഒമാന്‍ വിനയായി. 84 പന്തില്‍ 79 റണ്‍സെടുത്ത അക്ബരി, 56 പന്തില്‍ 45 റണ്‍സെടുത്ത കമല്‍ എന്നിവരുടെ മിന്നും പ്രകടനമാണ് അഫ്ഗാനിസ്താന് മെച്ചപ്പെട്ട് സ്കോർ സമ്മാനിച്ചത്. ഒമാനുവേണ്ടി കലീമുല്ല, ആഖിബ് ഇല്യാസ് എന്നിവർ രണ്ടുവീതം വിക്കറ്റുകൾ സ്വന്തമാക്കി.
മഴമൂലം വൈകിത്തുടങ്ങിയ മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്താന് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഫ്ഗാനിസ്താനുവേണ്ടി ഇബ്റാഹിം, അക്ബര്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീതവും നവീദ് രണ്ട് വിക്കറ്റും എടുത്തു. ഒമാന്റെ അടുത്ത മത്സരം ശനിയാഴ്ച ബംഗ്ലാദേശിനെതിരെയാണ്.18ന് ശ്രീലങ്കയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.