മസ്കത്ത്: പ്രവാസി തൊഴിലാളികളെ പാർപ്പിക്കുന്നത് സംബന്ധിച്ച ചട്ടങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ആവർത്തിച്ച് മസ്കത്ത് ഗവർണറേറ്റ്. പ്രവാസി തൊഴിലാളികൾ പാർപ്പിട ക്വാർട്ടേഴ്സുകളിൽ താമസിച്ചാൽ 50 റിയാൽവരെ പിഴ ഈടാക്കാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. ലോക്കൽ കമാൻഡ് നമ്പർ 23/92ലെ ആർട്ടിക്കിൾ 31 അനുസരിച്ച്, മസ്കത്ത് ഗവർണറേറ്റിൽ റെസിഡൻഷ്യൽ ഏരിയകളിലോ വാണിജ്യ റെസിഡൻഷ്യൽ ഏരിയകളിലോ തൊഴിലാളികളെയോ ബാച്ചിലർമാരെയോ പാർപ്പിക്കാൻ സമുച്ചയങ്ങളോ കെട്ടിടങ്ങളോ സ്ഥാപിക്കാൻ അനുവാദമില്ല.
ബാച്ചിലേഴ്സ് ഹൗസിങ്ങും ഫാമിലി പാർപ്പിടവും സംയോജിപ്പിച്ചുള്ള കെട്ടിടം നിർമിക്കാനും പാടില്ല. പ്രവാസി തൊഴിലാളികളുടെ പാർപ്പിട പരിസരങ്ങളിലെ താമസം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മസ്കത്ത് ഗവർണറേറ്റ് അറിയിച്ചിരുന്നു. ഇത്തരം പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാൻ ലക്ഷ്യമിട്ട് ഗവർണറേറ്റ് ഓൺലൈനിലൂടെ പുറപ്പെടുവിച്ച നോട്ടീസിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പാർപ്പിട കേന്ദ്രങ്ങളിലെ പ്രവാസി തൊഴിലാളികൾ സാമൂഹികവും സാംസ്കാരികവുമായ ഘടനക്ക് ഭീഷണിയാകുന്നുണ്ടെന്നും ബോധവത്കരണ നോട്ടീസിൽ പറയുന്നു.
കുറ്റകൃത്യങ്ങളിലേക്ക് നയിച്ചേക്കാവുന്ന പ്രശ്നങ്ങളുടെ സാധ്യത, സാമൂഹിക സ്വകാര്യതയുടെ ലംഘനം, തെറ്റായ രീതികൾ കാരണം പ്രദേശത്തിന്റെ ആരോഗ്യ, പാരിസ്ഥിതിക നിലയെ ബാധിക്കുക, സ്ഥലത്തിന്റെ നാഗരികവും സൗന്ദര്യാത്മകവുമായ രൂപത്തിന്റെ വക്രീകരണം, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന കൈയേറ്റങ്ങൾ, റെസിഡൻഷ്യൽ ക്വാർട്ടേഴ്സിലെ കുടുംബസുരക്ഷക്ക് ഭീഷണി, പുകവലിയും അതിന്റെ ഉപയോഗവും മൂലം മോശം ആരോഗ്യശീലങ്ങൾ യുവാക്കളെ പ്രതികൂലമായി ബാധിക്കുക എന്നിങ്ങനെയുളള പ്രശ്നങ്ങളാണ് മസ്കത്ത് ഗവർണറേറ്റ് നോട്ടീസിൽ സൂചിപ്പിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.