എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പിൽ അഫ്ഗാൻ വിജയഗാഥ

മസ്കത്ത്: എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിൽ അഫ്ഗാൻ വിജയഗാഥ. അമീറാത്ത് ക്രിക്കറ്റ് അക്കാദമിക്ക് ഗ്രൗണ്ടിൽ നടന്ന കലാശക്കളിയിൽ ശ്രീലങ്ക എയെ ഏഴ് വിക്കറ്റിന് ​തോൽപ്പിച്ചാണ് അഫ്ഗാൻ കൗമാരപ്പട എമര്‍ജിങ് ടീംസ് ടൂർണമെന്റിന്റെ കപ്പിൽ ആദ്യമായി മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാൻ 18.1 ഓവറിൽ വിജയം കാണുകയായിരുന്നു. ബൗളർമാരും ബാറ്റർമാരും ഒരുപോലെ തിളങ്ങിയതാണ് അഫ്ഗാന് തുണയായത്. ആദ്യ പന്തിൽ ഓപണർ സുബൈദ് അക്ബാരിയെ നഷ്ടമയെങ്കിലും അർധ സെഞ്ച്വറി നേടിയ സീദീഖുല്ല അത്താൽ (55*), കരീം ജാനത്ത് (33), ക്യാപ്റ്റൻ ദാർവിഷ് (24), മുഹമ്മദ് ഇസ്ഹാഖ് (16*) എന്നിവരുടെ ചുമരിലേറി അഫഫ്ഗാൻ വിജയ കിരീടം ചൂടുകയായിരുന്നു. ​

ടോസ് നേടിയ ബാറ്റിങ്ങ് തെരഞ്ഞെടുത്ത ലങ്കയുടെ മുൻനിര ബാറ്റർമാർ ആദ്യ ഓവറുകളിൽ പവലിയനിലേക്ക് ഘോഷയാത്ര നടത്തുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്. സകോർ ബോർഡിൽ 15 റൺസ് കൂട്ടിചേർക്കു​​മ്പഴേക്കും നാല് വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീട് വന്ന സഹൻ ആരാച്ചിഗെ (64), നമേഷ് വിമുക്തി (23), പവൻ രത്നായകെ(20) എന്നിവർ നടത്തിയ ചെറുത്തുനിൽപ്പാണ് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. നാല് ഓവറിൽ 22 റൺസ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ബിലാൽ സമി, 14 റൺസിന് രണ്ട് വിക്ക​റ്റെടുത്ത അല്ലാഹ് ഗസൻഫാർ എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ലങ്കയെ കുറഞ്ഞ സ്കോറിന് വരിഞ്ഞ് കെട്ടാൻ അഫ്ഗാനെ സഹായിച്ചത്. അഫ്ഗാന്റെ അല്ലാഹ് ഗസന്‍ഫാര്‍ ആണ് കളിയിലെ താരം. സാദിഖുല്ലാഹ് അതാല്‍ ടൂര്‍ണമെന്റിലെ താരമായും തെരഞ്ഞെടുത്തു.

Tags:    
News Summary - Afghanistan A create history, become Emerging Teams Asia Cup champions for first time after beating Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.