മസ്കത്ത്: അന്താരാഷ്ട്ര വിമാനത്താവളമെന്ന നിലയിൽ തിരക്കേറിയ സൊഹാറിലേക്കുള്ള സർവിസുകൾ ബജറ്റ് വിമാന കമ്പനിയായ എയർ അറേബ്യ വർധിപ്പിക്കുന്നു. സൊഹാർ-ഷാർജ റൂട്ടിൽ എട്ടു പ്രതിവാര സർവിസുകൾ കൂടി ആരംഭിക്കാൻ എയർ അറേബ്യക്ക് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അനുമതി നൽകി.
സർവിസ് വർധനക്കുള്ള അനുമതി ഇന്നു മുതലാകും പ്രാബല്യത്തിൽ വരിക. ഇതോടെ എയർ അറേബ്യയുടെ സൊഹാറിലേക്കുള്ള പ്രതിവാര സർവിസുകൾ 16ആയി ഉയരും. ഒമാനിലെ മൂന്നാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ സൊഹാറിൽനിന്ന് നിലവിൽ എയർ അറേബ്യയും ഖത്തർ എയർവേസുമാണ് രാജ്യാന്തര സർവിസ് നടത്തുന്നത്.
ഖത്തർ എയർവേസിന് ദോഹയിലേക്ക് ഏഴു പ്രതിവാര സർവിസുകളാണുള്ളത്. ഇതിനുപുറമെ, സലാം എയർ സൊഹാർ-സലാല റൂട്ടിലും സർവിസ് നടത്തുന്നുണ്ട്. ഖരീഫ് സീസൺ മുൻനിർത്തിയാരംഭിച്ച സലാം എയർ ഇപ്പോൾ ആഴ്ചയിൽ രണ്ടു സർവിസുകളായി ചുരുക്കിയിട്ടുണ്ട്. മലയാളികളടക്കം യാത്രക്കാരുടെ വർധിച്ച പ്രതികരണമാണ് രാജ്യാന്തര സർവിസുകളുടെ എണ്ണം വർധിപ്പിക്കാൻ വിമാന കമ്പനികൾക്ക് പ്രേരണയാകുന്നത്. ബുറൈമിയിൽനിന്നും മറ്റുമുള്ള മലയാളികളടക്കം ഇന്ത്യക്കാർ നാട്ടിലേക്കുള്ള യാത്രക്കും ഷാർജയും ദോഹയും വഴിയുള്ള കണക്ഷൻ സർവിസുകൾ കൂടുതലായി ഉപയോഗപ്പെടുത്തുന്നുണ്ട്. സൊഹാർ വിമാനത്താവളം വഴിയുള്ള കാർഗോ നീക്കത്തിലും വലിയ തോതിൽ വർധന രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.