മസ്കത്ത്: പണമടച്ചവർക്ക് ടിക്കറ്റ് നിഷേധിച്ച് വീണ്ടും എയർഇന്ത്യ. ഇന്നത്തെ കോഴിക്കോട് വിമാനത്തിൽ കുട്ടികളുമായി യാത്ര ചെയ്യാനിരുന്ന മലപ്പുറം സ്വദേശികളായ രണ്ട് ഗർഭിണികളും കുട്ടികളുമാണ് ഇക്കുറി എയർഇന്ത്യയുടെ വിനോദത്തിന് ഇരയായത്. ഗ്രാൻറ് ഹൈപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന മലപ്പുറം പുത്തനത്താണി സ്വദേശി നൗഫലിെൻറ ഭാര്യ, രണ്ട് വയസുള്ള കുട്ടി, മവേല പച്ചക്കറി മാർക്കറ്റിൽ ജോലി ചെയ്യുന്ന മലപ്പുറം കോട്ടക്കൽ സ്വദേശി മുനീറിെൻറ ഭാര്യ, മൂന്ന് വയസുള്ള കുട്ടി എന്നിവരാണ് പണമടച്ചിട്ടും ടിക്കറ്റ് ലഭിക്കാത്തവർ.
പണമടച്ചപ്പോൾ 31ന് ടിക്കറ്റ് ഇമെയിലിൽ ലഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതനുസരിച്ച് യാത്രക്കുള്ള ഒരുക്കങ്ങളെല്ലാം നടത്തി ടിക്കറ്റിനായി കാത്തിരുന്ന ഇവർക്ക് ഫ്ലൈറ്റ് ഫുൾ ആയതായും അടുത്ത വിമാനത്തിൽ പരിഗണിക്കാമെന്നുമുള്ള മറുപടിയാണ് ഞായറാഴ്ച വൈകുന്നേരം ലഭിച്ചത്. ടിക്കറ്റില്ലെന്ന കാര്യം ഇമെയിലായി അറിയിക്കാൻ പറഞ്ഞപ്പോൾ അടുത്ത കോഴിക്കോട് വിമാനത്തിൽ മുൻഗണനാ പട്ടികയിൽ പരിഗണിക്കാമെന്നാണ് മാത്രം പറഞ്ഞ് വിളിച്ചയാൾ ഫോൺ കട്ട് ചെയ്യുകയായിരുന്നെന്നും ഇവർ പറഞ്ഞു. നിലവിലുള്ള ഷെഡ്യുളിൽ കോഴിക്കോടിനുള്ള വിമാനം ഇനി ഇല്ല. പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചാൽ മാത്രമേ ഇവർക്ക് എന്ന് യാത്ര ചെയ്യാൻ കഴിയുമെന്ന് അറിയാൻ സാധിക്കുകയുള്ളൂ.
കഴിഞ്ഞ 21നുള്ള വിമാനത്തിൽ പോകുന്നുണ്ടോയെന്ന് ചോദിച്ച് എംബസിയിൽ ചോദിച്ചിരുന്നതായി നൗഫൽ പറഞ്ഞു. എയർ ഇന്ത്യയിൽ നിന്നുള്ള വിളിയും കാത്തിരുന്നെങ്കിലും ആരും വിളിച്ചില്ല. തുടർന്ന് കഴിഞ്ഞ 25നാണ് ഒന്നാം തീയതിക്കുള്ള വിമാനത്തിലേക്ക് വിളി വരുന്നത്. കൺഫർമേഷെൻറ അടിസ്ഥാനത്തിൽ എയർ ഇന്ത്യയിൽ നിന്ന് വിളിച്ച് മുപ്പതാം തീയതിക്കുള്ളിൽ പണമടക്കാൻ അറിയിച്ചു. തുടർന്ന് രേഖകൾ എല്ലാം അയച്ചുകൊടുത്തെങ്കിലും ടിക്കറ്റില്ലെന്ന മറുപടിയാണ് ഇന്നലെ ലഭിച്ചത്.
വിസിറ്റിങ് വിസയിലുള്ള ഭാര്യയുമായി അമിറാത്തിലാണ് നൗഫൽ താമസിക്കുന്നത്. വീട്ടുടമ മുറി ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. ടിക്കറ്റ് ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ ഒന്നാം തീയതി മാറുകയാണെന്നും അറിയിച്ചിരുന്നു. ഒപ്പം ഫ്രിഡ്ജ് അടക്കം വീട്ടുസാധനങ്ങൾ വിൽപന നടത്തുകയും ചെയ്തു. യാത്ര മുടങ്ങുന്ന സാഹചര്യത്തിൽ കുറച്ച് ദിവസം കൂടി നിൽക്കാമെങ്കിലും ജൂണിൽ തന്നെ ഒഴിഞ്ഞുകൊടുക്കേണ്ടി വരും. അടുത്ത ഘട്ട സർവീസ് പ്രഖ്യാപിച്ച് ടിക്കറ്റ് കിട്ടിയാൽ മാത്രമേ സമാധാനമാവുകയുള്ളൂവെന്ന് നൗഫൽ പറയുന്നു.
മുനീറിനോട് കഴിഞ്ഞ 21നുള്ള വിമാനത്തിൽ പോകാൻ എയർ ഇന്ത്യയിൽ നിന്ന് വിളിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ എയർ ഇന്ത്യ വിളിക്കുന്നത് ഒന്നാം തീയതിയിലെ വിമാനത്തിൽ പോകാനാണ്. ഇതനുസരിച്ച് പണമടച്ചെങ്കിലും ടിക്കറ്റില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇക്കഴിഞ്ഞ മുപ്പതാം തീയതിയിലെ തിരുവനന്തപുരം വിമാനത്തിൽ യാത്ര ചെയ്യാനിരുന്ന കൊല്ലം സ്വദേശിനിയായ 64കാരിക്കും പണമടച്ചിട്ടും ടിക്കറ്റ് നിഷേധിച്ചിരുന്നു. ഇതേ കുറിച്ച് അന്വേഷിച്ചപ്പോൾ സാേങ്കതിക തകരാർ ആയിരിക്കും കാരണമെന്നാണ് മറുപടി ലഭിച്ചത്. ഒരേ തരത്തിൽ തുടരുന്ന ‘സാേങ്കതിക തകരാർ’ പരിഹരിക്കാൻ എംബസി അധികൃതർ ഇടപെടലുകൾ നടത്തുമെന്ന പ്രതീക്ഷയിലാണ് ഒമാനിലെ പ്രവാസി സമൂഹം.
രണ്ടാം ഘട്ട സർവീസുകൾ മുതൽ ടിക്കറ്റ് വിതരണമടക്കം വിഷയങ്ങളിൽ ആക്ഷേപമുയരുന്നുണ്ട്. എംബസിയിൽ നിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്ത അറിയിപ്പ് ലഭിച്ച പലർക്കും എയർഇന്ത്യ ഒാഫീസിൽ നിന്നുള്ള വിളി ഇപ്പോഴും ലഭിച്ചിട്ടില്ല. എന്നാൽ എയർ ഇന്ത്യ ഒാഫീസിൽ നേരിെട്ടത്തി കാര്യം അന്വേഷിച്ച പലരും ടിക്കറ്റ് ലഭിച്ച് നാടുപറ്റിയ അനുഭവങ്ങളുമുണ്ട്. യാത്രക്കാരെ തിരുകി കയറ്റുന്നത് വ്യാപകമാണെന്ന് ചില സാമൂഹിക പ്രവർത്തകർ നേരത്തേ തന്നെ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ഇതുവഴി അനർഹരായ പലരും നാട്ടിലെത്തിയിട്ടുണ്ട്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവരടക്കം നിരവധി പേരാണ് ഇപ്പോഴും എന്നാണ് നാട്ടിലെത്താൻ കഴിയുകയെന്നറിയാതെ ആശങ്കയിൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.