മസ്കത്ത്: നേത്രപരിശോധന രംഗത്ത് ആധുനിക ചികിത്സ രീതികൾ ലഭ്യമാക്കുന്നതിനായി ‘വിസുമാക്സ് 800’ (VISUMAX 800) മെഷീനുമായി അസൈബയിലെ അപെക്സ് സ്പെഷ്യലൈസ്ഡ് ഐ സെന്റർ. സങ്കീർണമായ നേത്ര ശസ്ത്രക്രിയകൾക്കടക്കം നൂതന ചികിത്സ രീതികൾക്ക് ഈ സംവിധാനം സഹായകമാകുമെന്ന് അധികൃതർ അറിയിച്ചു. എസ്.എം.ഐ.എൽ.ഇ അഥവാ സ്മാൾ ഇൻസിഷൻ ലെന്റിക്യൂൾ എക്സ്ട്രാക്ഷൻ നടപടിക്രമം ചെയ്യാൻ ഈ മെഷീൻ സഹായകമാണ്. ചില തരത്തിലുള്ള കാഴ്ചപ്രശ്നങ്ങൾ, മയോപിയ (സമീപ കാഴ്ചക്കുറവ്) തുടങ്ങിയവ പരിഹരിക്കാൻ ഉപയോഗിക്കുന്ന ഒരു ആധുനിക റിഫ്രാക്റ്റിവ് സർജറി വിദ്യയാണിത്.
രോഗികൾക്ക് മെച്ചപ്പെട്ട ശസ്ത്രക്രിയ അനുഭവങ്ങളും ഫലങ്ങളും നൽകുന്നതിനുള്ള ഞങ്ങളുടെ പരിശ്രമത്തിന്റെ ഭാഗമായാണ് ‘വിസുമാക്സ് 800’ എന്ന മെഷീൻ ഒരുക്കിയിരിക്കുന്നതെന്ന് സീനിയർ കൺസൾട്ടന്റ് ഒഫ്താൽമോളജിസ്റ്റും അപെക്സ് സ്പെഷ്യലൈസ്ഡ് ഐ സെന്റർ സഹസ്ഥാപകയുമായ ഡോ. നൈല അൽ ഹാർത്തി പറഞ്ഞു. എല്ലാവർക്കും അനുയോജ്യമായതും അത്യാധുനികവുമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ മെഷീൻ സഹായകമാകുമെന്നും അവർ പറഞ്ഞു.
രോഗികൾക്ക് ഉയർന്ന നിലവാരമുള്ള പരിചരണം നൽകുന്നതിനുമുള്ള കേന്ദ്രത്തിന്റെ പ്രതിബദ്ധതയാണ് ഈ പുതിയ ഉപകരണം അടിവരയിടുന്നതെന്ന് സഹസ്ഥാപകരായ അബ്ദുൽ ലത്തീഫ് ഉപ്പളയും ഡോ. പി.എ. മുഹമ്മദും പറഞ്ഞു. സെന്ററിലെ ഡോക്ടർമാർക്ക് മികച്ച ഫലങ്ങൾ നേടാനും ഓരോ രോഗിയുടെയും വ്യക്തിഗത ആവശ്യങ്ങൾ നിറവേറ്റുന്ന പരിചരണം നൽകാനും ഇതിലൂടെ സാധിക്കുമെന്നും ഇരുവരും പറഞ്ഞു. അത്യാധുനിക മെഡിക്കൽ സാങ്കേതിക വിദ്യകൾ എത്തിക്കുന്നതിൽ കേന്ദ്രത്തിന്റെ സ്ഥിരമായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സംവിധാനവും ഒരുക്കിയിരിക്കുന്നതെന്ന് അപെക്സ് സ്പെഷ്യലൈസ്ഡ് ഐ സെന്ററിൽ ‘നടന്ന വിസുമാക്സ് 800ന്റെ ലോഞ്ചിങ് ചടങ്ങിൽ ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർമാരായ ഫിറാസത്ത് ഹസനും മൊയ്തീൻ ബിലാലും പറഞ്ഞു.
അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്താൽ കൃത്യതയും കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്ന സംവിധാനമാണ് ‘വിസുമാക്സ് 800’ എന്ന് കോർണിയ, റിഫ്രാക്റ്റിവ് സർജൻ ഡോ. യോഗേഷ് ഭഡംഗേ പറഞ്ഞു. മെച്ചപ്പെട്ട ഇമേജിങ് മുതൽ ഉപയോക്തൃ-സൗഹൃദ ഇന്റർഫേസുവരെയുള്ള അതിന്റെ വിപുലമായ സവിശേഷതകൾ, കൃത്യതയോടെയുള്ള ചികിത്സ പദ്ധതികൾ തയാറാക്കാൻ ശസ്ത്രക്രിയ വിദഗ്ധരെ ഇത് പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.