അറേബ്യൻ ഗൾഫ് കപ്പ്: മിന്നും വിജയവുമായി ഒമാൻ ഫൈനലിൽ

മസ്കത്ത്: തകർപ്പൻ വിജയവുമായി ഒമാൻ അറേബ്യൻ ഗൾഫ് കപ്പിന്റെ ഫൈനലിൽ കടന്നു. കുവൈത്ത് ജാബിർ അൽ മുബാറക് അൽ ഹമദ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ സെമിയിൽ ശക്തരായ സൗദിയെ 2-1ന് തകർത്താണ് കലാശക്കളിയിലേക്ക് റഷീദ് ജാബിറിന്റെ കുട്ടികൾ യോഗ്യത​ നേടിയത്. രണ്ടാം പകുതിയിലായിരുന്നു മൂന്നുഗോളുകളും. അർഷാദ് അലാവി, അലി അൽ ബുസൈദി എന്നിവരാണ് ഒമാനു​വേണ്ടി വലകുലുക്കിയത്. സൗദിയടെ ആശ്വാസ ഗോൾ മുഹമ്മദ് കന്നോയിയുടെ വകയായിരുന്നു. കളിയുടെ ആദ്യ പകുതിമുതൽ പത്തു​പേരായി ചുരുങ്ങിയിട്ടും അവസാനം നിമഷംവരെ നടത്തിയ ചെറുത്തുനിൽപ്പാണ് ഒമാന് തുണയായത്.

സെമി ഫൈനലിന്റെ എല്ലാ ആവേശവും നിറഞ്ഞുനിന്നതായിരുന്നു മത്സരം. വിസിൽ മുഴങ്ങിയ ആദ്യ നിമിഷം മുതൽ ഒമാൻ ഗോൾമുഖത്തേക്ക് നിരന്തരം ​പന്തെത്തിച്ച് സൗദി വിറപ്പിക്കുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്. എന്നാൽ, ശക്തമായ പ്രതിരോധകോട്ടക്കെട്ടി വള​രെ വിദഗ്ധമായി ആക്രമണത്തെ തടഞ്ഞിടുകയായിരുന്നു. കഴിഞ്ഞ കളിയിലെ ഹീറോയായിരുന്ന മുഖൈനിക്ക് പകരമായി ഇറങ്ങിയ ഗോളി ഫായിസ് അൽ റുഷൈദിയും തന്റ ഉത്തരവാദിത്വം ഭംഗിയായി നിർവഹിച്ചു.

ഇതോടെ ആദ്യം ലീഡ് എടുക്കുക എന്ന സൗദിയുടെ തന്ത്രം ലക്ഷ്യം കണ്ടില്ല. പന്തടക്കത്തിൽ എതിരാളികൾ മുന്നിട്ട് നിന്നെങ്കിലും മികച്ച കൗണ്ടർ അറ്റാക്കുകളിലൂടെ റെഡ് വാരിയേഴ്സും ഭീതിവിതച്ചു. പതിയെ കളിയിലേക്ക് തിരിച്ചുവന്ന ഒമാൻ ഇടതുവലതുവിങ്ങുകളിലൂടെ ഇരച്ച് കയറികൊണ്ടേയിരുന്നു. എന്നാൽ, ഫിനീഷീങ്ങിലെ പാളിച്ചകൾ കാരണം ഗോൾ പിറക്കാതെപോയി. എതിർതാരത്തെ ഫൗൾ​ ചെയ്തതിന് റെഡ് കാർഡ് കിട്ടിയതോടെ ഒമാൻ താരം അൽമന്ദർ റാബിയ സഈദ് അൽ അലാവിക്ക് 32ാം മിനിറ്റിൽ പുറത്തുപോകേണ്ടിയും വന്നു. പത്തുപേരായി ചുരുങ്ങിയെങ്കിലും അതൊന്നും ഒമാന്റെ പ്രകടനത്തെ ബാധിക്കുന്നതായിരുന്നില്ല.

പത്തുപേരായി ചുരുങ്ങിയതിന്റെ ക്ഷീണം ശരിക്കും രണ്ടം പകുതിയിലായിരുന്നു ഒമാൻ തിരിച്ചറിഞ്ഞത്. സൗദിയുടെ നിരന്തര ആക്രമണത്താൽ ഒമാൻ ഗോൾമുഖം വിറച്ചു. ഏത് നിമിഷവും ഗോൾ വീഴും എന്ന നിലയിലായിരുന്നു. പലതും ഭാഗ്യംകൊണ്ടായിരുന്നു അകന്നുപോയത്. ഇതിനിടക്ക് സൗദി വലകുലുക്കിയെങ്കിലും ‘വാറിലൂ​ടെ’ ​ഗോൾ അല്ല എന്ന് വിധിക്കുകയായിരുന്നു.

കളിയുടെ ഗതിക്ക് വിപരീതമായി ഒമാനാണ് ആദ്യ ഗോൾനേടുന്നത്.74ാം മിനിറ്റിൽ ബോക്സിന്റെ പുറത്തുനിന്നുള്ള ഫ്രീകിക്കിലൂടെ അർഷാദ അലാവി റെഡ്‍വാരിയേഴിനെ മുന്നിലെത്തിച്ചു. പത്ത് മിനിറ്റിന് ശേഷം അലി അൽ ബുസൈദിയിലൂടെ രണ്ടാം ഗോളും നേടി സൗദിയെ വീണ്ടും ഒമാൻ ഞെട്ടിച്ചു. രണ്ട് മിനിറ്റുകൾക്ക​ുശേഷം മുഹമ്മദ് കാനൂനിലൂടെ ​സൗദി ഒരുഗോൾ മടക്കി.സമനിലക്കായി അവസാന നിമഷംവരെ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫൈനൽ വിസിൽ മുഴങ്ങിയ​​പ്പോൾ അന്തിമ ചിരി റെഡ്‍വാരിയേഴ്സി​ന് ഒപ്പമായിരുന്നു.

ചുവപ്പ് കാർഡ് കണ്ട് സൗദിതാരം അബ്ദുല്ലക്കും കളിയുടെ അവസാനം പുറത്തുപോകണ്ടേി വന്നു. രണ്ടാം സെമിയിൽ ഏറ്റുമുട്ടുന്ന കുവൈത്ത് ബഹ്റൈനെ ടീമുകളിലെ വിജയിയെ ഫൈനലിൽ ഒമാൻ നേരിടും. ശനിയാഴ്ചയാണ് ഫൈനൽ.ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളികളിൽ രണ്ടു വിജയവും ഒരു സമനിലയും സെമി ഫൈനലിലെ മിന്നും ജയവുമായി തോൽവി അറിയാതെയാണ് ഒമാന്റെ ഫൈനൽ പ്രവേശനം. ഗൾഫ് കപ്പിൽ നേരത്തെ രണ്ടു തവണ ഒമാൻ കിരീടം നേടിയിട്ടുണ്ട്.

Tags:    
News Summary - Arabian Gulf Cup: Oman in final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.