മസ്കത്ത്: രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ മഴ ലഭിച്ചു. മുസന്ദം ഗവർണറേറ്റിലും തെക്കൻ ബാത്തിന, മസ്കത്ത് ഗവർണറേറ്റുകളുടെ തീരപ്രദേശങ്ങളിലുമാണ് ഒറ്റപ്പെട്ട മഴ പെയ്തത്. മഴ കിട്ടിയ പ്രദേശങ്ങളിലെല്ലാം രാവിലെ മുതലേ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉൾഗ്രാമങ്ങളുടെ ചിലയിടങ്ങളിൽ നേരിയ തോതിൽ റോഡിൽ വെള്ളം കയറി.
വടക്കൻ ഗവർണറേറ്റുകളിൽ മേഘാവൃതം തുടരുന്നതിനാൽ വരും ദിവസങ്ങളിൽ ചിതറിയ മഴക്ക് സാധ്യതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് മെറ്റീരിയോളജി അറിയിച്ചു. മഴയെ തുടർന്ന് താപനിലയിൽ വിവിധ പ്രദേശങ്ങളിൽ പ്രകടമായ മറ്റം വന്നിട്ടുണ്ട്. ഞായറാഴ്ച വരെ തണുത്ത കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി ഒമാൻ മെറ്റ് ഓഫിസ് അറിയിച്ചു. മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശനിയാഴ്ചയാണ് തണുപ്പ് ഏറ്റവും കൂടുതൽ കരുത്താർജിക്കുക. ഞായറാഴ്ചയിൽ ഇത് തീവ്രമാകുമെന്നും കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു. പർവത പ്രദേശങ്ങളിൽ ശക്തമായ കാറ്റും വീശിയേക്കും. പൊടി ഉയരുന്നതിനാൽ ദൂരക്കാഴ്ചയേയും ബാധിച്ചേക്കും. കടൽ പ്രക്ഷുബ്ധമാകും.
ഉയർന്ന കാറ്റ്, പ്രക്ഷുബ്ധമായ കടൽ, ദൃശ്യപരത കുറയൽ എന്നിവയിൽ നിന്നുള്ള അപകടസാധ്യതകൾ കാരണം ഈ പ്രദേശങ്ങളിൽ യാത്രക്കാർ ജാഗ്രത പാലിക്കണം.
ശക്തമായ കാറ്റും കടൽക്ഷോഭവുമുള്ള സമയങ്ങളിൽ ഔട്ട്ഡോർ പ്രവർത്തനങ്ങളിൽനിന്ന് വിട്ട് നിൽക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.