മസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പിലെ ഒമാന്റെ മിന്നുംവിജയത്തോടെയുള്ള ഫൈനൽ പ്രവേശനം ആരാധകർക്കുള്ള റെഡ് വാരിയേഴ്സിന്റെ പുതുവത്സര സമ്മാനമായി മാറി. സെമിഫൈനൽ നടന്ന കുവൈത്തിലെ ജാബിർ അൽ മുബാറക് അൽ ഹമദ് സ്റ്റേഡിയത്തിലേക്ക് ഒമാന് പിന്തുണയുമായി പ്രത്യേക വിമാനത്തിലും മറ്റുമായെത്തിയ ആരാധകർ പുതുവത്സരത്തോടൊപ്പം തങ്ങളുടെ ടീമിന്റെ വിജയവും കളറാക്കിയാണ് മടങ്ങിയത്.
മസ്കത്ത് നൈറ്റ്സ് അടക്കമുള്ള വിവിധ ശൈത്യകാല ടൂറിസം പരിപാടികളിലും ഒമാന്റെ മറ്റു ഭാഗങ്ങളിലും വലിയ ആവശേത്തോടെയാണ് സുൽത്താനേറ്റിന്റെ വിജയത്തെ വരവേറ്റത്. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ബഹ്റൈനാണ് എതിരാളികൾ.
ചൊവ്വാഴ്ച നടന്ന രണ്ടാമത്തെ സെമിയിൽ ആതിഥേയരായ കുവൈത്തിനെ ഏകപക്ഷീയമായ ഒരുഗോളിന് തോൽപ്പിച്ചാണ് കലാശക്കളിയിലേക്ക് ബഹ്റൈൻ യോഗ്യത നേടിയത്.
ഗ്രൂപ് ഘട്ടത്തിലെ മൂന്നു കളികളിൽ രണ്ടു വിജയവും ഒരു സമനിലയും സെമി ഫൈനലിലെ മിന്നും ജയവുമടക്കം ഒരു തോൽവിയും അറിയാതെയാണ് ഒമാന്റെ ഫൈനൽ പ്രവേശനം. കഴിഞ്ഞ വർഷം ഇറാഖിലെ ബസറയിൽ നടന്ന കലാശക്കളിയിൽ അവസാന നിമിഷം കൈവിട്ട കരീടം ഇത്തവണ റഷീദ് ജാബിറിന്റെ കുട്ടികൾ സുൽത്താനേറ്റിന്റെ മണ്ണിൽ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ശക്തരായ സൗദിയെ 2-1ന് തകർക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസവുമായിട്ടാണ് കലാശക്കളിയിലേക്ക് ഒമാൻ ഒരുങ്ങുന്നത്. രണ്ടാം പകുതിയിലായിരുന്നു മൂന്നുഗോളുകളും. അർഷാദ് അലാവി, അലി അൽ ബുസൈദി എന്നിവരാണ് ഒമാനുവേണ്ടി വല കുലുക്കിയത്. സൗദിയടെ ആശ്വാസഗോൾ മുഹമ്മദ് കന്നോയിയുടെ വകയായിരുന്നു.
പന്തടക്കത്തിലും കളിമികവിലും എതിരാളികൾ ആധിപത്യം പുലർത്തിയെങ്കിലും അവസാന നിമിഷംവരെ ഉറച്ച മനഃസാന്നിധ്യത്തോടെയുള്ള പോരാട്ടമാണ് ഒമാനെ വിജയവഴിയിൽ എത്തിച്ചത്.
എതിർതാരത്തെ ഫൗൾ ചെയ്തതിന് റെഡ് കാർഡ് കിട്ടിയതോടെ ഒമാൻ താരം അൽമന്ദർ റാബിയ സഈദ് അൽ അലാവിക്ക് 32ാം മിനിറ്റിൽ പുറത്തുപോകേണ്ടി വന്നത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്ക ആരാധകർക്കുണ്ടായിരുന്നു. എന്നാൽ, ശക്തമായ പ്രതിരോധ കോട്ട കെട്ടി വളരെ വിദഗ്ധമായി സൗദി ആക്രമണത്തെ ഒമാൻ തടഞ്ഞിട്ടു.
കഴിഞ്ഞ കളിയിലെ ഹീറോയായിരുന്ന മുഖൈനിക്ക് പകരമായി ഇറങ്ങിയ ഗോളി ഫായിസ് അൽ റുഷൈദിയും തന്റ ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചതോടെ ഒമാനെ വളരെ വേഗത്തിൽ കീഴ്പ്പെടുത്താമെന്നുളള സൗദിയുടെ തന്ത്രം ഫലിക്കാതെ പോകുകയായിരുന്നു.
വരുംദിവസങ്ങളിൽ പരിശീലനം ഊർജിതമാക്കി ഫൈനലിലേക്കുള്ള തയാറെടുപ്പിനൊരുങ്ങുകയാണ് ഒമാൻ.
മഹത്തായ ചരിത്രവും മികച്ച കളിക്കാരും അടങ്ങിയ സൗദിയെ കീഴ്പ്പെടുത്തി ഫൈനലിൽ എത്താൻ കഴിഞ്ഞത് സന്തോഷമുണ്ടെന്ന് മത്സരശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ ഒമാൻ കോച്ച് റഷീദ് ജാബിർ പറഞ്ഞു. ബുദ്ധിമുട്ടേറിയ മത്സരത്തിലും കളിക്കാർ മികച്ച പ്രകടനമാണ് നടത്തിയത്. അതിന് ഞാൻ അവരോട് നന്ദി പറയുകയാണ്. കളിക്കാരുടെ ശ്രദ്ധ അവസാനംവരെ നിലനിർത്താൻ കഴിഞ്ഞു. പോരായ്മകൾക്കിടയിലും കടന്നുപോകാനുള്ള ഞങ്ങളുടെ കഴിവിനെക്കുറിച്ച് ഹാഫ്ടൈമിൽ കളിക്കാരോട് സംസാരിച്ചിരുന്നെന്നും അദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.