മസ്കത്ത്: സൂപ്പർ മൂണിന് പിന്നാലെ ആകാശവിസ്മയങ്ങളിലൊന്നായ ഉൽക്കവർഷം ഈയാഴ്ച ദൃശ്യമാകും. മുൻകാലങ്ങളിൽ കാണാത്ത തെളിമയിൽ പ്രകൃതി പ്രതിഭാസം വീക്ഷിക്കാനാവുമെന്നാണ് ഇത്തവണ അനുമാനിക്കപ്പെടുന്നത്. ആഗസ്റ്റ് 12നും 13നും ചന്ദ്രൻ വളരെ നേർത്തതായിരിക്കുന്നതിനാൽ ഇരുണ്ട ആകാശത്ത് ഉൽക്കവർഷം വ്യക്തമായി കാണാനാകും. ഓരോ മണിക്കൂറിലും 90-100 ഉൽക്കകൾ ഈ ദിവസങ്ങളിലുണ്ടാകും. പ്രഭാതത്തോട് അടുക്കുന്തോറും ഉൽക്കാവർഷത്തിന്റെ നിരക്ക് കൂടുമെന്നും ഒമാൻ ജ്യോതിശാസ്ത്ര സൊസൈറ്റിയിലെ സാലിം അൽ ഫാരിസി പറയുന്നു.
ജ്യോതിശാസ്ത്രപരമായ ഉപകരണങ്ങളൊന്നും ആവശ്യമില്ലാതെ തന്നെ കാണാനാവുന്ന പ്രതിഭാസമാണ് ഉൽക്കാവർഷം. വീടിന്റെ മേൽക്കൂരയിൽ നിന്നും മറ്റും നിരീക്ഷിക്കാം. എന്നാൽ നഗരവിളക്കുകൾ തെളിഞ്ഞുനിൽക്കുന്ന സ്ഥലങ്ങളിൽ ഇത് കാണാനാവില്ല. എങ്കിലും പ്രകാശം നിറഞ്ഞ സ്ഥലങ്ങളിൽ ഓരോ മണിക്കൂറിലും അഞ്ച് ഉൽക്കകൾ കാണാനാവും.
മരുഭൂമിയോ അല്ലെങ്കിൽ നഗരങ്ങളിൽനിന്ന് വളരെ അകലെയുള്ള ഗ്രാമങ്ങളോ നിരീക്ഷണത്തിന് തിരഞ്ഞെടുത്താൽ 100 വരെ ഉൽക്കകൾ മണിക്കൂറിൽ വ്യക്തമായ രൂപത്തിൽ കാണാനാകും. അറബ് ലോകത്ത് ദൃശ്യമാകുന്ന ഉൽക്കമഴകളിൽ പ്രധാനപ്പെട്ട പെർസീഡ്സ് ആണ് അടുത്ത ആഴ്ചയിൽ വിരുന്നെത്തുന്നത്. ഈ വർഷത്തെ ഏറ്റവും വിസ്മയിപ്പിക്കുന്ന ഉൽക്കാവർഷം പ്രതീക്ഷിക്കുന്ന ആഗസ്റ്റ് 12ന് വിവിധ അറബ് രാജ്യങ്ങളിൽ ആകാശ നിരീക്ഷകർ വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. അതിവേഗത്തിൽ തിളക്കമുള്ള ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിൽ സഞ്ചരിക്കുന്ന കാഴ്ചയാണ് ദൃശ്യമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.