മസ്കത്ത്: ദാഖിറ ഗവർണറേറ്റിലെ ഇബ്രിയിലെ ബാത്ത് പുരാവസ്തു സൈറ്റിൽ 5000ത്തിലധികം വർഷങ്ങൾക്ക് മുമ്പ് ജനവാസമുണ്ടായിരുന്നുവെന്നതിന് തെളിയിക്കുന്ന നിരവധി തെളിവുകൾ ഗവേഷകർ കണ്ടെത്തി. ബി.സി 2600-2000നുമിടയിൽ ഏറെ ജനങ്ങൾ ജീവിച്ചുവെന്നതിനുള്ള തെളിവുകളാണ് ഗവേഷകർക്ക് ലഭിച്ചത്. ഈ കാലഘട്ടത്തെ ഉമ്മുന്നാർ കാലഘട്ടം എന്നാണ് ഗവേഷകർ പേരിട്ടിരിക്കുന്നത്. അബൂദബിയിലും ഒമാന്റെ ചില ഭാഗങ്ങളിലും ഉമ്മുന്നാർ വിഭാഗം ദീർഘകാലം താമസിച്ചിരുന്നു. പുരാതന ചരിത്രത്തിൽ വെങ്കല കാലഘട്ടം എന്നാണ് ഈ കാലം അറിയപ്പെടുന്നത്. വാദിക്ക് അഭിമുഖമായി മലഞ്ചെരിവുകളിലെ നിരവധി വീടുകൾ പുരാവസ്തു സൈറ്റിലുണ്ട്. ബാത്ത് സൈറ്റിന്റെ തെക്കുകിഴക്കായി മറ്റൊരു പുരാവസ്തു കേന്ദ്രവും കണ്ടെത്തി. ഇവിടെ ദീർഘകാലം മഴ വെള്ളം കെട്ടിക്കിടന്നതിനും തെളിവുകളുണ്ട്. ഈ വീടുകളെല്ലാം ഒറ്റനോട്ടത്തിൽ ഒരേപോലെ തോന്നും.
ഈ പുരാതന അധിവാസ കേന്ദ്രത്തിൽനിന്ന് പുരാതന കാലത്തെ അടുപ്പുകൾ, ചൂളകൾ എന്നിവയും കുഴിച്ചെടുത്തിട്ടുണ്ട്. ഉമ്മുന്നാർ കലഘട്ടത്തിൽ ജനങ്ങൾ എങ്ങനെയാണ് ജീവിച്ചതെന്നും ബാത്ത് മേഖലയെ ആയിരത്തോളം വർഷം എങ്ങനെ സമ്പുഷ്ഠമാക്കിയെന്നും മനസ്സിലാക്കാൻ ഈ തെളിവുകൾ ഏറെ സഹായിക്കുമെന്നും ഗവേഷകർ വിശ്വസിക്കുന്നു. ദാഖിറ ഗവർണറ്റേിലെ അൽ ഖത്തം, അൽഐൻ എന്നിവിടങ്ങളിൽ പരന്നുകിടക്കുന്ന ബാത്ത് പുരാവസ്തു സൈറ്റ് 1988ലെ ലോക പുരാവസ്തു പട്ടികയിൽ ഇടംപിടിച്ചിരുന്നു. ബി.സി 3000ൽ തന്നെ ഇവിടെ ഇത് വലിയ ആവാസകേന്ദ്രമായിരുന്നു. ഈ കാലഘട്ടത്തിലെ നിരവധി ടവറുകൾ, ശവകുടീരങ്ങൾ എന്നിവയുടെ അവശിഷ്ടങ്ങൾ ഇവിടെനിന്ന് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.