ഉമ്മുന്നാർ കാലഘട്ടത്തിലെ ജനവാസ തെളിവുമായി 'ബാത്ത്'
text_fieldsമസ്കത്ത്: ദാഖിറ ഗവർണറേറ്റിലെ ഇബ്രിയിലെ ബാത്ത് പുരാവസ്തു സൈറ്റിൽ 5000ത്തിലധികം വർഷങ്ങൾക്ക് മുമ്പ് ജനവാസമുണ്ടായിരുന്നുവെന്നതിന് തെളിയിക്കുന്ന നിരവധി തെളിവുകൾ ഗവേഷകർ കണ്ടെത്തി. ബി.സി 2600-2000നുമിടയിൽ ഏറെ ജനങ്ങൾ ജീവിച്ചുവെന്നതിനുള്ള തെളിവുകളാണ് ഗവേഷകർക്ക് ലഭിച്ചത്. ഈ കാലഘട്ടത്തെ ഉമ്മുന്നാർ കാലഘട്ടം എന്നാണ് ഗവേഷകർ പേരിട്ടിരിക്കുന്നത്. അബൂദബിയിലും ഒമാന്റെ ചില ഭാഗങ്ങളിലും ഉമ്മുന്നാർ വിഭാഗം ദീർഘകാലം താമസിച്ചിരുന്നു. പുരാതന ചരിത്രത്തിൽ വെങ്കല കാലഘട്ടം എന്നാണ് ഈ കാലം അറിയപ്പെടുന്നത്. വാദിക്ക് അഭിമുഖമായി മലഞ്ചെരിവുകളിലെ നിരവധി വീടുകൾ പുരാവസ്തു സൈറ്റിലുണ്ട്. ബാത്ത് സൈറ്റിന്റെ തെക്കുകിഴക്കായി മറ്റൊരു പുരാവസ്തു കേന്ദ്രവും കണ്ടെത്തി. ഇവിടെ ദീർഘകാലം മഴ വെള്ളം കെട്ടിക്കിടന്നതിനും തെളിവുകളുണ്ട്. ഈ വീടുകളെല്ലാം ഒറ്റനോട്ടത്തിൽ ഒരേപോലെ തോന്നും.
ഈ പുരാതന അധിവാസ കേന്ദ്രത്തിൽനിന്ന് പുരാതന കാലത്തെ അടുപ്പുകൾ, ചൂളകൾ എന്നിവയും കുഴിച്ചെടുത്തിട്ടുണ്ട്. ഉമ്മുന്നാർ കലഘട്ടത്തിൽ ജനങ്ങൾ എങ്ങനെയാണ് ജീവിച്ചതെന്നും ബാത്ത് മേഖലയെ ആയിരത്തോളം വർഷം എങ്ങനെ സമ്പുഷ്ഠമാക്കിയെന്നും മനസ്സിലാക്കാൻ ഈ തെളിവുകൾ ഏറെ സഹായിക്കുമെന്നും ഗവേഷകർ വിശ്വസിക്കുന്നു. ദാഖിറ ഗവർണറ്റേിലെ അൽ ഖത്തം, അൽഐൻ എന്നിവിടങ്ങളിൽ പരന്നുകിടക്കുന്ന ബാത്ത് പുരാവസ്തു സൈറ്റ് 1988ലെ ലോക പുരാവസ്തു പട്ടികയിൽ ഇടംപിടിച്ചിരുന്നു. ബി.സി 3000ൽ തന്നെ ഇവിടെ ഇത് വലിയ ആവാസകേന്ദ്രമായിരുന്നു. ഈ കാലഘട്ടത്തിലെ നിരവധി ടവറുകൾ, ശവകുടീരങ്ങൾ എന്നിവയുടെ അവശിഷ്ടങ്ങൾ ഇവിടെനിന്ന് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.