മസ്കത്ത്: കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബജറ്റുമായി ബന്ധപ്പെട്ട് പ്രവാസ ലോകത്ത് സമ്മിശ്ര പ്രതികരണം. കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാസൂചിക നൽകുന്നതാണ് ബജറ്റെന്ന് ഇടതുപക്ഷ അനൂകൂല സംഘടനകൾ അഭിപ്രായപ്പെട്ടു. പശ്ചാത്തല സൗകര്യ വികസനം, കൃഷി, വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, നിക്ഷേപം തുടങ്ങി മേഖലകളിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾ സംസ്ഥാനത്തിന്റെ വികസനത്തിന് മുതൽകൂട്ടാകുമെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, നികുതി വർധനയടക്കമുള്ള നിർദേശങ്ങൾ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നതാണെന്നാണ് പ്രതിപക്ഷ അനുകൂല സംഘടനകൾ പറയുന്നത്. ബജറ്റിൽ പ്രവാസികൾക്കായി വകയിരുത്തിയിട്ടുള്ളത് നാമമാത്രമായ ഫണ്ടുകൾ മാത്രമാണെന്നും ഇവതന്നെ എത്രത്തോളം ഉപയോഗപ്രദമായിരിക്കുമെന്ന് സാമൂഹിക സംഘടനകളും സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നു.
മസ്കത്ത്: ഖജനാവിലെ മുഖ്യ വരുമാന സ്രോതസ്സായ മിനിമം നികുതി സ്വരൂപിക്കുന്നതിൽ പരാജയപ്പെട്ട സർക്കാർ ഇപ്പോൾ അശാസ്ത്രീയമായ രീതിയിൽ നികുതി ഭാരം സാധാരണക്കാരുടെ തലയിൽ അടിച്ചേൽപിക്കുകയാണ് പുതിയ ബജറ്റ് പ്രഖ്യാപനത്തിൽ ചെയ്തിരിക്കുന്നതെന്ന് സേവ് ഒ.ഐ.സി.സി ഒമാൻ ദേശീയ പ്രസിഡന്റ് അനീഷ് കടവിൽ പറഞ്ഞു. നികുതിയടക്കാൻ പാകത്തിന് സാധാരണ ജനത്തിന്റെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള പദ്ധതികൾക്ക് പകരം അവശ്യ സാധനങ്ങളിൽ കൂടുതൽ നികുതി ഏർപ്പെടുത്തി, സർക്കാറിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാനുള്ള കുറുക്കുവഴിയാണ് തേടുന്നത്.
കൂട്ടുന്ന നികുതിയുടെ ചെറിയൊരംശം പോലും ജനങ്ങൾക്ക് തിരിച്ചുകൊടുക്കുന്ന ‘ക്ഷേമ പെൻഷൻ വർധന’ പോലുള്ള ഒരു പ്രഖ്യാപനവും ബജറ്റിൽ ഇല്ല. ചുരുക്കത്തിൽ സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കുകയും മറുവശത്ത് അതിന്റെ പേരിൽ പിടിച്ചുപറിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. ഇതിന്റെയൊക്കെ പരിണിത ഫലമായി വ്യാപക വിലക്കയറ്റത്തിലേക്കാണ് സംസ്ഥാനം പോകുക. കോടികളുടെ പ്രഖ്യാപനങ്ങൾ അല്ലാതെ മടങ്ങിപ്പോകുന്ന പ്രവാസികളുടെ കൈയിലേക്ക് എന്തെങ്കിലും ആനുകൂല്യങ്ങൾ കിട്ടുന്ന ഒരു പദ്ധതിപോലും നടപ്പാക്കിക്കണ്ടിട്ടില്ല. ഒട്ടും ശുഭപ്രതീക്ഷ നൽകാത്തതാണ് ബജറ്റെന്നും അദ്ദേഹം പറഞ്ഞു.
മസ്കത്ത്: കേരള ജനതയുടെ മേൽ മറ്റൊരു ദുരന്തമായി മാറിയിരിക്കുകയാണ് സംസ്ഥാന ബജറ്റെന്ന് ഒ.ഐ.സി.സി ഒമാൻ ദേശീയ പ്രസിഡന്റ് സജി ഔസേഫ് പ്രസ്താവനയിൽ പറഞ്ഞു. പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിച്ച് അധികാരത്തിൽ വന്ന പിണറായി സർക്കാർ, സൗജന്യമായി കൊടുത്ത കിറ്റിന്റെ പലിശയും കൂട്ടുപലിശയും അവരിൽനിന്നുതന്നെ ഈടാക്കുകയാണ്. പകൽകൊള്ളയും പിടിച്ചുപറിയുമാണ് ഈ ബജറ്റിന്റെ മുഖമുദ്ര.
മദ്യത്തിന് വില കൂട്ടിയതിലൂടെ വലിയൊരു സാമൂഹിക വിപത്തിനാണ് കേരളം സാക്ഷ്യംവഹിക്കാൻ പോകുന്നത്. വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വർധിപ്പിക്കാനുതകുന്ന ഇത്തരം അധാർമികമായ നിലപാടുകൾ ഒരു ജനാധിപത്യ സർക്കാറിന് ഭൂഷണമല്ല. പ്രവാസികളെ തിരഞ്ഞുപിടിച്ച് ദ്രോഹിക്കുന്ന പതിവ് പരിപാടിയിൽ മാറ്റം വരുത്താതിരിക്കാൻ, അടഞ്ഞുകിടക്കുന്ന വീടുകൾക്കും പ്രത്യേക നികുതി ഏർപ്പെടുത്തിയതിലൂടെ സർക്കാർ ജാഗ്രത കാണിച്ചു. കേരളം കടക്കെണിയിലല്ലെന്ന സർക്കാറിന്റെ നിർലജ്ജമായ നിലപാട് മലയാളികളുടെ മനോനിലയെ വെല്ലുവിളിക്കലാണെന്നും സജി ഔസേഫ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
മസ്കത്ത്: ജനകീയ മാജിക്കാവും സംസ്ഥാന ബജറ്റിലുണ്ടാവുക എന്നുപറഞ്ഞ് കേരളത്തിലെ ജനത്തിന് ഇടത് സർക്കാർ നൽകിയത് നടുവൊടിക്കുന്ന വിലവർധനയും നിരാശയും മാത്രമാണെന്ന് പ്രവാസി വെൽഫെയർ കേന്ദ്ര കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. അനിയന്ത്രിതമായ വിലക്കയറ്റത്തിന് സാഹചര്യം സൃഷ്ടിച്ചുകൊണ്ട് വിപണി നിയന്ത്രണം എന്ന പേരിൽ 2000 കോടി വകയിരുത്തി ജനത്തെ പരിഹസിക്കുകയാണ്. സാമൂഹിക ക്ഷേമ പദ്ധതികളിൽ ഒരു വർധനയും നൽകാതെ സമ്പൂർണമായ മൗനമാണ് പുലർത്തിയിരിക്കുന്നത്.
ബജറ്റിൽ പ്രവാസികൾക്കായി വകയിരുത്തിയിട്ടുള്ള നാമമാത്രമായ ഫണ്ടുകൾ എത്രമാത്രം ഉപയോഗപ്രദമായിരിക്കും എന്ന് കണ്ടറിയേണ്ടതുണ്ട്. എ.കെ.ജി മ്യൂസിയത്തിന് ആറുകോടി കണ്ടെത്തിയ സർക്കാർ ലക്ഷക്കണക്കിന് പ്രവാസികളുടെ യാത്രചെലവ് കുറക്കാൻ ഇടപെടുന്നതിനുവേണ്ടി കോർപസ് ഫണ്ടായി കണ്ടെത്തിയിരിക്കുന്നത് വെറും 15 കോടിയാണ്. ഓരോ വർഷവും ശതകോടി ഡോളറുകൾ വിദേശത്തുനിന്നും കേരളത്തിലേക്ക് അയക്കുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന് കണ്ടെത്തിയത് വെറും 50 കോടിയും.
ഒരു വശത്ത് പ്രവാസികൾ കേരളത്തിന്റെ നട്ടെല്ലാണെന്ന് പറയുകയും മറുവശത്ത് അവരെ കറവപ്പശുക്കളാക്കുകയും അവഗണിക്കുകയും ചെയ്യുകയാണ് കേരള സർക്കാർ. യോഗത്തിൽ പ്രസിഡന്റ് കെ. മുനീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സാജിദ് റഹ്മാൻ, സെക്രട്ടറി അസീബ് മാള, റിയാസ് വളവന്നൂർ, സനോജ് മട്ടാഞ്ചേരി, അലിമീരാൻ, താഹിറ നൗഷാദ്, ഫാത്തിമ ജമാൽ എന്നിവർ സംസാരിച്ചു.
മസ്കത്ത്: പ്രവാസി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതും കേരള വികസനത്തിന് ദിശാബോധം നൽകുന്നതുമാണ് കഴിഞ്ഞദിവസം ധനകാര്യ മന്ത്രി അവതരിപ്പിച്ച ബജറ്റെന്ന് കൈരളി ഒമാൻ അഭിപ്രായപ്പെട്ടു. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവര്ക്ക് ആവശ്യമായ നൈപുണ്യവികസന പദ്ധതികള് ആവിഷ്കരിച്ച് നടപ്പാക്കുന്നതിനും 100 തൊഴിൽദിനങ്ങൾ നൽകുന്നതിനുമെല്ലാം ഉൾപ്പെടെ പ്രവാസി വിഷയങ്ങളിൽ മുന്തിയ പരിഗണനയാണ് ബജറ്റിൽ നൽകിയിട്ടുള്ളത്.
ഇതിനായി വിവിധ പദ്ധതികളില് കോടിക്കണക്കിന് രൂപയാണ് വകയിരുത്തിയത്. പശ്ചാത്തല സൗകര്യ വികസനം, കൃഷി, വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, നിക്ഷേപം തുടങ്ങിയ സമസ്ത മേഖലകളിലും പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾ കേരളത്തിന്റെ നിലവിലുള്ള വികസനക്കുതിപ്പിന് ആക്കം കൂട്ടും. ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ, ശാസ്ത്ര സാങ്കേതിക മേഖലക്കൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പശ്ചാത്തല സൗകര്യ വികസനത്തിനും കൃഷിക്കും ആരോഗ്യത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമെല്ലാമുള്ള ഊന്നൽ ഈ ബജറ്റിന്റെ സവിശേഷതകളാണ്.
അധികാര വികേന്ദ്രീകരണത്തെ കൂടുതൽ സാർഥകമാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നുണ്ട്.വിലക്കയറ്റം നേരിടാൻ നീക്കിവെച്ച 2000 കോടി രൂപയും കേന്ദ്രം അവഗണിച്ച റബർ കർഷകരെ സഹായിക്കാനായി 600 കോടി രൂപ സബ്സിഡിയായി അനുവദിച്ചതും സർക്കാറിന്റെ നിശ്ചയദാർഢ്യത്തെ കാണിക്കുന്നതാണെന്നും കൈരളി ഒമാൻ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.
മസ്കത്ത്: പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ നൽകുന്നതാണ് ബജറ്റെന്ന് പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ പി.എം. ജാബിർ പറഞ്ഞു. പ്രവാസി പദ്ധതികൾക്കായി കൂടുതൽ തുക നീക്കിവെച്ചിട്ടുണ്ട്. തിരിച്ചെത്തിയ പ്രവാസികൾക്കും മറ്റും സഹായം നൽകുന്നതിനായി സാന്ത്വനം പദ്ധതിയിൽ കൂടുതൽ തുക അനുവദിച്ചത് പ്രതീക്ഷ നൽകുന്നതാണ്. വിമാനക്കൊള്ളയെ നിയന്ത്രിക്കുന്നതിനായി 15 കോടിയുടെ കോർപസ് ഫണ്ട് ഉണ്ടാക്കിയെന്നുള്ളതും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്നാണ്. ഇതിന്റെ പ്രവർത്തനം വരും ദിവസങ്ങളിലേ അറിയാൻ കഴിയുകയുള്ളൂവെങ്കിലും പ്രവാസികളുടെ യാത്രദുരിതം പരിഹരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായി ഇത് മാറുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.