മസ്കത്ത്: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 60 പേർക്കാണ് കോവിഡ് പിടിപെട്ടത്. വ്യാഴം 24, വെള്ളി 22, ശനി 14 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിൽ രോഗം ബാധിച്ചത്. 3,04,843 ആളുകൾക്ക് ഇതുവരെ കോവിഡ് പിടിപെട്ടു. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 69 പേർ രോഗമുക്തമാകുകയും ചെയ്തു. ഇതോടെ മഹാമാരി ഭേദമായവരുടെ എണ്ണം 3,00,191 ആയി. 98.5 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരെയും പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. നിലവിൽ ഒമ്പതുപേരാണ് ആശുപത്രിയിൽ കഴിയുന്നത്. രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4113 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം, പുതിയ മരണങ്ങൾ ഒരുമാസത്തിനിടെ റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസമാണ്. എന്നാൽ, കോവിഡ് കേസുകളുടെ നേരിയ വർധന ആശങ്കയുണ്ടാക്കുന്നതാണ്. ഈ മാസത്തിൽ വാരാന്ത്യ അവധി കഴിഞ്ഞുള്ള മൂന്നു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. ഇതിനുമുമ്പ് വാരാന്ത്യ അവധി കഴിഞ്ഞുള്ള ഡിസംബർ 12ന് 35ഉം ഡിസംബർ അഞ്ചിന് 22 കേസുകളുമായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നു. ഒക്ടോബർ 31നാണ് ഇതിനുമുമ്പ് രാജ്യത്ത് 50നുമുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രാജ്യത്ത് വിദേശത്തുനിന്നെത്തിയ രണ്ടു സ്വദേശികൾക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ലഭ്യമായ വാക്സിനുകൾ ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ പാലിക്കാൻ പൗരന്മാരും താമസക്കാരും തയാറാകണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ പള്ളികളിലും ഹാളുകളിലും വിവാഹ-മരണാനന്തര ചടങ്ങുകളും മറ്റും ആളുകൾ സംഘടിപ്പിക്കുന്നത് ദിവസങ്ങൾക്കുമുമ്പ് ചേർന്ന കോവിഡ് അവലോകന സുപ്രീംകമ്മിറ്റി വിലക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.