മസ്കത്ത്: ഒമാനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചതോടെ നാടും നഗരവും ആഘോഷപ്പൊലിമയിലേക്കു നീങ്ങുന്നു. ശനിയാഴ്ച മുതൽ ദുൽഹജ്ജ് ആരംഭിച്ചതോടെ പെരുന്നാൾ ഗന്ധം പടരാൻ തുടങ്ങിയിരുന്നു. ഒമാനിലെ മസ്ജിദുകളിൽ കഴിഞ്ഞ വെള്ളിയാഴ്ച ദുൽഹജ്ജ് മാസത്തിന്റെ സവിശേഷതകളായിരുന്നു പ്രസംഗങ്ങളിലെ വിഷയം. പെരുന്നാളിന്റെ ഭാഗമായി ഈദ് ഗാഹിന്റെ ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
മലയാളി ഈദ്ഗാഹിന്റെ ഭാഗമായി കമ്മിറ്റികൾ രൂപവത്കരിക്കുകയും മൈതാനങ്ങൾ ഒരുക്കുന്നതടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. പെരുന്നാൾ പ്രഭാഷണം നടത്തുന്നവരെ നിശ്ചയിക്കുന്നതടക്കമുള്ളവയും നടക്കുന്നുണ്ട്. നാട്ടിൽനിന്നുള്ള പ്രമുഖർ പെരുന്നാൾ പ്രഭാഷണത്തിന് ഈ വർഷവുമെ ത്തുന്നുണ്ട്. പ്രമുഖ പ്രഭാഷകനായ സലീം മമ്പാട് അടക്കമുള്ളവർ ഇതിലുൾപ്പെടും.
എന്നാൽ ഒമാനിൽ അനുഭവപ്പെടുന്ന കടുത്തചൂട് ഈദ്ഗാഹുകളെ ബാധിക്കും. ഒമാനികളുടെ ഈദ്ഗാഹുകൾ ഇത്തവണം കുറയും. പലയിടങ്ങളിലും പെരുന്നാൾ നമസ്കാരം മസ്ജിദുകളിലായിരിക്കും നടക്കുക. കന്നുകാലിചന്തകളിലാണ് ബലിപെരുന്നാൾ ദിവസത്തിൽ ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്നത്. ഒമാനിലെ വിവിധ ഇടങ്ങളിൽ കന്നുകാലി ചന്തകളുണ്ട്. ആടുകളും മാടുകളും ഇവിടെ വിൽപനക്കെത്തുന്നുണ്ട്.
വീടുകളിൽ വളർത്തിയ ആടുകൾക്കും മാടുകൾക്കും ആവശ്യക്കാർ കൂടുതലാണ്. ഇത്തരം ബലി മൃഗങ്ങൾക്കാണ് ഡിമാന്റും വിലയുമൊക്കെ യുണ്ടാവുക. ഫാമുകളിൽ വളർത്തുന്ന ബലി മൃഗങ്ങളും വിൽപനക്കെത്തുന്നുണ്ട്. ബ്രസീലടക്കമുള്ള വിവിധ വിദേശ രാജ്യങ്ങളിൽനിന്ന് ആടുകൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത്തരം ബലി മൃഗങ്ങൾക്ക് പൊതുവെ വില കുറവാണ്.
ബലിപെരുന്നാളിന്റെ ഭാഗമായി സൂഖുകളിലും വ്യാപാരസ്ഥാപനങ്ങളിലും തിരക്കു വർധിച്ചിട്ടുണ്ട്. കടുത്ത ചൂട് അവഗണിച്ചും കുട്ടികളും കുടുംബങ്ങളും സൂഖുകളിലിറങ്ങുന്നുണ്ട്. ഉപഭോക്താക്കളെ ആകർഷിക്കാൻ വ്യാപാര സ്ഥാപനങ്ങൾ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
വസ്ത്രങ്ങൾക്കും ഭക്ഷ്യവിഭവങ്ങൾക്കുമാണ് ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കുന്നത്. പെരുന്നാളിനോടനുബന്ധിച്ച് പെരുന്നാൾ ഉൽപന്നങ്ങളും വിപണിയിലെത്താൻ തുടങ്ങി.
കടുത്ത ചൂടായതിനാൽ പഴവർഗങ്ങൾക്കായിരിക്കും ആവിശ്യക്കാർ കൂടുതൽ. അതിനാൽ പഴവർഗങ്ങൾ ധാരാളമായി വിപണിയിലെത്തിയതായി സൂഹൂൽ അൽ ഫൈഹ മാനേജിഡ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു. ഈ പെരുന്നാൾ എല്ലാതരം പഴവർഗങ്ങളും സുലഭാമായി കിട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മുന്തിരി, ഓറഞ്ച്, ആപ്രിക്കോട്ട്, നെട്രിൻ, പീച്ചസ്, ചെറി, തുടങ്ങിയ പഴവർഗങ്ങളുടെയും സീസണാണെന്നും ഇവ കുറഞ്ഞ വലിക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെയും പാകിസ്താനിന്റെയും മാങ്ങകളും വിപണിയിൽ സുലഭമായിയെത്തിയിട്ടുണ്ട്.
ഇത്തരം മാങ്ങകളുടെയും സീസൺ ആരംഭിച്ചതോടെ കുറഞ്ഞ വിലക്ക് നല്ല മാങ്ങകൾ ലഭിക്കാനും തുടങ്ങിയിട്ടുണ്ട്. സ്കൂൾ അവധികൂടി ആരംഭിക്കുന്നതോടെ പെരുന്നാൾ പൊലിമ ഇനിയും വർധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.