മസ്കത്ത്: രാജ്യത്തെ കോവിഡ് കേസുകളുടെ വ്യാപന തോത് നിയന്ത്രണവിധേയമാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 13,134 ആളുകൾക്കാണ് രോഗം ഭേദമായത്. എന്നാൽ, മഹാമാരി പിടിപെട്ടതാകട്ടെ 7,958 പേർക്കും. 13 പേർ മരിക്കുകയും ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഏറ്റവും കൂടുതൽ ആളുകൾ രോഗമുക്തി നേടിയത് പ്രതിവാര അവധി കഴിഞ്ഞുള്ള ഫെബ്രുവരി 20നായിരുന്നു. 6391 ആളുകൾക്കാണ് അന്ന് അസുഖം ഭേദമായത്. കുറവ് രോഗമുക്തി നേടിയതാകട്ടെ 22നും. 1,312 പേർക്കാണ് അസുഖം ഭേദമായത്.
ഈ മാസം 10 മുതൽ പ്രതിദിന കോവിഡ് ബാധിതരേക്കാൾ ഉയർന്നതാണ് രോഗമുക്തരാകുന്നവരുടെ നിരക്ക്. ഇത് പ്രതീക്ഷ നൽകുന്ന ഘടകമാണെന്നാണ് ആരോഗ്യ മേഖലയിലുള്ളവർ പറയുന്നത്. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ പ്രതിദിന നിരക്ക് ആഴ്ചകൾക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്. 696 പേർക്കാണ് വ്യാഴാഴ്ച കോവിഡ് ബാധിച്ചത്. ഇതിന് മുമ്പ് ഏറ്റവും കുറഞ്ഞ രോഗനിരക്ക് രേഖപ്പെടുത്തിയിരുന്നത് ജനുവരി 10നാണ്. 539 ആളുകൾക്കായിരുന്നു അന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ജനുവരി പകുതിയോടെ തുടങ്ങിയ കോവിഡ് കുതിപ്പിനാണ് ഇപ്പോൾ ആശ്വാസം വന്നിരിക്കുന്നത്. പ്രതിദിന കേസുകർ പലപ്പോഴും രണ്ടായിരത്തിന് മുകളിൽവരെ എത്തിയിരുന്നു. ഒപ്പം ആശുപത്രിവാസവും മരണവും വർധിച്ചത് ആശങ്കക്കിടയാക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു ദിവസങ്ങളും മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതും ആശ്വാസം നൽകുന്ന കാര്യമാണ്. ജനുവരി 19ന് ശേഷം ആദ്യമായിട്ടാണ് ഒരു കോവിഡ് മരണമെങ്കിലും റിപ്പോർട്ട് ചെയ്യാതെ കടന്നുപോകുന്നത്. ഇതിന് മുമ്പുള്ള ആഴ്ചയിൽ 30 പേരാണ് മരിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ഒരാഴ്ചക്കിടെ 13 പേരുടെ ജീവൻ മാത്രമാണ് പൊലിഞ്ഞത്.
ഏറ്റവും കൂടുതൽ ആളുകൾ മരിച്ചിരിക്കുന്നത് ഫെബ്രുവരി 20നാണ്. പ്രതിവാര അവധി കഴിഞ്ഞുള്ള അന്ന് ആറുപേരാണ് മരിച്ചിരുന്നത്. ആശുപത്രിവാസവും കുറഞ്ഞിട്ടുണ്ട്. നിലവിൽ 270 ആളുകളാണ് രാജ്യത്ത് മഹാമാരി പിടിപെട്ട് ആശുപത്രിയിൽ കഴിയുന്നത്. ദിനേന നൂറുകണക്കിന് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിൽ കഴിഞ്ഞ കുറച്ചു നാളുകളായി 60ന് താഴെ മാത്രമാണ് രോഗികൾ.
അധികൃതർ സ്വീകരിച്ച നടപടികളാണ് കോവിഡ് വ്യാപനം കുറക്കാൻ സഹായകമായതെന്ന് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. ജുമുഅ അടക്കം നിരോധിച്ച് ജനങ്ങളുടെ ഒത്തുചേരൽ പരമാവധി അധികൃതർ ഒഴിവാക്കുകയായിരുന്നു. ഒപ്പം വിവിധ ഗവർണറേറ്റുകൾ വാക്സിൻ നടപടികൾ ഊർജിതമാക്കുകയും ചെയ്തു. മസ്കത്തടക്കമുള്ള ഗവർണറേറ്റുകളിൽ മൊബൈൽ വാക്സിനേഷൻ ക്യാമ്പുകളും പുരോഗമിക്കുന്നുണ്ട്. കോവിഡ് കേസുകൾ കുറഞ്ഞു തുടങ്ങിയതോടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് സുപ്രീം കമ്മിറ്റി ഇളവ് നൽകിയിട്ടുണ്ട്. 70 ശതമാനം ആളുകളെ പങ്കെടുപ്പിച്ച് സെമിനാറുകളും എക്സിബിഷനുകളും മറ്റും നടത്താമെന്നാണ് പറഞ്ഞിരിക്കുന്നത്. അതേസമയം, ഇവിടെ കോവിഡ് വാക്സിനടക്കമുള്ള മാനദണ്ഡങ്ങൾ പാലിച്ചെത്തുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കാൻ പാടുള്ളൂ എന്നും നിർദേശിച്ചിട്ടുണ്ട്.
കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും ജാഗ്രത കൈവിടരുതെനാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. സാമൂഹിക അകലം പാലിക്കുക, മാസ്ക് ശരിയായ രീതിയിൽ ധരിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നിരന്തരം വൃത്തിയാക്കുക, മുഖം, മൂക്ക്, വായ്, കണ്ണുകൾ എന്നിവ അനാവശ്യമായി സ്പർശിക്കുന്നത് ഒഴിവാക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും ആരോഗ്യകരമായ ശീലങ്ങൾ പാലിക്കുക തുടങ്ങിയ മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണമെന്ന് ആവശ്യപ്പെട്ടു.
3,79,618 ആളുകൾക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ആകെ 3,62,800 പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. 4238 ആളുകളാണ് മഹാമാരി പിടിപെട്ട് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.