മസ്കത്ത്: രാജ്യത്ത് കോവിഡ് കേസുകൾ താഴോട്ടുപോകുന്നുണ്ടെങ്കിലും ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ വിദഗ്ധർ. നിലവിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ല. എന്നാൽ, പല യൂറോപ്യൻ രാജ്യങ്ങളിലും കോവിഡ് രോഗികൾ കുറഞ്ഞ ശേഷം പിന്നീട് പോസിറ്റിവ് കേസുകളിൽ വൻ കുതിപ്പ് നടത്തിയിരുന്നു.
സുൽത്താനേറ്റിലും ഇത്തരം സാഹചര്യങ്ങൾക്ക് സാധ്യതയുണ്ടോയെന്ന് ആരോഗ്യമേഖല നിരീക്ഷിക്കുകയാണ്. കേസുകൾ വർധിക്കുന്ന രാജ്യങ്ങളിൽ രോഗം ബാധിച്ചത് ഏറെയും വാക്സിൻ എടുക്കാത്തവരിലാണെന്ന് റോയൽ ഹോസ്പിറ്റലിലെ പകർച്ചവ്യാധി കൺസൾട്ടൻറ് ഡോ. സകരിയ ബിൻ യാഹിയ അൽ ബലൂഷി പറഞ്ഞു.
പ്രതിരോധശേഷി കുറവായതിനാൽ 65 വയസ്സിന് മുകളിലുള്ളവർക്കും രോഗം പിടിപെടുന്നു. പല രാജ്യങ്ങളും ഇത്തരക്കാർക്ക് ബൂസ്റ്റർ ഡോസ് നിർദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി രാജ്യത്ത് 50 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നിരക്ക് 98.5 ശതമാനമാണ്. 4,107 ആളുകൾ മരിച്ചു. ആകെ 3,04,116 പേർക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. വിവിധ ആശുപത്രികളിലും തീവ്ര പരിചരണവിഭാഗത്തിലും ഇപ്പോൾ കുറച്ചു രോഗികൾ മാത്രമാണുള്ളത്. ലോക്ഡൗൺ, രാത്രി യാത്രവിലക്ക്, രാജ്യാതിർത്തി അടച്ചിടൽ, വാക്സിനേഷൻ ഉൗർജിതമാക്കൽ തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങളിലൂടെയാണ് മഹാമാരിയെ പിടിച്ചുകെട്ടിയത്.
സുൽത്താനേറ്റിെൻറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ െഎക്യരാഷ്ട്രസഭയടക്കം അഭിനന്ദിച്ചിരുന്നു. വിവിധ ഗവർണറേറ്റുകളിലൂടെ വാക്സിൻ വിതരണം നടക്കുകയാണ്. വിദേശികൾക്കടക്കം സൗജന്യമായാണ് നൽകുന്നത്. ഇത് കോവിഡ് പോരാട്ടത്തിലെ സുപ്രധാന ചുവടുവെപ്പായാണ് പലരും കാണുന്നത്. സർക്കാറിെൻറ ഇൗ തീരുമാനം മലയാളികളടക്കമുള്ള നിരവധി പ്രവാസികൾക്ക് അനുഗ്രഹമാണ്. വാക്സിൻ ലഭിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യണം. https://covid19.moh.gov.om എന്ന ലിങ്ക് വഴിയോ തറാസൂദ് ആപ് വഴിയോ രജിസ്റ്റർ ചെയ്യാം.
അതേസമയം, കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായി കുറവ് വന്നതോടെ മാർക്കറ്റിലും േഷാപ്പിങ് മാളുകളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും തിരക്കായി. ചൂടു കുറയുന്നതോടെ കൂടുതൽ ആളുകൾ എത്തുമെന്നാണ് കരുതുന്നത്. പുതിയ സീസൺ പടിവാതിൽക്കലെത്തി നിൽക്കെ അനുകൂലമായ അന്തരീക്ഷം വ്യാപാര, ടൂറിസ്റ്റ് മേഖലകൾക്ക് ഉണർവ് പകരും. കൂടിച്ചേരലുകൾ, സാംസ്കാരിക, കായിക വിനോദങ്ങൾ എന്നിവ നടത്താമെന്ന തീരുമാനം വന്നതോടെ പലയിടത്തും പരിപാടികൾ അരങ്ങേറാൻ തുടങ്ങി. കലാപരിപാടികൾ, വിൽപന മഹാമേളകൾ നഗരത്തിൽ നടക്കുന്നു. ഏറെക്കാലത്തിനു ശേഷമുള്ള അനുഭവമായതിനാൽ എല്ലാ പരിപാടികൾക്കും ഏറെ ജനപങ്കാളിത്തവുമുണ്ട്. മസ്ജിദുകളിൽ നിലവിൽ 50 ശതമാനം ആളുകൾക്കാണ് പ്രാർഥനക്ക് അനുമതി. വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് പ്രവേശനം. ജുമുഅ നമസ്കരിക്കാൻ വാക്സിൻ സർട്ടിഫിക്കറ്റ് അടക്കം പരിശോധിച്ചാണ് അകത്തേക്ക് കടത്തുന്നത്.
ഒന്നര വർഷമായി അടഞ്ഞു കിടന്നിരുന്ന വിദ്യാലയങ്ങളും പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകിയാണ് സ്കൂളിെൻറ പ്രവർത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവന്നത്. ഒന്ന്, 10,12 ക്ലാസുകൾ മാത്രമാണ് പലയിടത്തും നടക്കുന്നത്. മറ്റ് ക്ലാസുകൾ ഘട്ടം ഘട്ടമായി തുറക്കാനാണ് തീരുമാനം.
വിദ്യാലയങ്ങളിൽ നടപ്പാക്കിയ കോവിഡ് മുൻകരുതൽ നടപടികൾ പരിശോധിക്കാനായി ഉദ്യോഗസ്ഥർ സന്ദർശിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിനായി ആരോഗ്യ മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ഒരു ടീം രൂപവത്കരിച്ചു. ആരോഗ്യ മാർഗനിർദേശങ്ങൾ നടപ്പാക്കുേമ്പാഴുണ്ടാകുന്ന വെല്ലുവിളികളും മറ്റും സ്കൂൾ സന്ദർശനത്തിലൂടെ അധികൃതർ മനസ്സിലാക്കും. മൂന്ന് ഗ്രൂപ്പുകളായായിരിക്കും വിവിധ വിദ്യാഭ്യാസ ഗവർണറേറ്റുകളിലൂടെ ടീം സന്ദർശിക്കുക. കളിമുറ്റങ്ങളിലും ആരവം ദൃശ്യമാണ്. കുതിര, ഒട്ടകയോട്ട മത്സരങ്ങൾ വരും ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ നടക്കുമെന്നാണ് സംഘാടകർ പറയുന്നത്. ട്വൻറി 20 ലോകകപ്പ് ഗ്രൂപ്പുതല പോരാട്ടങ്ങൾ നടന്ന അമീറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ വൻ ജനപങ്കാളിത്തത്തോടെയാണ് മത്സരങ്ങൾ നടന്നത്. ടിക്കറ്റ് കിട്ടാത്തതിനാൽ നൂറു കണക്കിനു പേർ ഗ്രൗണ്ടിെൻറ പുറത്തു നിന്നാണ് കളി കണ്ടിരുന്നത്. എന്നാൽ, രോഗത്തിെൻറ തോത് കുറഞ്ഞതോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ വിമുഖത കാണിക്കുന്നതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.