മസ്കത്ത്: ഒമാനിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് ബാധിതരിൽ ഏറെയും പ്രവാസികളാണെന്ന് അധികൃതർ. കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കുകൾ പ്രകാരം 14,401രോഗികളാണ് നിലവിൽ വീടുകളിലും ആശുപത്രികളിലുമായി കഴിയുന്നത്. ഇവരിൽ 6011 പേർ ഒമാനികളും 8390 പേർ പ്രവാസികളുമാണ്. ഇവരിൽതന്നെ മിക്കവരും യുവാക്കളും മധ്യവയസ്കരുമാണെന്ന് കണക്കുകൾ പറയുന്നു.
രോഗികളിൽ 13,503 പേരും 15-59 വയസ്സിനിടയിലുള്ളവരാണ്. 813 പേർ 60 വയസ്സിന് മുകളിലുള്ളവരുമാണ്. രാജ്യത്ത് രേഖപ്പെടുത്തിയ കോവിഡ് രോഗികളിൽ 1.07 ശതമാനം പേരാണ് മരണത്തിന് കീഴടങ്ങിയത്. എന്നാൽ, മരിച്ചവരിൽ ഏറെയും സ്വദേശികളാണ്. ആകെ മരിച്ചവരിൽ 1688 പേർ സ്വദേശികളും 615 പേർ പ്രവാസികളുമാണ്. മരിച്ചവരിൽ ഏറെയും പുരുഷന്മാരും 60 വയസ്സ് പിന്നിട്ടവരുമാണ്.
മസ്കത്തിലാണ് ഏറ്റവുമധികം മരണം രേഖപ്പെടുത്തിയത്. സീബിലെ 271 പേരടക്കം 727 പേർ മസ്കത്ത് ഗവർണറേറ്റിൽ മരിച്ചപ്പോൾ സലാലയിലെ 226 പേരടക്കം 248 പേരാണ് ദോഫാറിൽ കോവിഡിന് കീഴടങ്ങിയത്. നോർത്ത് ബാത്തിനയിൽ 415 പേരും സീത്ത് ബാത്തിനയിൽ 248 പേരും അൽ ദഖ്ലിയയിൽ 229 പേരും സീത്ത് അൽ ശർഖിയയയിൽ 145 പേരും മരിച്ചു.
വാക്സിൻ മാത്രമാണ് കോവിഡ് മരണങ്ങൾ നിയന്ത്രിക്കാനുള്ള വഴിയെന്ന വിലയിരുത്തലിലാണ് ആരോഗ്യരംഗത്തെ വിദഗ്ധർ. നിയന്ത്രണങ്ങളിൽ ചെറിയ ഇളവുകൾ പ്രഖ്യാപിക്കുേമ്പാൾതന്നെ രോഗികളുടെ എണ്ണം കൂടുന്നതാണ് കാണുന്നത്. അടുത്തമാസം മുതൽ വാക്സിനേഷൻ ധ്രുതഗതിയിൽ നടന്നാൽ രോഗവ്യാപനം കുറക്കാനാവുമെന്ന ആത്മവിശ്വാസമാണ് അധികൃതർക്കുള്ളത്. ആരോഗ്യവകുപ്പ് ജൂണിൽ 15 ലക്ഷം വാക്സിനുകൾ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.