മസ്കത്ത്: പ്രതിദിന രോഗികളുടെ എണ്ണം വർധിച്ചതോടെ ഒമാനിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം 297 പേരാണ് ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ മാത്രമായി ചികിത്സയിൽ. അടുത്ത ദിവസത്തോടെ രോഗികൾ മുന്നൂറിലേക്കെത്തിയാൽ ഐ.സി.യു സൗകര്യങ്ങൾ കൂടുതൽ ഒരുക്കേണ്ട സാഹചര്യം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്താകമാനം കഴിഞ്ഞ ദിവസം 114 പേരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ആകെ ആശുപത്രി രോഗികളുടെ എണ്ണം 966 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പേർ കോവിഡ് മൂലം മരിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ മരണസംഖ്യ 2424 ആയി. രോഗമുക്തി നിരക്ക് 91.2 ആയി കുറഞ്ഞിട്ടുമുണ്ട്. 845 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. രോഗികളുടെ എണ്ണം ദിവസവും വർധിക്കുന്നത് ആശങ്ക ഇരട്ടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച ആരംഭിച്ച മാസ് വാക്സിനേഷൻ പുരോഗമിക്കുന്നതോടെ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.
പെരുന്നാൾകാല ലോക്ഡൗൺ അവസാനിച്ചതോടെയാണ് രോഗികളുടെ എണ്ണത്തിലെ വർധന. പിന്നീട് പള്ളികളും വ്യാപാര സ്ഥാപനങ്ങളും തുറക്കുന്നതടക്കം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. നിലവിൽ ജനങ്ങൾ പാർക്കുകളിലും മറ്റും ഒരുമിച്ചുകൂടുന്നുണ്ട്. ഇത് കൂടുതൽ രോഗവ്യാപനത്തിന് കാരണമാകുമോ എന്ന ആശങ്ക ശക്തമാണ്.
എന്നാൽ, രോഗികളുടെ എണ്ണം വർധിച്ചാൽ വീണ്ടും നിയന്ത്രണമേർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതുയിടങ്ങളിൽ സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക എന്നീ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.