മസ്കത്ത്: ഒരിടവേളക്കു ശേഷം ഒമാനിൽ വീണ്ടും കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം ആയിരം കടന്നു. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത് 1041 പുതിയ കേസുകളാണെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. 24 മണിക്കൂറിൽ 11പേർ മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 2345ആയിട്ടുണ്ട്.
എന്നാൽ രോഗമുക്തി നിരക്ക് മാറ്റമില്ലാതെ തുടരുന്നുണ്ട്. 92.2ആണ് നിലവിലെ നിരക്ക്. ആകെ രോഗം സ്ഥരികരിച്ച 217224 പേരിൽ 199,960 പേരാണ് ഇതിനകം സുഖപ്പെട്ടിട്ടുള്ളത്. 104പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുമുണ്ട്.
ഇതോടെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 808 ആയി വർധിച്ചു. ഇവരിൽ 247പേർ ഗുരുതര രോഗലക്ഷണങ്ങളോടെ ഐ.സി.യുവിലാണ് ചികിത്സയിലുള്ളത്.
കഴിഞ്ഞ ആഴ്ചയിൽ ശരാശരി 700-800നിരക്കിലാണ് ദിനംപ്രതി രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലിത് ക്രമാതീതമായി വർധിക്കുന്ന സാഹചര്യമാണുള്ളത്. റമാദാൻ തുടങ്ങുന്നതിനു മുമ്പ് കോവിഡ് വ്യാപനമുണ്ടായതിനെ തുടർന്ന് സുപ്രീം കമ്മിറ്റി കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
റമദാൻ ആദ്യത്തിലും ആയിരത്തിന് മുകളിലായിരുന്നു രോഗികളുടെ എണ്ണം. എന്നാൽ ചെറിയ പെരുന്നാളിനു ശേഷം രോഗികളുടെ എണ്ണം പകുതിയോളം കുറഞ്ഞു. ചിലദിവസങ്ങളിൽ 500-600 വരെ എത്തുകയുമുണ്ടായി. ഇതിനെ തുടർന്ന് രാത്രികാല സഞ്ചാര വിലക്കും വ്യപാര വിലക്കും അടക്കമുള്ള നിയന്ത്രണം പിൻവലിച്ചു. നിയന്ത്രണം നീക്കി ഒരാഴ്ച പിന്നിടുേമ്പാൾ വീണ്ടും രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.