മസ്കത്ത്: യമൻ പ്രതിസന്ധി അവസാനിപ്പിക്കാൻ സൗദി അറേബ്യ പുതിയ സമാധാന പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ െഎക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി മാർട്ടിൻ ഗ്രിഫിത്ത് മസ്കത്തിലെത്തി. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി യു.എൻ പ്രതിനിധിയെ സ്വീകരിച്ചു. വെടിനിർത്തൽ, സൻആ വിമാനത്താവളം തുറക്കൽ, ഹുദൈദ തുറമുഖം വഴി ഇന്ധനവും മറ്റ് അവശ്യസാധനങ്ങളും യമനിലേക്ക് എത്തിക്കൽ തുടങ്ങിയ വിഷയങ്ങളിൽ മധ്യസ്ഥ ചർച്ച തുടരുന്നതിെൻറ ഭാഗമായാണ് യു.എൻ പ്രതിനിധിയുടെ സന്ദർശനം.
യമനിലെ സ്ഥിതിഗതികളും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ഒമാൻ വിദേശകാര്യ മന്ത്രിയും യു.എൻ പ്രതിനിധിയും ചർച്ച ചെയ്തതായി ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രതിസന്ധി പരിഹരിച്ച് മേഖലയിൽ ഭദ്രതയും സുരക്ഷയും ഉറപ്പാക്കാൻ യമനിൽ പോരടിക്കുന്നവർ തമ്മിലെ രാഷ്ട്രീയ പരിഹാര ചർച്ചകൾ പുനരാരംഭിക്കുന്നതടക്കം കാര്യങ്ങൾ ചർച്ചയിൽ വിഷയമായി. യമനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിെൻറ സാധ്യതകളെ കുറിച്ച് ഒമാൻ വിദേശകാര്യ മന്ത്രിയുമായി ശനിയാഴ്ച ചർച്ച നടത്തിയതായി മാർട്ടിൻ ഗ്രിഫിത്ത് അറിയിച്ചു.
ക്രിയാത്മകമായിരുന്നു ചർച്ച. രാഷ്ട്രീയ നടപടിക്രമങ്ങളിലൂടെ യമനിൽ സുസ്ഥിരമായ സമാധാനം പുനഃസ്ഥാപിക്കുന്നതിന് െഎക്യരാഷ്ട്രസഭ നടത്തിവരുന്ന ശ്രമങ്ങൾക്ക് ഒമാൻ നൽകുന്ന പിന്തുണക്ക് മാർട്ടിൻ ഗ്രിഫിത്ത് നന്ദിയറിയിച്ചു. ഹൂതി വിഭാഗമായ അൻസാറുല്ലയുടെ പ്രതിനിധി അബ്ദുസ്സലാം സലാഹുമായും മാർട്ടിൻ ഗ്രിഫിത്ത് മസ്കത്തിൽ aചർച്ച നടത്തി. സൻആ വിമാനത്താവളം തുറക്കൽ, ഹുദൈദ തുറമുഖത്തെ നിയന്ത്രണങ്ങൾ ലഘൂകരിക്കൽ, വെടിനിർത്തൽ, സുസ്ഥിര സമാധാനത്തിന് യു.എൻ ചട്ടക്കൂടിൽ രാഷ്ട്രീയ ചർച്ചകൾ പുനരാരംഭിക്കൽ തുടങ്ങിയവ ഹൂതി വിഭാഗം പ്രതിനിധിയുമായി ചർച്ച ചെയ്തതായി മാർട്ടിൻ ഗ്രിഫിത്ത് അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് യമൻ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സമഗ്രമായ സമാധാന പദ്ധതി സൗദി അറേബ്യ പ്രഖ്യാപിച്ചത്. യു.എന്നിെൻറ മേൽനോട്ടത്തിൽ യമനിലുടനീളമുള്ള വെടിനിർത്തൽ സമാധാന പദ്ധതിയിൽ ഉൾപ്പെടും. സൗദി നേതൃത്വത്തിലുള്ള സഖ്യം ഹുദൈദ തുറമുഖ ഉപരോധം ലഘൂകരിക്കുകയും ചെയ്യും. സ്റ്റോക്ഹോം കരാർ അനുസരിച്ച് തുറമുഖത്തുനിന്നുള്ള വരുമാനം ഹുദൈദയിലെ സെൻട്രൽ ബാങ്ക് ഒാഫ് യമനിൽ നിക്ഷേപിക്കൽ, നിശ്ചിത സ്ഥലങ്ങളിലേക്കുള്ള വിമാന സർവിസുകൾക്ക് സൻആ വിമാനത്താവളം വീണ്ടും തുറക്കാൻ അനുവദിക്കൽ എന്നിവയും സമാധാന പദ്ധതിയിലെ പ്രധാന നിർദേശങ്ങളാണ്.
ഹൂതികൾ സമാധാന പദ്ധതി സമ്മതിച്ചാൽ വെടിനിർത്തൽ ആരംഭിക്കുമെന്നാണ് സൗദി വിദേശകാര്യ മന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചത്. യമൻ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം മുതൽ ഒമാൻ മുന്നിൽ തന്നെയുണ്ട്. ഇൗ വിഷയത്തിൽ െഎക്യരാഷ്ട്രസഭ നടത്തിവരുന്ന ശ്രമങ്ങൾക്കും ഒമാൻ പിന്തുണ നൽകിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.