പരസ്യങ്ങളുടെ മോഹവലയങ്ങളില്‍ കുടുങ്ങി പരസ്യക്കമ്പനികള്‍ പൊലിപ്പിച്ചുകാണിക്കുന്ന ഉല്പന്നങ്ങളൊക്കെ വാങ്ങി ഉപയോഗിക്കുന്ന ശീലം പ്രവാസി മലയാളികൾക്കിടയിൽ വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. നമുക്കുണ്ടെന്ന് ആശങ്കയുള്ള രോഗത്തിനും ധാതുക്കള്‍ പുഷ്ടിക്കുമെന്നൊക്കെ തെറ്റിദ്ധരിച്ച് പരസ്യ ‘മരുന്നുകള്‍’ വാങ്ങി ശരീരത്തില്‍ പരീക്ഷിക്കുന്ന പ്രവണതകള്‍ വ്യാപകമായ കാലം കൂടിയാണിന്ന്. പാര്‍ശ്വ ഫലങ്ങളെപറ്റി ബോധമില്ലാതെയാണ് നമ്മളില്‍ പലരും ഉത്തേജനങ്ങള്‍ എന്നവകാശപ്പെട്ട് വിപണിയില്‍ വിലസുന്നവ കണ്ണടച്ചുപയോഗിക്കുന്നത്!
മുഖം വെളുത്തിട്ട് പാറിക്കുന്ന ക്രീമുകള്‍ മുതല്‍ ലൈംഗീക ഉത്തേജന മരുന്നുകളുവരെ അവസാനിക്കാത്ത വിധം നീളുന്ന ഞെട്ടിക്കുന്ന അവസ്ഥാന്തരങ്ങളാണ് നമുക്കിടയില്‍ കഴിഞ്ഞു കൂടുന്ന പലരുടെയും നിത്യജീവിതത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നത്. പ്രവാസികളില്‍ കണ്ടുവരുന്ന പലവിധ ജീവിത ശൈലീ രോഗങ്ങള്‍ക്കും വിഷാദം പോലുള്ള മാനസിക രോഗാവസ്ഥകള്ക്കുമൊക്കെയുള്ള കാരണങ്ങള്‍ പരതിയാല്‍ ആരോഗ്യം ശ്രദ്ധിക്കാതെയുള്ള കുത്തഴിഞ്ഞ ജീവിതരീതി ഒരു വില്ലനായി പിറകില്‍ കാണാന്‍ സാധിക്കും.
നാടും വീടും കുടുംബവുമൊക്കെ വിട്ട് പ്രവാസലോകത്ത് കഴിയുന്നവരില്‍ പലരീതിയിൽ അസുഖങ്ങള്‍ മാത്രമല്ല, അല്ലറ ചില്ലറ ചാപല്യങ്ങളും ദൗര്‍ബല്യങ്ങളുമൊക്കെ കൂടുതലായും കണ്ടുവരുന്നതിന്റെ ബാക്കി പത്രമാണ് മാനസികവും ശാരീരികവുമായ രോഗങ്ങള്‍. പ്രവാസികളില്‍ നേരിയൊരു ശതമാനംപേര്‍ പലവിധ പ്രലോഭനങ്ങള്‍ക്ക് അറിയാതെ അടിപ്പെടുന്നുണ്ട്. അതിന്റെ ഭാഗമായി തിരഞ്ഞെടുക്കുന്ന ഒറ്റമൂലി പ്രയോഗങ്ങള്‍ മൂലം ജീവിതം തന്നെ നരകതുല്യമായി തീരുന്ന അവസ്ഥകളുമുണ്ടാക്കുന്നുണ്ട്. അടങ്ങിയൊതുങ്ങി കഴിയാന്‍ പരിശ്രമിക്കുന്നവരാണ് പ്രവാസികളില്‍ 99ശതമാനം പേരും എന്നത് യാഥാർഥ്യമാണെങ്കിലും നേരിയൊരു ശതമാനം പേര് മദ്യത്തിന്റെയും മദിരാക്ഷിയുടെയും മയക്കുമരുന്നിന്റെയുമൊക്കെ അടിമകളാകുന്നു എന്ന ഞെട്ടിക്കുന്ന സത്യം മറച്ചുവെച്ചിട്ട് കാര്യമില്ല.
പലരും പലവിധത്തിലാണല്ലൊ ജീവിതത്തെ നോക്കിക്കാണുന്നത്.ചിലര്‍ ജീവിതാസ്വാദനത്തിനായി സ്വീകരിക്കുന്ന വഴിവിട്ട വഴിയും അത് വിജയകരമാക്കാനായി കൃതൃിമ ഉത്തേജക മരുന്നുകളുമൊക്കെ ഉപയോഗിക്കുന്നത് ജീവിതംതന്നെ നഷ്ടപ്പെടാന്‍ ഇടവരുന്നുവെന്നത് ഞെട്ടിക്കുന്ന യാഥാര്ത്യമാണ്. വാങ്ങി ഉപയോഗിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ മനസ്സിലാക്കാതെ വീണ്ടും അതൊക്കെ വരുത്തി ഉപയോഗിക്കുകയും പിന്നെയും പിന്നെയും തുടര്‍ ജീവിതത്തില്‍ അത്തരം മരുന്നുകള്‍ക്ക് അടിപ്പെടുന്നതും സാധാരണമായിട്ടുണ്ട്. ഉദാഹരണത്തിന് പുരുഷന്മാർ ലൈംഗീക ഉത്തേജനത്തിനായി ഉപയോഗിക്കാറുള്ള ‘വയാഗ്ര’പോലുള്ള മരുന്നുകള്‍ ചില അവസരങ്ങളില്‍ ശരീരത്തില്‍ വിപരിത ഫലമാണ് ഉണ്ടാക്കുക എന്ന് ആരോഗ്യ വിദഗ്ധർ വെളിപ്പെടുത്തുന്നുണ്ട്.
പരസ്യങ്ങളില്‍ ഉഗ്രരൂപിയായി അവതരിക്കുന്ന ‘വയാഗ്ര’യെ ആശ്രയിക്കുന്ന സമയത്ത് രക്തസമ്മര്‍ദം വര്‍ധിക്കുകയും ഹൃദ്രോഗം അടക്കമുള്ള രോഗങ്ങള്‍ കലശലാകുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ടുതന്നെ താല്‍ക്കാലിക സുഖങ്ങള്‍ക്ക് വേണ്ടി ഇതു പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ച് ജീവിതം തന്നെ നഷ്ടപ്പെടുത്താതിരിക്കാനുള്ള ജാഗ്രത കൈക്കൊള്ളുകയാണ് കരണീയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.