ഒമാൻ എക്രോസ് ഏജസ് മ്യൂസിയം
മസ്കത്ത്: ഈദ് അവധിക്കാലത്ത് സന്ദർശകരെ ആകർഷിക്കുന്നതിനായി നിരവധി പ്രത്യേക പരിപാടികളുമായി ഒമാൻ എക്രോസ് ഏജസ് മ്യൂസിയം. വെർസൈൽസ്
ഈദിന്റെ മൂന്ന് ദിവസങ്ങളിൽ, വിവിധ നാടൻ കലാസംഘങ്ങളുടെ പ്രകടനങ്ങൾ സന്ദർശകർക്ക് ആസ്വദിക്കാൻ അവസരമുണ്ടാകും. ഈ വർഷത്തെ പ്രധാന ആകർഷണം സൂറിൽ നിന്നുള്ള ഫത്ത് അൽ ഖൈർ ഗ്രൂപാണ്. അവർ സമുദ്രകലകൾ പ്രദർശിപ്പിക്കും. ഈ സാംസ്കാരിക പ്രകടനങ്ങൾക്ക് പുറമേ, മ്യൂസിയം ഒരു ഭക്ഷ്യ ശിൽപശാല, എൻജിനീയറിങ് ഗ്രാമം, എല്ലാ പ്രായത്തിലുമുള്ള സന്ദർശകരെ രസിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി രൂപകൽപന ചെയ്തിരിക്കുന്ന വിവിധ കുടുംബ സൗഹൃദ പ്രവർത്തനങ്ങൾ എന്നിവയും ആസൂത്രണം ചെയ്തിട്ടുണ്ട്.
സന്ദർശക അനുഭവം വർധിപ്പിക്കുന്നതിനായി, മ്യൂസിയം ഒന്നിലധികം ടൂറിങ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. സ്വന്തമായി പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് റിസപ്ഷനിൽ നിന്ന് ബുക്ക്ലെറ്റുകളും മാപ്പുകളും ശേഖരിക്കാം. കൂടുതൽ ആഴത്തിൽ കാര്യങ്ങൾ മനസ്സിലാക്കാനായി വിദഗ്ദ്ധരുടെ ഗൈഡഡ് ടൂറുകൾ അധിക ഫീസ് നൽകി ഉപയോഗപ്പെടുത്താം. മ്യൂസിയത്തിന്റെ സ്ഥിരം ഗാലറികളിലൂടെ ആഴത്തിലുള്ള അനുഭവം നൽകിയ ഒന്നിലധികം ഭാഷകളിൽ ഒരു ഓഡിയോ ടൂർ ഗൈഡ് സേവനവും വാഗ്ദാനം ചെയ്യുന്നു.
നിരവധി വിഭാഗങ്ങളിലുള്ള സന്ദർശകർക്ക് മ്യൂസിയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. 60 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർ, ജി.സി.സി പൗരന്മാർ, മുതിർന്ന താമസക്കാർ എന്നിവർക്ക് സാധുവായ തിരിച്ചറിയൽ കാർഡ് ഹാജരാക്കിയാൽ സൗജന്യമായി പ്രവേശിക്കാം. ആറു വയസ്സിന് താഴെയുള്ള കുട്ടികൾക്കും 25 വയസും അതിൽ താഴെയുമുള്ള സ്കൂൾ, യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കും സാധുവായ വിദ്യാർഥി ഐഡി ഉപയോഗിച്ച് സൗജന്യ പ്രവേശനം നേടാൻ കഴിയും. കൂടാതെ, ഫ്രണ്ട്സ് ഓഫ് ദി ഒമാൻ മ്യൂസിയത്തിലെ അംഗങ്ങൾ, ഒമാനിലെ പൊതു, സ്വകാര്യ മ്യൂസിയങ്ങളിലെ ജീവനക്കാർ, ഐ.സി.ഒ.എം, ഐ.സി.ഒ.എം.ഒ. എസ്, യുനെസ്കോ അംഗങ്ങൾക്കും സൗജന്യ പ്രവേശനം ലഭ്യമാണ്.
2024ലെ ലോകത്തിലെ ഏറ്റവും മനോഹരമായ മ്യൂസിയങ്ങളുടെ പട്ടികയിൽ ദാഖിലിയ ഗവർണറേറ്റ് മനഅ വിലായത്തിലെ ഒമാൻ എക്രോസ് ഏജസ് മ്യൂസിയം ഇടം നേടിയിരുന്നു. യുനെസ്കോയുടെ പ്രിക്സ് വെർസൈൽസ് തയാറാക്കിയ പട്ടികയിലാണ് എക്രോസ് ഏജസ് മ്യൂസിയത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒമാന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന ഒമാൻ എക്രോസ് ഏജസ് മ്യൂസിയം മനഅ വിലായത്തിൽ 2023 മാർച്ച് 13ന് ആയിരുന്നു സുൽത്താൻ ഹൈതം ബിൻ താരിഖ് നാടിന് സമർപ്പിച്ചത്. കഴിഞ്ഞ വർഷം ഇതിന്റെ ഒന്നാം വാർഷികം വിപുലമായ രീതിയിൽ ആഘോഷിച്ചിരുന്നു. മ്യൂസിയം തുറന്ന് ഏകദേശം പത്ത് മാസമാകുമ്പോഴേക്കും മൂന്നരലക്ഷത്തിലധികം ആളുകളായിരുന്നു ചരിത്ര കൗതുകങ്ങൾ തേടി ഇവിടെ എത്തിയിരുന്നത്.
സുൽത്താനേറ്റിന്റെ വിവിധ ഘട്ടങ്ങളിലെ ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യം എന്നിവ പകർന്നുനൽകുന്ന മേഖലയിലെതന്നെ ഏറ്റവും വലിയ മ്യൂസിയമാണിത്. ഗാലറികൾ, ലൈബ്രറി, ഓഡിറ്റോറിയം, കഫേകൾ, സാമൂഹിക, ഗവേഷണ ഇടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. സ്ഥിരമായി പ്രദർശനം നടത്താനായി 9,000 ചതുരശ്ര മീറ്റർ സ്ഥലമാണ് നീക്കിവെച്ചിട്ടുള്ളത്. ചരിത്രാതീത കാലത്തെ ആദ്യ കുടിയേറ്റക്കാരിൽ തുടങ്ങി ആധുനിക ഒമാന്റെ വിശേഷങ്ങളിലൂടെ കടന്നുപോകുന്ന കാഴ്ചകളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. വിവിധ കാലഘട്ടങ്ങളിലെ രാജവംശങ്ങൾ, നാഗരികതകൾ, ഒമാന്റെ മുന്നേറ്റങ്ങളും നേട്ടങ്ങളും എന്നിവ ഇവിടെനിന്ന് മനസ്സിലാക്കാനാകും.
പരേതനായ സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ കീഴിൽ രാജ്യത്തിന്റെ ശ്രദ്ധേയമായ സാമ്പത്തിക, സാങ്കേതിക, രാഷ്ട്രീയ, സാമൂഹിക നവീകരണം പ്രവർത്തനങ്ങളുടെ നീണ്ട ചരിത്രമാണ് ‘നവോത്ഥാന ഗാലറി’യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ സന്ദർശകർക്ക് ആസ്വാദ്യകരവും വിദ്യാഭ്യാസപരവുമായ മ്യൂസിയം അനുഭവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സംവേദനാത്മക ഓഡിയോ-വിഷ്വൽ വിവരണവും ഉണ്ട്. അന്തരിച്ച മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ രാജകീയ ഉത്തരവിനെ തുടർന്ന് 2015 ജൂലൈ 14നാണ് പദ്ധതിക്ക് തറക്കല്ലിടുന്നത്.
ശനി മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെയുള്ള സമയങ്ങളിൽ ഇവിടെ എത്താം. പ്രധാന ഗേറ്റ്, വിജ്ഞാന കേന്ദ്രം തുടങ്ങിയവ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ തുറക്കും. അടക്കുന്നതിന് അരമണിക്കൂർ മുമ്പുവരെ പ്രവേശനം അനുവദിക്കും. സ്വദേശികൾക്കും ജി.സി.സി പൗരന്മാർക്കും ഒരു റിയാലും പ്രവാസികൾക്ക് രണ്ടു റിയാലുമായിരിക്കും പ്രവേശന ഫീസ്.
വിനോദസഞ്ചാരികൾ അഞ്ചു റിയാൽ നൽകണം. ഇ-പേമെന്റ് രീതികളാണ് മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്. ടിക്കറ്റുകൾ വാങ്ങുമ്പോഴോ പരിസരത്ത് മറ്റേതെങ്കിലും ഇടപാടുകൾ നടത്തുമ്പോഴോ ഇലക്ട്രോണിക് പേമെന്റിനുള്ള സൗകര്യങ്ങളുണ്ടെന്ന് ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.