മസ്കത്ത്: എമര്‍ജിങ് ടീംസ് ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച നടക്കും. അമീറാത്ത് ക്രിക്കറ്റ് അക്കാദമിക്ക് ഗ്രൗണ്ടിൽ ഉച്ചക്ക് ഒരുമണിക്ക് നടക്കുന്ന ആദ്യ സെമിയിൽ ശ്രീലങ്ക എ പാകിസ്താൻ എയേയും വൈകീട്ട് 5.30ന് നടക്കുന്ന രണ്ടാമത്തെ കളിയിൽ ഇന്ത്യൻ എ ടീം അഫ്ഗാനിസ്താനെയും നേരിടും.
ഗ്രൂപ് ഘട്ട മത്സരങ്ങളിൽ ഒരു തോൽവിപോലും ഏറ്റുവാങ്ങിയില്ലെന്ന ആത്മ വിശ്വാസത്തിലാണ് ഇന്ത്യൻ കൗമാരപ്പട ഇന്ന് കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ പാകിസ്താനെ ഏഴ് റൺസിനാണ് തോൽപ്പിച്ചത്.
അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ ബൗളർമാരുടെ മികവിൽ ഇന്ത്യ വിജയം തട്ടിയെടുക്കുകയായിരുന്നു. രണ്ടാം മത്സരത്തിൽ യു.എ.ഇയെ ഏഴു വിക്കറ്റിനും അവസാന കളിയിൽ ആതിഥേയരായ ഒമാനെ ആറ് വിക്കറ്റിനുമാണ് ഇന്ത്യ തറപറ്റിച്ചത്.
അത്ഭുതങ്ങൾ ഒന്നും നടന്നില്ലെങ്കിൽ ഇന്ത്യ കലാശക്കളിയിലേക്ക് ഈസിയായി കടന്നുകയറുമെന്നാണ് ആരാധകർ കണക്കുകൂട്ടുന്നത്. ബൗളിങ്, ബാറ്റിങ് ഡിപ്പാർട്മെന്റുകൾ തങ്ങളുടെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുന്നുണ്ട് എന്നുള്ളതും പ്രതീക്ഷയേകുന്നതാണ്. അതേസമയം, ശ്രീലങ്ക എ - പാകിസ്താൻ എ സെമിഫൈനൽ തീപാറും എന്നുറപ്പാണ്.
ഇരു ടീമുകളും ഓരോ തോൽവി വീതം ഏറ്റുവാങ്ങിയാണ് അന്തിമ നാലിൽ ഇടം നേടിയിരിക്കുന്നത്. അവസാന നാലിൽനിന്ന് ഇന്ത്യയും പാകിസ്താനും കയറിക്കൂടുകയാണെങ്കിൽ സ്വപ്ന ഫൈനലിനാകും അമീറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് സാക്ഷ്യം വഹിക്കുക.
വാരാന്ത്യദിനങ്ങളിലുള്ള കളിയായത് കൊണ്ടുതന്നെ സെമി, ഫൈനൽ മത്സരങ്ങളിലേക്ക് ആരാധകർ ഒഴുകും. മലയാളികളടക്കമുള്ള നിരവധി ആരാധകർ ഇതിനകം ടിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.