മസ്കത്ത്: സ്വദേശികൾക്ക് എല്ലാതരത്തിലുള്ള തൊഴിലുകൾ ചെയ്യാനും സംരംഭങ്ങൾ നടത്താനും സർക്കാറിന്റെ എല്ലാ വിഭാഗങ്ങളും ആവശ്യമായ സാഹചര്യം ഒരുക്കണമെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ്. ഈ വർഷത്തെ ആദ്യ മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക, അന്താരാഷ്ട്ര മേഖലകളിലെ സ്ഥിതിഗതികൾ സുൽത്താൻ വിലയിരുത്തി. കഴിഞ്ഞ വർഷം സാമ്പത്തിക സാമൂഹിക മേഖലകളിൽ രാജ്യം എല്ലാനിലയിലും ഉണ്ടാക്കിയ നേട്ടത്തിൽ സുൽത്താൻ സംതൃപ്തി രേഖപ്പെടുത്തി.
രാജ്യത്തിന്റെ സ്ഥായിയായ പുരോഗതിയും രാജ്യത്തിന് നേട്ടവുമുണ്ടാക്കുന്ന നയപരിപാടികളും നടപ്പാക്കണമെന്ന് സുൽത്താൻ അടിവരയിട്ട് പറഞ്ഞു. കൂടുതൽ പ്രാദേശിക, വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനും എണ്ണേതര വരുമാനത്തിന് പ്രാധാന്യം നൽകി സാമ്പത്തിക വൈവിധ്യവത്കരണം നടപ്പാക്കുന്നതിന് നടത്തിയ ശ്രമങ്ങളും വിലയിരുത്തി. ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി നിലവിൽവന്നത് മുതൽ സാമ്പത്തിക മേഖലയിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതായി സുൽത്താൻ പറഞ്ഞു. യുവാക്കളുടെ തൊഴിൽ സംസ്കാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും സ്വന്തമായി തൊഴിലിന് പ്രോത്സാഹനം നൽകാനും ബോധവത്കരണം ആവശ്യമാണ്.
സർക്കാറിന്റെ പ്രകടനം എല്ലാ മേഖലയിലും ഉയർത്തുന്നത് തുടരണം. എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ ശക്തിയും ബലഹീനതയും പഠിക്കുകയും അവ പരിഹരിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുകയും വേണം. മൻജാൻ ലാബിന്റെ പ്രവർത്തനങ്ങളും സുൽത്താൻ വിലയിരുത്തി. അടുത്തിടെ നടന്ന മുനിസിപ്പൽ കൗൺസിൽ വിജയകരമാക്കാൻ ബന്ധപ്പെട്ടവർ നടത്തിയ ശ്രമങ്ങളിൽ സുൽത്താൻ സംതൃപ്തി രേഖപ്പെടുത്തി. മയക്കുമരുന്നുകളുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി പഞ്ചവത്സര പദ്ധതി നടപ്പാക്കുമെന്നും സുൽത്താൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.