മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം എല്ലാ വർഷവും നൽകിവരുന്ന സാംസ്കാരിക അവാർഡിന് ഇക്കുറി സംവിധായകൻ സത്യൻ അന്തിക്കാട് അർഹനായി. സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിൽ ചലച്ചിത്ര മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് കൺവീനർ ടി. ഭാസ്കരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടക്കമുള്ള അവാർഡ് സെപ്റ്റംബർ 21 മുതൽ 23 വരെ അൽ ഫലാജ് ഹോട്ടലിൽ നടക്കുന്ന ഒാണാഘോഷ പരിപാടിയിൽ സമ്മാനിക്കും.
ഇന്ത്യൻ അംബാസഡർ ഇന്ദ്രമണി പാണ്ഡെയും ഒമാൻ സർക്കാറുമായി ബന്ധപ്പെട്ട പ്രത്യേക ക്ഷണിതാവും പരിപാടിയിൽ വിശിഷ്ടാതിഥികളായിരിക്കും. മൂവായിരം പേർക്കുള്ള ഒാണസദ്യയോടെയായിരിക്കും പരിപാടിക്ക് തിരശ്ശീല വീഴുക. മുൻ വർഷത്തേതിൽനിന്ന് വ്യത്യസ്തമായി ലേബർ ക്യാമ്പുകളിൽനിന്നുള്ള സാധാരണക്കാരായ തൊഴിലാളികളെ അൽ ഫലാജിൽ എത്തിച്ച് ഒാണസദ്യയൊരുക്കാനും പദ്ധതിയുണ്ടെന്ന് കൺവീനർ പറഞ്ഞു.
ഒാണാഘോഷത്തിന് മുന്നോടിയായുള്ള മത്സരങ്ങൾ ‘കലോത്സവം 2017’ എന്ന തലക്കെട്ടിൽ ഇൗ മാസം 18 മുതൽ ആരംഭിക്കും. മത്സരങ്ങളിൽ പെങ്കടുക്കുന്നതിനുള്ള അപേക്ഷാ ഫോറങ്ങൾ ഇൗ മാസം 11വരെ സ്വീകരിക്കും. കേരളപ്പിറവിയാണ് ഇൗ വർഷം സംഘടിപ്പിക്കുന്ന മറ്റൊരു സുപ്രധാന പരിപാടി. നവംബർ മൂന്നിന് അൽ ഫലാജ് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ പരമ്പരാഗത കേരളീയ കലാരൂപങ്ങൾ അരങ്ങിലെത്തും. ‘കലോത്സവം 2017’ ലെ വിജയികൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. ഒമാൻ -ഇന്ത്യ സ്പോർട്സ് മീറ്റ് സംഘടിപ്പിക്കുന്നതും ആലോചയിലുണ്ടെന്ന് കൺവീനർ പറഞ്ഞു.
ഒമാൻ ഒളിമ്പിക് അസോസിയേഷെൻറയും ഇന്ത്യൻ എംബസിയുടെയും സഹകരണത്തോടെയാകും പരിപാടി സംഘടിപ്പിക്കുക. ഒമാൻ ഒളിമ്പിക് അസോസിയേഷനുമായി ഇതുസംബന്ധിച്ച കൂടിയാലോചനകൾ നടന്നുവരുകയാണ്. സ്കൂൾ, കോളജ് വിദ്യാർഥികളും ഒമാനി യുവാക്കളും പരിപാടിയുെട ഭാഗമാകും. അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ പെങ്കടുത്ത ഒമാനി-ഇന്ത്യൻ കായിക താരങ്ങളെ പരിപാടിയിൽ ആദരിക്കുന്നതും ആലോചനയിലുണ്ടെന്ന് ടി. ഭാസ്കരൻ പറഞ്ഞു.
പുതിയ ഭരണസമിതിയുടെ കീഴിൽ വ്യത്യസ്തതയാർന്ന പരിപാടികൾ സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്. മലയാളം വിഭാഗത്തിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനായി അംഗത്വഫീസിലടക്കം ഇളവ് ഏർപ്പെടുത്തിയതായി കൺവീനർ പറഞ്ഞു. കുടുംബ അംഗത്വത്തിന് നേരത്തേ 25 റിയാലും അഞ്ച് റിയാൽ അഡ്മിഷൻ ഫീസുമാണ് ഇൗടാക്കിയിരുന്നത്.
ഇത് 20 റിയാലാക്കി ചുരുക്കി. ഭരണസമിതി ചുമതലയേറ്റ് നാലുമാസത്തിനുള്ളിൽ 150 പുതിയ അംഗത്വങ്ങൾ നൽകിയതായും ടി. ഭാസ്കരൻ അറിയിച്ചു. കോ. കൺവീനർ ഉണ്ണികൃഷ്ണൻ നായർ, കൾചറൽ സെക്രട്ടറി പി.എം മുരളീധരൻ, ലേഡീസ് വിങ് സെക്രട്ടറി സിന്ദു സുരേഷ്, സംഗീത നാടക വിഭാഗം സെക്രട്ടറി വി. ജയകുമാർ, കായിക വിനോദ വിഭാഗം സെക്രട്ടറി രഘുപ്രസാദ് കാരണവർ എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.