മസ്കത്ത്: ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് സ്വന്തമായി താമസ യൂനിറ്റുകൾ വാങ്ങാൻ മന്ത്രാലയം അനുവാദം നൽകി. ഒമാൻ പാർപ്പിട നഗര വികസന മന്ത്രി ഖൽഫാൻ ബിൻ സഈദ് അൽ ശുഹൈലിയാണ് ഇതുസംബന്ധമായ മന്ത്രാലയ തീരുമാനം പുറത്തിറക്കിയത്.
താമസ യൂനിറ്റുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഇതിനായി റിയൽ എസ്റ്റേറ്റ് രജിസ്ട്രീ സെക്രട്ടേറിയറ്റിൽനിന്നും ആവശ്യമായ രേഖകൾ നൽകി സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ടിവരും. അപേക്ഷകർക്ക് രണ്ടുതരം കാർഡുകളാണ് ലഭിക്കുക. ഇതിൽ ഫസ്റ്റ് റസിഡൻസ് കാർഡിന് അപേക്ഷിക്കുന്നവർ അഞ്ചുലക്ഷം റിയാലിനോ അതിനുമുകളിലോ വിലവരുന്ന ഒന്നോ അതിൽ കൂടുതലോ ഹൗസിങ് യൂനിറ്റുകൾ വാങ്ങുന്നതിനുള്ള രേഖകൾ സമർപ്പിക്കണം.
രണ്ടര ലക്ഷം റിയാലോ അതിൽ കൂടുതലോ വിലവരുന്ന സ്വത്ത് വാങ്ങുന്നവർക്ക് സെക്കൻഡ് ക്ലാസ് റസിഡൻറ് കാർഡാണ് ലഭിക്കുക. വിദേശികൾക്ക് സ്ഥലം കൈവശപ്പെടുത്താൻ ലൈസൻസുള്ള മേഖലകളിൽ മാത്രമാണ് ഇത്തരം താമസ യൂനിറ്റുകൾക്ക് അനുവാദം ലഭിക്കുക.
അനുവാദമുള്ള താമസ, വാണിജ്യ, വ്യവസായ മേഖലകളിൽ സ്വന്തമായി സ്വത്ത് വാങ്ങാൻ ഫസ്റ്റ് റസിഡൻറ് കാർഡുള്ള വിദേശികൾക്ക് അവകാശമുണ്ടാവും. ഇത്തരം സ്വത്തുക്കൾ കൈമാറ്റം ചെയ്യാനും പുതിയ ഉത്തരവ് അനുവദിക്കുന്നുണ്ട്. എന്നാൽ, 2018 രാജകീയ ഉത്തരവ് പ്രകാരം വിദേശികൾക്ക് സ്വത്തുക്കൾ വാങ്ങുന്നതിന് വിലക്കുള്ള മേഖലകളിൽ താമസ യൂനിറ്റുകൾ വാങ്ങാൻ കഴിയില്ല.
മുസന്തം, ബുറൈമി, ദാഖിറ, അൽ വുസ്ത ഗവർണറേറ്റുകളിലും സലാല വിലായത്ത് ഒഴികെ ദോഫാർ ഗവർണറേറ്റും വിദേശികൾക്ക് സ്വത്ത് വാങ്ങുന്നതിനുള്ള വിലക്കിൽ ഉൾപ്പെടും. ലിവ വിലായത്ത്, ശിനാസ്, മസീറ, ജബൽ അഖ്ദർ, ജബൽ ശംസ് തുടങ്ങിയ സ്ഥലങ്ങളും തന്ത്രപ്രധാനമായി അധികൃതർ നിർണയിച്ച പർവതങ്ങളിലും വിലക്ക് നിലവിലുണ്ട്.
ദ്വീപുകൾ, രാജകൊട്ടാരത്തിന് സമീപമുള്ള സ്ഥലങ്ങൾ, സുരക്ഷ, സൈനിക മേഖലകൾക്ക് സമീപമുള്ള സ്ഥലങ്ങൾ, പുരാവസ്തു സാംസ്കാരിക പൈതൃകങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങൾ എന്നിവയും വിദേശികൾക്ക് വാങ്ങാൻ കഴിയില്ല. എല്ലാ ഗവർണറേറ്റുകളിലെയും ടൂറിസ സമുച്ചയങ്ങൾക്ക് നിർണയിച്ച ഭാഗങ്ങൾ വിലക്കിൽ ഉൾപ്പെടില്ല. നിലവിൽ കമ്പനികൾക്ക് സ്വത്ത് വാങ്ങാൻ ഒമാനിൽ അനുവാദമുണ്ട്. എന്നാൽ, മേൽപറഞ്ഞ വിലക്കുകളുള്ള മേഖലകളിൽ സ്വത്തു വാങ്ങാൻ കമ്പനികൾക്കും അനുവാദമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.