മസ്കത്ത്: പ്രവാസി വിഷയങ്ങളിൽ രാഷ്ട്രീയം നോക്കാതെ ഇടപെട്ട നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയത്തിനപ്പുറത്ത് ജനങ്ങളുടെ വിഷയങ്ങളായി കണ്ട് അതിൽ ഇടപെടുകയും സാധ്യമാവുന്നകാര്യങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു. വിവിധ ഗൾഫ് രാജ്യങ്ങളിൽ ഇടതുപക്ഷ സംഘടനകൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകാൻ കോടിയേരി എപ്പോഴും മുന്നിലുണ്ടായിരുന്നു. സംഘടന എന്നനിലക്ക് പ്രവാസികൾക്കുവേണ്ടിയാണ് നിലകൊള്ളേണ്ടതെന്ന് എപ്പോഴും ഉപദേശിക്കുമായിരുന്നുവെന്ന് പ്രവാസി കേരള ക്ഷേമനിധി ബോർഡ് അംഗവും കേരള ലോക്സഭ അംഗവുമായ പി.എം. ജാബിർ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം വേദനയുണ്ടാക്കുന്നതാണ്. അദ്ദേഹവുമായി വളരെ അടുത്തബന്ധം പുലർത്തിയിരുന്നു. എസ്.എഫ്.ഐയുടെ പ്രസിഡന്റായിരുന്നപ്പോഴും പാർട്ടി സെക്രട്ടറിയായപ്പോഴും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. സംഘടനയിലേക്ക് കൈപിടിച്ചുയർത്താനും ശരിയായ മാർഗനിർദേശം നൽകാനും എപ്പോഴും ശ്രമിച്ചു. എന്നാൽ, തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതിൽ അദ്ദേഹത്തിന് ഇതൊന്നും തടസ്സമായിരുന്നില്ല. ഒമാനടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഇടതുപക്ഷ സംഘടനകൾ എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്നതിനെ കുറിച്ചും കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്ന കോടിയേരിയെന്ന് ജാബിർ പറഞ്ഞു. 2019ലാണ് കോടിയേരി അവസാനമായി ഒമാനിലെത്തിയത്. വിവിധ സംഘടനകൾ കോടിയേരിയുടെ നിര്യാണത്തിൽ അനുശോചിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.