മസ്കത്ത്: ഫാക് കുർബ പദ്ധതിയിലൂടെ റമദാനിൽ ഇതുവരെയായി 319 തടവുകാരെ ജയിലുകളിൽനിന്ന് മോചിപ്പിച്ചതായി അധികൃതർ അറിയിച്ചു. ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലിലകപ്പെട്ടവരെ മോചിതരാക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുർബ. റമദാനിലെ എട്ട് ദിവസങ്ങൾക്കുള്ളിലാണ് ഇത്രയും ആളുകളെ ഉറ്റവരുടെ സ്നേഹത്തണലിലേക്ക് എത്തിക്കാൻ സാധിച്ചത്.
വടക്കൻ ബാത്തിന 98, ദാഹിറ-54, ബുറൈമി-42, തെക്കൻ ശർഖിയ-32, മസ്കത്ത്- 29, തെക്കൻ ബാത്തിന-26, ദാഖിലിയ-20, വടക്കൻ ശർഖിയ-13, ദോഫാർ-നാല്, മുസന്ദം-ഒന്ന് എന്നിങ്ങനെയാണ് വിവിധ ഗവർണറേറ്റുകളിൽനിന്ന് മോചിതരായവരുടെ കണക്കുകൾ. ഫാക് കുറുബ പദ്ധതിയുടെ പത്താം പതിപ്പാണ് ഈ വർഷം നടക്കുന്നത്. ഒമാന്‍ ലോയേഴ്സ് അസോസിയേഷനാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. 1,300 തടവുകാര്‍ക്ക് ഈ വര്‍ഷം മോചനം സാധ്യമാക്കാനാകുമെന്നാണ് ഒമാന്‍ ലോയേഴ്സ് അസോസിയേഷൻ കരുതുന്നത്.
പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്. 2012ൽ തുടങ്ങിയ പദ്ധതിയിലൂടെ ആയിരക്കണക്കിന് ആളുകളെ ജീവിതത്തിന്റെ നിറങ്ങളിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. ഒമാനി സമൂഹത്തിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് ‘ഫാക് കുർബ’ പദ്ധതിയുടെ വിജയത്തിന് പിന്നിൽ. ഒരു അഭിഭാഷകൻ ആരംഭിച്ച സംരംഭം, പിന്നീട് ഒരു കൂട്ടം അഭിഭാഷകർ ഏറ്റെടുക്കുകയായിരുന്നു. ഇന്നത് വ്യക്തികളും ഗ്രൂപ്പുകളും സ്ഥാപനങ്ങളും ചേർന്ന് വിജയകരമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. പദ്ധതിക്ക് സഹായവുമായി നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ദാഹിറ ഗവർണറേറ്റിലെ പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സ്വദേശി പൗരൻ 38 പേരുടെ മോചനത്തിനായി സംഭാവന നൽകിയിരുന്നു. തുടർച്ചയായി ഏഴാം വർഷമാണ് ഇയാൾ സഹായത്തിന്റെ കരങ്ങൾ നീട്ടുന്നത്.
കുർബ പദ്ധതിക്ക് സഹായഹസ്തവുമായി അഹദ് ഫൗണ്ടേഷനും ദിവസങ്ങൾക്ക് മുമ്പ് എത്തിയിരുന്നു. സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ, സംരംഭത്തിന്റെ വെബ്സൈറ്റ് വഴിയും (www.fakkrba.om) മസ്കത്ത് ബാങ്ക് അക്കൗണ്ടിലൂടെയും (0317024849660014) നൽകാമെന്ന് അധികൃതർ അറിയിച്ചു. മാർച്ച് 16 വരെ ഫാക് കുർബ പദ്ധതി തുടരും. പദ്ധതിക്ക് സാമ്പത്തിക പിന്തുണയുമായി സുല്‍ത്താന്റെ പത്നിയും പ്രഥമ വനിതയുമായ അസ്സയിദ അഹദ് അബ്ദുല്ല ഹമദ് അല്‍ ബുസൈദി, സയ്യിദ് ബില്‍ അറബ് ബിന്‍ ഹൈതം അല്‍ സഈദ് എന്നിവരും കഴിഞ്ഞ വർഷം എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.