മസ്കത്ത്: സുൽത്താനേറ്റിലെ കോട്ടകൾ, പൈതൃക കേന്ദ്രങ്ങൾ തുടങ്ങിയവ സന്ദർശിക്കുന്നതിനുള്ള ഫീസ് നിർണയിച്ച് പൈതൃക ടൂറിസം മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. മന്ത്രി സലിം ബിൻ മുഹമ്മദ് ബിൻ സഈദ് അൽ മഹ്റൂഖിയാണ് പുതിയ ഉത്തരവിറക്കിയത്. ഡിസംബർ 26ന് പുറപ്പെടുവിച്ച തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം മുതൽ പ്രാബല്യത്തിൽ വരും. ഔദ്യോഗിക സർക്കാർ പ്രതിനിധി സംഘങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന സ്കൂൾ യാത്രകളെയും ഫീസ് ഈടാക്കുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സന്ദർശന ഫീസ് നിശ്ചയിക്കുന്നതിനായി ചരിത്ര സ്മാരകങ്ങളെ മന്ത്രാലയം രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. തനതായ ചരിത്രപരവും സാംസ്കാരികവുമായ ഘടകങ്ങളുള്ള കോട്ടകൾ ക്ലാസ് ഒന്ന് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സാധാരണ ചരിത്രസ്ഥലങ്ങളോ സന്ദർശക കേന്ദ്രങ്ങളോ ആണ് ക്ലാസ് രണ്ടിൽ വരുന്നത്. പുതിയ ഫീസുകൾ താഴെ പറയും പ്രകാരമായിരിക്കും ഈടാക്കുക.
സ്വദേശികൾ, ജി.സി.സി പൗരന്മാർ: 12 വയസ്സിന് മുകളിൽ
ക്ലാസ് ഒന്ന്: ഒരു റിയാൽ.
ക്ലാസ് രണ്ട്: 500 ബൈസ.
ആറു മുതൽ 12 വയസ്സു വരെ: ക്ലാസ് ഒന്ന്, രണ്ട്: 200 ബൈസ.
താമസക്കാർക്ക്: 12 വയസ്സിന് മുകളിലുള്ളവർ
ക്ലാസ് ഒന്ന്, രണ്ട്: ഒരു റിയാൽ.
ആറ് മുതൽ 12 വയസ്സു വരെ: ക്ലാസ് ഒന്ന്, രണ്ട്: 500 ബൈസ.
ടൂറിസ്റ്റുകൾ: 12 വയസ്സിന് മുകളിൽ
ക്ലാസ് ഒന്ന്: മൂന്ന് റിയാൽ.
ക്ലാസ് രണ്ട്: രണ്ട് റിയാൽ.
ആറ് മുതൽ 12 വയസ്സു വരെ: ക്ലാസ് ഒന്ന്, രണ്ട്: ഒരുറിയാൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.