മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളിന്റെ പുതിയ ഭരണസമിതി (ബി.ഒ.ഡി) ഏപ്രിൽ ഒന്നിന് ചുമതലയേൽക്കും. ആദ്യ യോഗം അഞ്ചിന് നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഈ യോഗത്തിലാണ് വൈസ് ചെയർമാൻ, ഫിനാൻഷ്യൽ ഡയറക്ടർ തുടങ്ങിയ ഭാരവാഹികളെ നിയമിക്കുന്നത്.
21 ഇന്ത്യൻ സ്കൂളുകളെ നിയന്ത്രിക്കുന്ന ഭരണസമിതിയുടെ കാലാവധി രണ്ടു വർഷമാണ്. മാർച്ച് 20ന് നടന്ന തെരഞ്ഞെടുപ്പിൽ ഭരണസമിതിയുടെ പുതിയ ചെയർമാനായി ശിവകുമാർ മാണിക്കം വിജയിച്ചിരുന്നു. 15 പേരാണ് സ്കൂൾ ബി.ഒ.ഡി അംഗങ്ങളായി ഉണ്ടാകുക.
രക്ഷിതാക്കളുടെ പ്രതിനിധികളായി തെരഞ്ഞെടുപ്പിൽ വിജയിച്ച സയ്യിദ് സൽമാൻ, പി.പി. നിതീഷ് കുമാർ, പി.ടി.കെ. ഷമീർ, കൃഷ്ണേന്ദു, ഡോ. ശിവകുമാർ മാണിക്കം എന്നിവർക്ക് പുറമെ അശ്വിനി സവർക്കർ, ജയ്പാൽ, അമ്പല വാണൻ (എംബസി പ്രതിനിധികൾ), ഹർഷേന്ദു ഷാ, അൽകേഷ് ജോഷി( വാദികബീർ സ്കൂൾ), റഹീസ് അഹമ്മദ്, സിറാജുദ്ധീൻ നഹ്ലത്ത് (ഗൂബ്ര സ്കൂൾ), അമർദീപ് ഷിൻഡെ (മസ്കത്ത്), വിജയ് സരവണൻ (ദാർസൈത്ത്), വിനോപ (എജ്യുക്കേഷൻ അഡ്വൈസർ) തുടങ്ങിയവരാണ് പുതിയ ഭരണ സമിതിയിലുള്ളത്.
സലാല : ഇന്ത്യൻ സ്കൂൾ സലാലയുടെ അടുത്ത രണ്ടുവർഷത്തേക്കുള്ള പ്രസിഡന്റായി ഡോ. അബൂബക്കർ സിദ്ദീഖിനെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് നിയമിച്ചു. നിലവിലുള്ള പ്രസിഡന്റ് ഡോ. സയ്യിദ് ഇഹ്സാൻ ജമീലിന്റെയും കമ്മിറ്റിയുടെയും കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. നിലവിൽ സ്കൂൾ മാനേജിങ് കമ്മിറ്റി ട്രഷററായ ഡോ. അബൂബക്കർ സിദ്ദീഖ് , രണ്ട് കാലയളവിലായി നാലുവർഷമായി എസ്.എം.എസി അംഗമായിരുന്നു. തൃശുർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശിയായ ഇദ്ദേഹം ഓർത്തോഡോണ്ടിക് സ്പെഷലിസ്റ്റും അൽ സാഹിർ സ്ഥാപനങ്ങളുടെ മേധാവിയുമാണ് .
കഴിഞ്ഞ 23 വർഷമായി സലാലയിലുള്ള ഇദ്ദേഹം സാമൂഹിക ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമാണ്. ഭാര്യ ഡോ. സമീറ സിദ്ദീഖ് ഒമാൻ കോളജ് ഓഫ് ഹെൽത്ത് സയൻസിൽ അധ്യാപികയാണ്. മൂന്ന് മക്കളുണ്ട്. സിദ്ദീഖിന്റെ നിയമനം സ്കൂളിന്റെ സമഗ്ര പുരോഗതിക്ക് ഗുണം ചെയ്യുമെന്ന് കോൺസുലാർ ഏജന്റ് ഡോ:കെ.സനാതനൻ പറഞ്ഞു. ഏപ്രിൽ ഒന്നുമുതൽ രണ്ടുവർഷത്തേക്കാണ് നിയയമനം. പുതിയ കമ്മിറ്റിയും മറ്റു ഭാരവാഹികളും വൈകാതെ നിലവിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.