മസ്കത്ത്: ഏഷ്യയിലെയും മിഡിലീസ്റ്റിലെയും ആഫ്രിക്കയിലെയും ചൈനീസ് നിക്ഷേപങ്ങളിൽ ഏറ്റവും പ്രതീക്ഷയുണർത്തുന്നത് ദുകമിൽ സ്ഥാപിക്കാനൊരുങ്ങുന്ന വ്യവസായനഗരമെന്ന് ഫോർബ്സ് മാസികയുടെ റിപ്പോർട്ട്. പത്ത് ശതകോടി ഡോളർ മുതൽമുടക്ക് പ്രതീക്ഷിക്കുന്ന ചൈനീസ് വ്യവസായനഗരവുമായി ബന്ധപ്പെട്ട കരാർ അടുത്തിടെയാണ് ഒപ്പിട്ടത്. ഏതാണ്ട് ഒരു വർഷം മുമ്പാണ് ഏറ്റവും മികച്ച വ്യവസായ നഗരം പടുത്തുയർത്തുന്നത് സംബന്ധിച്ച് ചൈനീസ് കൺസോർട്യവുമായി ഒമാൻ പ്രാഥമിക ധാരണയിൽ എത്തിയത്. ഏറ്റവും മികച്ചത് എന്താണോ അത് ചെയ്യാൻ ഒമാൻ നൽകിയ അനുമതി സമീപഭാവിയിൽ മേഖലയുടെ മുഖച്ഛായ മാറ്റാൻ വഴിയൊരുക്കുമെന്നും ഫോർബ്സ് റിപ്പോർട്ടിൽ പറയുന്നു.
പ്രതിദിനം 2.30 ലക്ഷം ലിറ്റർ ശേഷിയുള്ള പെട്രോകെമിക്കൽ കോംപ്ലക്സ് ആണ് വ്യവസായനഗരപദ്ധതിയുടെ പ്രധാന കരുത്ത്. സൗരോർജപദ്ധതികളും ചെറുകിട-ഇടത്തരം വ്യവസായനഗരങ്ങളും പദ്ധതിയുടെ ഭാഗമാണ്. മാസ് കോൺക്രീറ്റ് പ്രൊഡക്ഷൻ ഫാക്ടറി, ബിൽഡിങ് മെറ്റീരിയൽസും അനുബന്ധ വ്യവസായങ്ങളും മെതനോൾ ഉൽപാദനകേന്ദ്രം തുടങ്ങി 12 വൻകിട വ്യവസായശാലകളടക്കം 35 പദ്ധതികളാണ് ഒരുങ്ങുന്നത്. ചെറുകിടവ്യവസായമേഖലയിൽ ഒരു ജിഗാവാട്ടിെൻറ സൗരോർജ പദ്ധതി, സ്പെഷൽ ഫോർവീൽഡ്രൈവ് ഉൽപാദന കേന്ദ്രം, ബൈസൈക്കിൾ അസംബ്ലി, വസ്ത്രോൽപാദന കേന്ദ്രങ്ങൾ തുടങ്ങിയവയാണ് ഉള്ളത്. ട്രെയിനിങ് സെൻറർ, സ്കൂൾ, ആശുപത്രി, ഒാഫിസ്, സ്പോർട്സ് സെൻറർ മൾട്ടി യൂസ് പദ്ധതികളും ഇതിെൻറ ഭാഗമാണ്. ടൂറിസം മേഖലയിലാകെട്ട ഒരു പഞ്ചനക്ഷത്ര ഹോട്ടലാണ് ഉള്ളത്. മരുഭൂമിയിൽ ഉയർന്നുവരുന്ന ഇൗ വ്യവസായനഗരം മേഖലയെ ആഗോള വ്യാപാര-വാണിജ്യത്തിെൻറയും ഉൽപാദനത്തിെൻറയും സുപ്രധാന കേന്ദ്രമാക്കി മാറ്റുമെന്ന് ഫോർബ്സ് റിപ്പോർട്ട് പറയുന്നു.
വിപുലമായ സൗകര്യങ്ങളോടെയുള്ള തുറമുഖവും വ്യവസായനഗരത്തിെൻറ പ്രധാന ആകർഷണമാകും. വ്യവസായ പ്രവർത്തനങ്ങളുടെ കേന്ദ്രമാകുന്നതിനൊപ്പം 25,000 പേർക്ക് തൊഴിലവസരങ്ങളും താമസസൗകര്യവും ഒരുക്കാൻ വ്യവസായനഗരം വഴിയൊരുക്കും. പ്രത്യേക സാമ്പത്തിക മേഖലയുടെയും തുറമുഖത്തിെൻറയും പ്രത്യേകസ്ഥാനം ചൈനയുടെ ചരിത്രപ്രധാനമായ കടൽ സിൽക്ക് റോഡ് പദ്ധതിയുടെ സവിശേഷഘടകമായി വ്യവസായനഗരത്തെ മാറ്റും. യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കുമുള്ള വാണിജ്യപാത ഫലപ്രദമായി വിനിയോഗിക്കാൻ പദ്ധതി ചൈനയെ സഹായിക്കുമെന്നും ഫോർബ്സ് റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.