മസ്കത്ത്: വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ് കൗൺസിൽ ചെയർമാൻ ഡോ. റഷാദ് മുഹമ്മദ് അൽ അലിമിയുമായി ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി.
യു.എൻ ജനറൽ അസംബ്ലിയുടെ 78ാമത് സമ്മേളനത്തോടനുബന്ധിച്ചുള്ള യോഗത്തിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച. യമനിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും മറ്റും കൂടിക്കാഴ്ചയിൽ ഇരുപക്ഷവും ചർച്ച ചെയ്തു. യുദ്ധം അവസാനിപ്പിക്കുന്നതിനും യമൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന സമഗ്രമായ ഒരു രാഷ്ട്രീയ പ്രക്രിയയിലേക്ക് പ്രവേശിക്കുന്നതിനുമുള്ള ശ്രമങ്ങൾക്കും ഇരുപക്ഷവും പിന്തുണ അറിയിച്ചു. യമൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന സമഗ്രമായ ഒരു പരിഹാരത്തിലേക്ക് എത്താനുള്ള ശ്രമങ്ങളുടെ തുടർച്ചയായി റിയാദിൽ അടുത്തിടെ നടന്ന ചർച്ചകളെ ഒമാൻ സ്വാഗതം ചെയ്യുന്നതായും മന്ത്രി അറിയിച്ചു. യമൻ വിഷയത്തിലെ ഒമാന്റെ ഇടപെടലിനെ പ്രസിഡൻഷ്യൽ ലീഡർഷിപ് കൗൺസിൽ ചെയർമാൻ അഭിനന്ദനം അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.