മസ്കത്ത്: ഖത്തർ ലോകകപ്പിന്റെ ആവേശങ്ങൾ ലോകത്തിനുമുന്നിൽ എത്തിക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ ലോകകപ്പ് ഫാൻ ലീഡർ നെറ്റ്വർക്കിലേക്ക് സുൽത്താനേറ്റിൽനിന്ന് നാലുപേർ തിരഞ്ഞെടുക്കപ്പെട്ടു. ഫുട്ബാൾ ആരാധകരായ ഫൈസൽ ബിൻ അബ്ദുൽറഹീം അൽ ബലൂഷി, മാസെൻ ബിൻ മഹ്ഫൂസ് അൽ സിയാബി, അമ്മാർ ബിൻ ഷുബർ അൽ മൗസാവി, അസിം ബിൻ ലാൽ ബക്ഷ് അൽ ബലൂഷി എന്നിവരാണ് ഖത്തറിന്റെ തീപിടിക്കുന്ന മൈതാനങ്ങളിനിന്ന് ആവേശക്കാഴ്ചകളെ ഒപ്പിയെടുക്കാൻ ഒമാനിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ.
ഖത്തർ ലോകകപ്പിന്റ സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് ലോകമെങ്ങുമുള്ള ഫാൻ ഗ്രൂപ്പുകളെ ഒരു കുടക്കീഴിലെത്തിക്കുന്നതിനായി ഫാൻ ലീഡർ നെറ്റ്വർക്ക് ആവിഷ്കരിച്ചത്. ഇവരിലൂടെ ഖത്തർ ലോകകപ്പിന്റെ വാർത്തകളും വിശേഷങ്ങളും ലോകമെങ്ങും എത്തിക്കുക, സമൂഹ മാധ്യമങ്ങളിലും മറ്റുമായി ഖത്തർ ലോകകപ്പിന്റെ പ്രചാരണത്തിന് നേതൃത്വം നൽകുക തുടങ്ങിയവയാണ് ഫാൻ ലീഡർ നെറ്റ്വർക്കിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഫാൻ ലീഡർ നെറ്റ്വർക്ക് തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ ആരംഭിക്കുന്നത്. 1986 ലോകകപ്പ് മുതൽ എല്ലാ വേദികളിലുമെത്തുന്ന മെക്സിക്കൻ സൂപ്പർ ഫാൻ ഹെക്ടർ കറാമെലോ മുതൽ ഒമാനിൽനിന്നുള്ള സംഘങ്ങൾ വരെയാണ് ഇടംപിടിച്ചത്. 410 ഓളം പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആരാധകക്കൂട്ടങ്ങളുടെ ശൃംഖലയുടെ ഭാഗമായത്. ഡോക്ടർമാർ, മാധ്യമ പ്രവർത്തകർ, ഫ്രീസ്റ്റൈൽ ഫുട്ബാളേഴ്സ്, യൂടൂബേഴ്സ്, അക്കൗണ്ടൻറുമാർ, ബിസിനസ് നടത്തുന്നവർ അങ്ങനെ വിവിധ മേഖലയിലുള്ളവർ ഈ സംഘത്തിലുണ്ട്. ഒമാൻ ഫുട്ബാൾ അസോസിയേഷനാണ് ഖത്തർ ലോകകപ്പ് ഫാൻ ലീഡേഴ്സ് നെറ്റ്വർക്കിലേക്ക് തങ്ങളെ നാമനിർദേശം ചെയ്തതെന്ന് ഫൈസൽ അൽ ബലൂഷി പറഞ്ഞു.
ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വാർത്തകളും തങ്ങളുടെ സ്വകാര്യ അക്കൗണ്ടുകൾ വഴി പതിവായി പ്രസിദ്ധീകരിക്കുകയും ടൂർണമെന്റിനെക്കുറിച്ചുള്ള ചില പ്രത്യേക വിശേഷങ്ങൾ ഒമാനി മാധ്യമങ്ങൾക്ക് നൽകുകയും ചെയ്യുമെന്ന് മാസെൻ ബിൻ മഹ്ഫൂസ് അൽ സിയാബി പറഞ്ഞു. 2,50,000ലധികം ഫോളോവർമാർ തങ്ങളുടെ അക്കൗണ്ടുകളിൽനിന്ന് ലോകകപ്പിന്റെ വിവരങ്ങളും മറ്റും നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫാൻ ലീഡർ നെറ്റ്വർക്കിൽ 60 രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് 400 ലധികം അംഗങ്ങളുണ്ട്. ഇവർ അറിയപ്പെടുന്ന ഫുട്ബാൾ ആരാധകരും അതത് രാജ്യങ്ങളിൽ പ്രശസ്തരുമാണെന് അസിം ബിൻ ലാൽ ബക്ഷ് അൽ ബലൂഷി പറഞ്ഞു. കഴിഞ്ഞ ദിവസം ദോഹയിലെ അൽ ബിദ്ദ ടവറിലെ ലെഗസി പവലിയനിൽ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും ഫിഫ ലോകകപ്പ് അംബാസഡറുമായ ഡേവിഡ് ബെക്കാമുമായി സംഘത്തിലെ ആറ് അംഗങ്ങൾക്ക് കൂടിക്കാഴ്ച നടത്താനുള്ള സുവർണാവസരവും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.