മസ്കത്ത്: ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയിലെ ഒമാന്റെ പ്രാതിനിധ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ സഹായിച്ചുവെന്ന് സുൽത്താനേറ്റിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ സമാപിച്ച ജി20 ഉച്ചകോടിയുടെ ഫലങ്ങളെയും ഒമാന്റെ ക്രിയാത്മക പങ്കാളിത്തത്തെക്കുറിച്ചും എംബസിയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉച്ചകോടിയിലേക്ക് ഒമാന്റെ ക്ഷണം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴത്തിൽ വേരൂന്നിയ ബന്ധങ്ങൾക്ക് അടിവരയിടുന്നതാണ്. സുൽത്താനേറ്റ് പ്രത്യേക അതിഥിയായി ആദരിച്ചുവെന്നതിൽ സന്തോഷമുണ്ട്. 150ലധികം ജി20 മീറ്റിങ്ങുകളിൽ ഒമാൻ ക്രിയാത്മകമായ പങ്കാളികളായി.
ഒമാനി പ്രതിനിധികൾ വർക്കിങ് ഗ്രൂപ് ചർച്ചകളെ അവരുടെ കാഴ്ചപ്പാടുകളാൽ സമ്പന്നമാക്കുകയും ചെയ്തു. വിദേശകാര്യം, ടൂറിസം, കൃഷി, സാമ്പത്തികം, തൊഴിൽ, വാണിജ്യം, ആരോഗ്യം തുടങ്ങിയ മന്ത്രിമാരും സ്റ്റേറ്റ് ഓഡിറ്റ് ആൻഡ് എൻവയോൺമെന്റ് അതോറിറ്റി ചെയർപേഴ്സന്മാരുമുൾപ്പെടെയുള്ള സംഘം ഉൽപാദനപരമായ ചർച്ചകളിൽ പങ്കെടുക്കാൻ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയിലെത്തിയിരുന്നു. ഇതിന് സഹായിച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് ഞങ്ങളുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. സുൽത്താനേറ്റിന്റെ പങ്കാളിത്തത്തിലൂടെ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർക്ക് ആഗോള ചർച്ചകളുടെ അനുഭവം നേടുന്നതിന് വിലമതിക്കാനാകാത്ത അവസരം നൽകിയെന്നാണ് കരുതുന്നത്. ജി20 ഉച്ചകോടി വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞതിനെ അഭിനന്ദിക്കുകയും പ്രത്യേക അതിഥിയായി പങ്കെടുക്കാൻ ഒമാനെ ക്ഷണിച്ചതിന് അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രിയും സുൽത്താന്റെ വ്യക്തിഗത പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദ് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവേയാണ് അസദ് ഇക്കാര്യം പറഞ്ഞത്.
അദ്ദേഹത്തിന്റെ പരാമർശങ്ങളെ വിലമതിപ്പോടെയാണ് കാണുന്നതെന്നും അംബാസഡർ പറഞ്ഞു. ഇന്ത്യയുടെ പ്രസിഡൻസിക്ക് കീഴിലുള്ള ജി20 ഉച്ചകോടി ഉജ്ജ്വല വിജയമായിരുന്നുവെന്നും കഴിഞ്ഞ ഒരു വർഷത്തിനിടെ, ഇന്ത്യയുടെ അധ്യക്ഷതയിലുള്ള ജി20 ഏറ്റവും പ്രധാനപ്പെട്ട ചില ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിച്ചുവെന്നും അംബാസഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.