മസ്കത്ത്: ഒമാനിലെ ദങ്ക് വിലായത്തിൽ പേരക്ക മരങ്ങളിൽ നിന്ന് ഈ വർഷം ലഭിച്ചത് മികച്ച വിളവ്. വാണിജ്യാടിസ്ഥാനത്തിൽ പേര മരങ്ങൾ വെച്ച് പിടിപ്പിക്കാനുള്ള പദ്ധതി ഗ്രാമ വാസിയായ സാലിം അൽ അസീസിയാണ് ആരംഭിച്ചത്. നാല് വർഷം മുമ്പ് നട്ടു വളർത്തിയ അദ്ദേഹത്തിന്റെ പേര മരങ്ങളിലാണ് ഇപ്പോൾ വിളവെടുപ്പ് കഴിഞ്ഞത്.
തന്റെ വളക്കൂറുള്ള ഫാമിൽ പേരക്ക വിളഞ്ഞ് നിൽക്കുന്നത് കാണുകയെന്നത് വലിയ സ്വപ്നമായിരുന്നുവെന്നാണ് സാലിം അൽ അസീസി പറയുന്നത്. ഒമാൻ മറ്റ് കൃഷികളെ പോലെ പേരക്കക്കും പറ്റിയ മണ്ണാണെന്നും അദ്ദേഹം പറഞ്ഞു. ഒമാനിൽ വാണജ്യാടിസ്ഥാനത്തിൽ പേരക്ക് കൃഷി നടത്തുന്ന ആദ്യ കർഷകൻ കൂടിയാണദ്ദേഹം. കാർഷിക വൈവധ്യ വത്കരണം നടപ്പാക്കുന്നതിന് തന്റെ ശ്രമങ്ങൾ പ്രോത്സാഹനമാവുമെന്നും അദ്ദേഹം പറഞ്ഞു.
നാലു വർഷം മുമ്പ് തന്റെ അസീസി ഫാമിൽ 100 പേരക്ക തൈകളാണ് അദ്ദേഹം നട്ടത്. ഇന്ത്യ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള പേര തൈകളാണ് നട്ടു വളർത്തിയത്. ഒമാന്റെ കലാവസ്ഥക്ക് പറ്റിയ പേരത്തൈകൾ തെരഞ്ഞെടുക്കുന്നതിന് കാർഷിക, മത്സ്യ, ജലവിഭവ മന്ത്രാലയത്തിന്റെ നിർദേശവും അദ്ദേഹം തേടിയിരുന്നു.
പ്രാദേശിക മാർക്കറ്റിൽ പേരക്കുള്ള ഡിമാന്റാണ് ഈ കൃഷിയിലേക്ക് തിരിയാൻ പ്രധാന കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ഒമാനിൽ പേര മരങ്ങൾ നല്ല വിളകൾ നൽകുന്നുണ്ട്. ഫെബ്രുവരി മുതൽ ജൂലൈ വരെയാണ് പേര മരങ്ങൾ കായ്ക്കുന്നത്. ഓരോ മരത്തിലും 45 കിലോ വരെ പേരക്കകൾ ഉണ്ടായതായി അദ്ദേഹം പറഞ്ഞു. മൊത്തം നാലര ടൺ പേരക്കയാണ് ഈ വർഷം വിളവെടുത്തത്.
യങ്കലിലെ പ്രദേശിക മാർക്കറ്റിലും അയൽ പ്രദേശങ്ങളിലുമാണ് പേരക്ക വിൽപ്പന നടത്തിയത്. നിരവധി കുടുംബങ്ങൾ ഫാം സന്ദർശിക്കുകയും ഫേട്ടോയെടുക്കുകയും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇത് കൂടുതൽ ഉപഭോക്താക്കളെ ആകൾഷിക്കാനും കാരണമാക്കി.ഒമാനിൽ അനുഭവപ്പെടുന്ന കൊടും ചട് പേര മരങ്ങൾക്ക് വലിയ വെല്ലുവിളിയാണ്. ചൂട് 50 ഡിഗ്രിയോടടുക്കുമ്പോഴാണ് മരങ്ങളെ ബാധിക്കുന്നത്.
അതോടൊപ്പം വിവിധയിനം പ്രാണികളും പേര കൃഷിക്ക് വെല്ലുവിളിയുയർത്തുന്നുണ്ട്. എന്നാൽ മന്ത്രാലയത്തിന്റെ പുതിയ സാങ്കേതിക വിദ്യയും സാങ്കേതിക പിന്തുണയും ഈ വെല്ലുവിളികളെ അതിജീവിക്കാൻ സഹായകമാവുന്നുണ്ട്. പേര കൃഷി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ഒമാനിലെ മുഴുവൻ മാർക്കറ്റിലേക്കും പേരയെത്തിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.