മസ്കത്ത്: പാട്ടിന്‍റെ വഴിയിൽ അമ്പതാണ്ട് പിന്നിട്ട ഭാവഗായകൻ പി. ജയചന്ദ്രന് ആദരമൊരുക്കിയ പരിപാടിയുടെ മധുര ഓർമകളിൽ മസ്കത്തിലെ മലയാളി പ്രവാസി സമൂഹം. പിറന്ന നാടിന്റെ മണവും മൊഴിയുടെ മധുരവും നെഞ്ചിലേറ്റുന്ന മലയാളി സമൂഹത്തിനായി 2015ൽ ‘ഗൾഫ് മാധ്യമം’ മസ്കത്ത് ഖുറം സിറ്റി ആംഫി തിയേററ്റിൽ ഒരുക്കിയ ‘മധുരമെൻ മലയാളം’ പരിപാടിയുടെ വേദിയിലാണ് പ്രിയ ഗായകൻ ആദരവ് ഏറ്റുവാങ്ങിയത്.
പാട്ടിൻെറ വഴിയിൽ അമ്പതാണ്ടിന്‍റെ ചെറുപ്പത്തോടെയും പ്രസരിപ്പോടെയും പ്രിയ ഗായകകൻ അരങ്ങിലെത്തിയപ്പോൾ ഒമാനിലെ മലയാളി സമൂഹത്തിന് എന്നെന്നും ഓർമിക്കാനുള്ള കലാരാവായി ‘മധുരമെൻ മലയാളം’ പരിപാടി മാറുകയുണ്ടായി. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട 'മഞ്ഞലയിൽ മുങ്ങിത്തോർത്തി.... മുതൽ എന്ന് നിന്റെമൊയ്തീ നിലെ 'ശാരദാംബര'വും അന്നത്തെ ഏറ്റവും പുതിയ ചിത്രമായ സു സു സുധീ വാൽമീകത്തിലെ 'എന്റെ ജനലരികിലിന്ന് ഒരു ജമന്തി പൂ വിരി ഞ്ഞ... വരെ ഒരു ഗാനവിരുന്ന് തന്നെ മസ്‌കത്തിനു ലഭിച്ചു.
ചിത്രത്തിൽ ഇല്ലാത്ത വരികളായ വേദന തന്നോടക്കുഴലിൽ പാടിപ്പാടി ഞാൻ നടന്നു... മൂടുപടം മാറ്റി വരു നീ രാജകുമാരി' എന്ന വരികളും ജയചന്ദ്രന്‍റെ ഭാവാർദ്രമായ ശബ്ദത്തിൽ മസ്‌കത്തിന് ലഭിച്ചു. പാട്ടുകളുടെ സഹയാത്രികനായി, ഗുരുവായുരപ്പ ഭക്തനായി തുടരുമ്പോഴും ഇരുപതോളം വർഷമായി സിനിമ പൂർണമായി കണ്ടിട്ട് എന്നദ്ദേഹം ഓർമിച്ചു. ചെമ്മീൻ, മുറപ്പെണ്ണ് തുടങ്ങിയ സിനിമകളുടെ തിരക്കഥാബലം ഇന്നത്തെ സിനിമകൾക്ക് ഇല്ലാതെപോയി. ഷീലയെയും ശാരദയെയും പോലെ കരുത്തുറ്റ അഭിനേത്രികൾ സംഭവിക്കാത്തതും തിരക്കഥയുടെ ബലക്കുറവുകൊണ്ടാണ്. കന്മദവും കണ്ണെഴുതി പൊട്ടും തൊട്ടും തന്ന മഞ്ജു വാര്യരിൽ ഇനിയുമൊരു കരുത്തുറ്റ അഭിനേത്രി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാളിയുടെ ഗാനശേഖരത്തിലെ ഒഴിച്ചുകൂടാനാവാത്ത പാട്ടുകളായ കരിമുകിൽ കാട്ടിലെയും സ്വർണ ഗോപുര നർത്തകീ ശിൽപവും റംസാനിലെ ചന്ദ്രികയും പ്രിയ ഗായകനിൽനിന്ന് തന്നെ കേൾക്കാനായത് മസ്‌കത്ത് മലയാളികൾക്ക് മികച്ച അനുഭവമായി. ജയചന്ദ്ര ഗാനങ്ങൾ കോർത്തെടുത്ത് രൂപരേവതി വയലിനിൽ അവതരിപ്പിച്ച ഗാനാഞ്ജലി സദസിന് വേറിട്ടൊരു ആസ്വദനമായിരുന്നു നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.