മസ്കത്ത്: ഇന്ത്യയും ഒമാനും നാഗരികതയും ജനങ്ങളും തമ്മിലുള്ള ബന്ധം അടയാളപ്പെടുത്തുന്നതിനായി മസ്കത്ത് ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിലെ നാലാമത്തെ പരിപാടി കഴിഞ്ഞ ദിവസം നടന്നു. മസ്കത്ത് ഇന്ത്യൻ എംബസി ഹാളിൽ നടന്ന പരിപാടിയിൽ ഷാർജയിലെ അമേരിക്കൻ യൂനിവേഴ്സിറ്റിയിൽ നിന്നുള്ള പ്രശസ്ത ചരിത്രകാരൻ പ്രഫ. ജെയിംസ് ഓൺലെ, ‘ഇന്ത്യയും അറേബ്യയും: സഹസ്രാബ്ദങ്ങളിലുടനീളം ബന്ധങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഇന്ത്യയും ഗൾഫും തമ്മിലുള്ള സമുദ്ര വ്യാപാരത്തിന്റെ വിവിധ വശങ്ങൾ പരിശോധിക്കുന്നതായി പ്രഭാഷണം. ഗൾഫ് മേഖലയുടെ ഇന്ത്യയുമായുള്ള വ്യാപാരത്തിന്റെ ചലനാത്മകത അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയും ഗൾഫും തമ്മിലുള്ള സമ്പന്നമായ സാംസ്കാരിക വിനിമയത്തെക്കുറിച്ചും പുരാതന വ്യാപാര ബന്ധങ്ങളെക്കുറിച്ചും സംസാരിച്ചു. ഇന്ത്യയും ഒമാനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിൽ തോപ്രാണി കുടുംബത്തിന്റെ ശ്രദ്ധേയമായ സംഭാവനകളെ കുറിച്ച് മുനീർ തോപ്രാണിയും സംസാരിച്ചു. ഇന്ത്യൻ അംബാസഡർ അമിത് നാരങ്, ഇന്ത്യൻ സമൂഹം, ഇന്ത്യൻ വംശജരായ ഒമാനികൾ, പണ്ഡിതന്മാർ, മറ്റ് അതിഥികൾ എന്നിവർ പങ്കെടുത്തു.
ഏഴു മാസത്തോളം നീണ്ടുനിൽക്കുന്ന പ്രഭാഷണ പരമ്പര ഏപ്രിലിലാണ് അവസാനിക്കുക. ഇന്ത്യ-ഒമാൻ ചരിത്രബന്ധങ്ങളെക്കുറിച്ച് അക്കാദമിക് വിദഗ്ധർ, ചരിത്രകാരന്മാർ, നരവംശ ശാസ്ത്രജ്ഞർ തുടങ്ങിയവർ പ്രഭാഷണം നടത്തും. ഒമാൻ നാഷനൽ മ്യൂസിയത്തിൽ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ ഇന്ത്യൻ വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരാണ് പരമ്പര ഉദ്ഘാടനം ചെയ്തത്. ‘മാൻഡ്വി മുതൽ മസ്കത്തുവരെ: ‘ഇന്ത്യൻ സമൂഹവും ഇന്ത്യയുടെയും ഒമാന്റെയും പങ്കിട്ട ചരിത്രവും’ എന്ന തലക്കെട്ടിൽ നാഷനൽ മ്യൂസിയം ഓഫ് ഒമാൻ, ഒമാൻ ഹിസ്റ്റോറിക്കൽ അസോസിയേഷനുമായി സഹകരിച്ചാണ് പരമ്പര സംഘടിപ്പിച്ചിക്കുന്നത്. ‘18, 19 നൂറ്റാണ്ടുകളിലെ ഇന്ത്യൻ മഹാസമുദ്ര വ്യാപാരം’ എന്ന വിഷയത്തിൽ ഡോ. എം. രേധാ ഭക്കർ ആയിരുന്നു പ്രഭാഷണ പരമ്പരക്ക് തുടക്കമിട്ടിരുന്നത്. കഴിഞ്ഞ നവംബറിൽ നടന്ന രണ്ടാം പ്രഭാഷണ പരിപാടിയിൽ സമുദ്രചരിത്ര വിദഗ്ധയായ ഡോ. ഛായാ ഗോസ്വാമി, ‘മാൻഡവി, മസ്കത്ത്, മുംബൈ: സെറ്റിൽമെന്റിന്റെ പാതകളും സംരംഭകത്വത്തിന്റെ വഴികളും’ എന്ന വിഷയത്തിലും സംസാരിച്ചിരുന്നു. മൂന്നാം പ്രഭാഷണ പരിപാടിയിൽ ചരിത്രകാരനും സാമ്പത്തിക ശാസ്ത്രജ്ഞനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗവുമായ സഞ്ജീവ് സന്യാൽ ആയിരുന്നു സംസാരിച്ചിരുന്നത്. ‘മാൻഡവി മുതൽ മസ്കത്ത്: അയ്യായിരം വർഷത്തെ വിനിമയം’ എന്ന തലക്കെട്ടിലായിരുന്നു പ്രഭാഷണം. ഇന്ത്യയും ഒമാനും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു പ്രഭാഷണം. പുരാതന സമുദ്രബന്ധങ്ങൾ, കപ്പൽ നിർമാണ പാരമ്പര്യങ്ങൾ, സമുദ്ര വ്യാപാരം എന്നിവയെക്കുറിച്ച് ഉൾകാഴ്ച നൽകാൻ ഉതകുന്നതായി പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.