മസ്കത്ത്: ഈ വർഷം ഹജ്ജിന് പോവുന്നവർക്കുള്ള നറുക്കെടുപ്പ് അടുത്ത ഞായറാഴ്ച നടക്കും. അപേക്ഷകരുടെ എണ്ണം നിശ്ചിത ക്വോട്ടയേക്കാൾ മൂന്നിരട്ടി വർധിച്ച സാഹചര്യത്തിലാണ് ഓട്ടോമാറ്റിക് നറുക്കെടുപ്പിലൂടെ ഹജ്ജ് യാത്രക്കാരെ കണ്ടെത്തുന്നത്. ഔഖാഫ് മതകാര്യ മന്ത്രാലയമാണ് നറുക്കെടുപ്പിന് നേതൃത്വം നൽകുന്നത്. ഈ വർഷത്തെ ഹജ്ജിന് നറുക്കെടുപ്പിലൂടെ അവസരം ലഭിക്കുന്നവർ മൂന്നു ദിവസത്തിനുള്ളിൽ ഒമാനിലെ അംഗീകൃത ഹജ്ജ് കമ്പനികളുമായി ഇലക്ട്രോണിക് സംവിധാനം വഴി കരാറിൽ എത്തണമെന്നും മന്ത്രാലത്തിന്റെ അറിയിപ്പിൽ പറയുന്നു.
ഒമാനിൽനിന്ന് സൗദിയിലേക്ക് ഹജ്ജിന് പോവുന്നവർക്കുള്ള സാമ്പത്തിക ചെലവും മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. വിമാന മാർഗം വഴി മദീനയിലേക്ക് പോവുന്ന തീർഥാടകർക്ക് 7,577 സൗദി റിയാലാണ്. ഇത് 777 ഒമാനി റിയാലിന് തുല്യമായിരിക്കും. വിമാനം മാർഗം ഒമാനിൽനിന്ന് ജിദ്ദ വിമാനത്താവളത്തിലേക്ക് 7,380 സൗദി റിയാലാണ് നിരക്ക്. റോഡ് മാർഗം മക്കയിലേക്കോ മദീനയിലേക്കോ പോവുന്നവർക്ക് 915 സൗദി റിയാലാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇത് 94 ഒമാനി റിയാലിന് തുല്യമാണ്. മറ്റ് സേവന നിരക്കുകളും ബാധകമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഹജ്ജിന് പോവുന്നവരെ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്നത് ഒമാനിൽ ആദ്യമായാണെന്ന് നിരവധി ഹജ്ജ് സേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന കെ.വി. ഉമർ പറഞ്ഞു. മുൻകാലങ്ങളിൽ വിദേശികൾക്കും സ്വദേശികൾക്കും പ്രത്യേകം ക്വോട്ട നിശ്ചയിക്കുകയും അത് ഹജ്ജ് കോൺട്രാക്ടർമാർക്ക് വീതിച്ച് നൽകുകയുമാണ് പതിവ്. ഇത്തരം കോൺട്രാക്ടർമാരിൽനിന്ന് ഹജ്ജിന് തീർഥാടകരെ കൊണ്ടുപോവുന്ന സംഘടനകളും സ്ഥാപനങ്ങളും ക്വോട്ടകൾ വാങ്ങുകയുമായിരുന്നു ചെയ്തിരുന്നത്. ഈ വർഷം ഒമാന് 6,338 ക്വോട്ട മാത്രമാണ് അനുവദിച്ചത്. എന്നാൽ അപേക്ഷകരുടെ എണ്ണം 23,474 ആയിരുന്നു. ഓൺലൈൻ വഴി ഹജ്ജിന് അപേക്ഷ സ്വീകരിക്കുന്നതും ആദ്യമായാണ്. പുതിയ സംവിധാനം ഹജ്ജ് യാത്ര സംബന്ധമായ പരാതികൾ പരിഹരിക്കാൻ സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
ഇ-പോർട്ടൽ വഴി 21,474 സ്വദേശികളും 2,045 വിദേശികളുമാണ് രജിസ്റ്റർ ചെയ്തത്. ദാഖിലിയ്യ ഗവർണറേറ്റിൽനിന്നാണ് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്. ഇവിടെനിന്ന് 4,008 പേരാണ് അപേക്ഷിച്ചിട്ടുള്ളത്. മുസന്തം ഗവർണറേറ്റിൽനിന്ന് 191 അപേക്ഷകരാണുള്ളത്. അപേക്ഷകരിൽ 59.8 ശതമാനം പുരഷന്മാരും 40.2 ശതമാനം സ്ത്രീകളുമാണ്. മൊത്തം 14,037 പുരുഷ അപേക്ഷകരും 9,437 സ്ത്രീ അപേക്ഷകരുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.