മസ്കത്ത്: ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’ മൂന്നാം പതിപ്പിന്‍റെ ഭാഗമായി വായനക്കാർക്കായി സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മലപ്പുറം അരീക്കോട് സ്വദേശി ജാവിദ് ഇഹ്സാൻ, കൊച്ചി ഇടപ്പള്ളി സ്വദേശി ഡോ. സുധീർ സുകുമാർ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
മസ്കത്തിലെ ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ഫ്രൈഡേ ഷൂട്ട് ഔട്ട് മസ്‌കത്തുമായി (എഫ്.എസ്.ഒ) -സഹകരിച്ചായിരുന്നു മത്സരം. വിജയികൾക്ക് 100, 50 റിയാൽ വിലമതിക്കുന്ന സീപേൾസ് ജ്വല്ലറിയുടെ ഗിഫ്റ്റ് കൂപ്പണുകൾ വെള്ളിയാഴ്ച നടക്കുന്ന ഹാർമോണിയസ് കേരളയുടെ വേദിയിൽ സമ്മാനമായി നൽകും.
ദേശത്തിനും മതത്തിനും അതീതമായ ഐക്യം, മാനവികതയുടെ ഐക്യം, പ്രകൃതിയുടെ ഐക്യം എന്നിങ്ങനെ മൂന്ന് വിഷയത്തിലായിരിന്നു മത്സരങ്ങൾ.
അൽസവാദി ബീച്ചിൽനിന്നെടുത്തിട്ടുള്ള ചിത്രമാണ് ജാവിദ് ഇഹ്സാനെ ഒന്നാം സമ്മാനത്തിനർഹനാക്കിയത്. നാലു വർഷമായി മസ്കത്തിലുള്ള ഇദ്ദേഹം സുഹൂൽ അൽ ഫയ്ഹയിൽ (കെ.വി ഗ്രൂപ്പ്) ബിസിനസ് ഡെവലപ്മെന്റ് മാനേജർ ആയി ജോലി ചെയ്തു വരികയാണ്. ഭാര്യ: ഹിബ മറിയം. മക്കൾ: ഹബാൻ സിയാൻ.
കണ്ണൂരിലെ പയ്യന്നൂരിൽ നിന്നെടുത്ത തെയ്യത്തിന്‍റെ ചിത്രമാണ് ഡോ. സുധീർ സുകുമാറിനെ സമ്മാനത്തിനർഹനാക്കിയത്. 12 വർഷമായി മസ്കത്തിലുള്ള ഇദ്ദേഹം യൂറോളജസ്റ്റായി സേവനം അനുഷ്ഠിച്ച് വരികയാണ്. ഭാര്യ: ജൂലി. മക്കൾ: അർപ്പൺ, ആര്യൻ.
മത്സരത്തിന് മികച്ച പ്രതികരണമായിരുന്നു വായനക്കാരിൽനിന്നും ലഭിച്ചത്. ഏകദ്ദേശം മുന്നൂറോളം എൻട്രികളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. ജൂറി പത്ത് ചിത്രങ്ങളെ ഷോർട്ട് ലിസ്റ്റ് ചെയ്തു. ഇതിൽനിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. #click4Harmony #HarmoniousKerala #GulfmadhyamamOman എന്നീ ഹാഷ്ടാഗുകൾ ഉപയോഗിച്ച് ചിത്രങ്ങൾ Facebook/Instagram അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുന്ന രീതിയിലായിരുന്നു മത്സരം നടത്തിയത്.
ഫോട്ടോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ഫ്രൈഡേ ഷൂട്ട് ഔട്ട് (എഫ.എസ്.ഒ) മസ്‌കത്ത്. ഫോട്ടോഗ്രാഫിയിൽ പ്രാരംഭ പരിശീലനം തേടുന്നവർതൊട്ട് പ്രഫഷണലുകളായ ആളുകൾവരെ ഈ ഗ്രൂപ്പിൽ അംഗങ്ങളാണ്. ഐ.ടി. പ്രഫഷണൽ ആയ ലിബിൻ പ്രഭാകരന്റെ നേതൃത്വത്തിൽ നാലുപേർ ചേർന്ന് 2012ലാണ് എഫ്.എസ്.ഒ രൂപവത്കരിക്കുന്നത്. സുൽത്താനേറ്റിലെ മനോഹരമായ സ്ഥലങ്ങളിലെ സന്ദർശനം, ഫോട്ടോഗ്രാഫി ശിൽപശാലകൾ എന്നിവയും നടത്തിവരുന്നുണ്ട്. അംഗങ്ങളുടെ ഫോട്ടോകൾ ശ്രദ്ധേയമായ അവാർഡുകൾ നേടുകയും നിരവധി പ്രാദേശിക, അന്തർദ്ദേശീയ എക്‌സിബിഷനുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.