മസ്കത്ത്: ഒരുമയുടെയും വിശ്വമാനവികതയുടെയും ആഘോഷരാവിന് തിരശ്ശീല ഉയരാൻ മണിക്കൂറുകൾ. ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ഹാർമോണിയസ് കേരളയുടെ ആനന്ദരാവിന് പൊലിമയും പെരുമയും പകരാൻ കലാകേരളത്തിന്റെ പ്രതിഭകൾ ഷോ ഡയറക്ടർ എൻ.വി. അജിതിന്റെ നേതൃത്വത്തിൽ മസ്കത്തിൽ അവസാനഘട്ട ഒരുക്കത്തിലാണ്. സ്വരരാഗ ഭാവലയമായ കലാരാവിനെ പത്തരമാറ്റാക്കാനും മികവുറ്റതാക്കാനുമുള്ള യജ്ഞത്തിലാണ് അവർ. ‘അനിയത്തി പ്രാവി’ലൂടെ ആസ്വാദക മനസ്സുകളിൽ ചേക്കേറിയ മലയാളത്തിന്റെ സ്വന്തം കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിന്റെ 25ാം വാർഷികാഘോഷംകൂടിയാകും ഹാർമോണിയസ് കേരളയുടെ വേദി.
കുഞ്ചാക്കോ ബോബന്റെ ഒട്ടനവധി അഭിനയ മുഹൂർത്തങ്ങളും നൃത്ത-ഗാന ശകലങ്ങളും കോർത്തിണക്കുന്ന കലാവൈവിധ്യങ്ങൾ രാവിന് വർണപ്പകിട്ടേകും. മലയാള സിനിമക്കും ഇന്ത്യൻ ചലച്ചിത്രത്തിനും വിരലിലെണ്ണാൻ കഴിയാത്ത സൂപ്പർ ഹിറ്റുകളും മെഗാ ഹിറ്റുകളും സർഗചാരുതയോടെ പകർന്നുനൽകിയ മഹാ പ്രതിഭയായ കമലിനെ ആദരിക്കുന്ന രാവുകൂടിയാണിത്. പ്രേക്ഷക മനസ്സുകളിൽ കല്ലിട്ടെഴുതിയ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയ കമലിന്റെ സിനിമാപ്രയാണം 40 വർഷം പിന്നിടുകയാണ്.
നിറം, സെല്ലുലോയിഡ്, ഖദ്ദാമ, രാപ്പകൽ, അഴകിയ രാവണൻ, പെരുമഴക്കാലം എന്നിവയടക്കം നിരവധി സിനിമകൾ ചലച്ചിത്രലോകത്തിന് സമ്മാനിച്ച കമലിനുള്ള സമർപ്പണംകൂടിയാകും പരിപാടി. കേരളക്കരയിൽനിന്ന് അന്നംതേടി വന്ന ആയിരങ്ങൾക്ക് ആതിഥ്യമരുളിയ ഒമാനും കേരളവും തമ്മിലുള്ള സഹൃദ പൊലിമ വിളിച്ചോതുന്ന ദൃശ്യകലാവിരുന്ന് ആഘോഷരാവിന് മിഴിവേകും. പരിപാടിയുടെ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.