മസ്കത്ത്: ഖത്തറിൽ നടക്കുന്ന ഏഷ്യൻകപ്പിൽ പങ്കെടുക്കുന്ന ഒമാൻ ടീമിനെ പിന്തുണക്കാൻ ദേശീയ കാമ്പയിനുമായി അധികൃതർ. ഒമാൻ ഫുട്ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ ‘ഇതാ ഞങ്ങൾ വരുന്നു’ എന്ന പേരിലാണ് കാമ്പയിൻ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് പോസ്റ്ററുകളും മറ്റും അറബിക്, ഇംഗീഷ് ഭാഷകളിലായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏഷ്യൻ കപ്പിൽ കൂടുതൽ പിന്തുണയും പ്രോത്സാഹനവും ടീമിനു ലഭിക്കാനാണ് അധികൃതർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഏഷ്യൻകപ്പിനു മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിലെ ജയങ്ങൾ റെഡ് വാരിയേഴ്സിന് ആത്മവിശ്വാസം നൽകുന്നതാണ്. അബൂദാബിയിലെ ബനി യാസ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ചൈനയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് തകർത്തത്. അലാവി (49), മുഹ്സിൻ അൽ ഗസ്സാനി (65) എന്നിവരാണ് സുൽത്താനേറ്റിന് വേണ്ടി വലകുലുക്കിയത്. അവസാന മത്സരത്തിൽ ആതിഥേയരായ യു.എ.ഇയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽപ്പിച്ചത്. മധ്യനിര താരം അബ്ദുല്ല ഫവാസാണ് റെഡ്വാരിയേഴ്സിനുവേണ്ടി ഗോൾ നേടിയത്. ഇരുകളികളിലും മുന്നേറ്റ നിരയും പ്രതിരോധവും കരുത്തു കാട്ടിയത് കോച്ച് ബ്രാങ്കോ ഇവാൻകോവിക്ക് ശുഭസൂചനയായിട്ടാണ് കണക്കാക്കുന്നത്.
രണ്ടു കളിയിൽ മൂന്നു ഗോളുകളടിച്ച് കൂട്ടിയപ്പോൾ ഒന്നും വഴങ്ങിയിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. അതേസമയം, ഫിനിഷിങ്ങിലെ ചില പാളിച്ചകൾക്കൂടി പരിഗണിച്ചാൽ ഏഷ്യൻ കപ്പിൽ മികച്ച കുതിപ്പ് നടത്താനാകുമെന്നുള്ള വിശ്വാസത്തിലാണ് ആരാധകർ. ഖത്തറിലേക്ക് ഒമാന്റെ കളിക്കായി കൂടുതൽപേരൊഴുകും. ചാർട്ടർ വിമാനങ്ങളടക്കമുള്ള സംവിധാനങ്ങൾ ഒരുപക്ഷേ അധികൃതർ ഒരുക്കിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.