മസ്കത്ത്: വിശുദ്ധ റമദാൻ മാസത്തിലും പൊതു അവധി ദിവസങ്ങളിലും ഭിക്ഷാടനം വർധിച്ചുവരുന്ന പ്രതിഭാസത്തെക്കുറിച്ച് സാമൂഹിക വികസന മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. പിടികൂടപ്പെടുന്നവരിൽ ഭൂരിഭാഗവും പ്രവാസികളാണെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന മാധ്യമ സമ്മേളനത്തിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഹമൗദ് ബിൻ മുർദാദ് അൽ ഷാബിബി ഇക്കാര്യം വെളിപ്പെടുത്തിയത്. സാമൂഹിക വികസന മന്ത്രി ഡോ. ലൈല ബിൻത് അഹമ്മദ് അൽ നജ്ജാറിന്റെ നേതൃത്വത്തിലായിരുന്നു മാധ്യമ പരിപാടി. യാചകരെ പിടികൂടുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം റോയൽ ഒമാൻ പൊലീസിനാണെന്ന് ഷാബിബി ചൂണ്ടിക്കാട്ടി.
യാചനയിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി വ്യക്തികൾ യഥാർഥ ആവശ്യം കൊണ്ടല്ല, മറിച്ച് ഒരു തൊഴിലായാണ് അത് ചെയ്യുന്നതെന്നും അദ്ദേഹം ആവർത്തിച്ചു. അതേസമയം, പൊതുസ്ഥലങ്ങളിൽ യാചന നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ നേരത്തേ രംഗത്ത് എത്തിയിരുന്നു. മസ്ജിദുകൾ, റോഡുകൾ, വ്യാപാര സ്ഥാപനങ്ങൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ യാചന നടത്തുന്നത് സാമൂഹിക പ്രതിച്ഛായയെ മോശമായി ബാധിക്കുമെന്നും ഇത് നിയമപരമായി കുറ്റകരമാണെന്നാണ് അറിയിച്ചിരിക്കുന്നത്.
കുട്ടികളെയും മറ്റുള്ളരെയും യാചനക്ക് ഉപയോഗപ്പെടുത്തുന്നത് 100 റിയാൽ പിഴയും മൂന്ന് വർഷം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ചെറിയ കുട്ടികളെ യാചന ഉപയോഗപ്പെടുത്തുന്നത് അവരുടെ രക്ഷിതാക്കളോ അവരുമായി ബന്ധപ്പെട്ടവരോ കുട്ടികളുടെ മേൽനോട്ടം നടത്തുന്നവരോ കുട്ടികളെ ഇതിനായി ഉപയോഗപ്പെടുത്തിയാൽ ശിക്ഷ ഇരട്ടിയാവും.
ഒമാന്റെ വിവിധ ഭാഗങ്ങളിൽ റമദാനിൽ യാചന നടത്തുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മസ്ജിദുകൾ, സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിലെ പാർക്കിങ്ങുകളിലെത്തുന്ന വാഹന ഉടമകളിൽനിന്നാണ് യാചനയിലൂടെ പണം നേടുന്നത്.
മസ്ജിദുകളിലും റോഡുകളിലും മറ്റ് സ്ഥലങ്ങളിലും യാചന നടത്തുന്നവർക്ക് ഒരു മാസം മുതൽ ഒരു വർഷം വരെ തടവ് ശിക്ഷയും 50 റിയാൽ മുതൽ 100 റിയാൽ വരെ പിഴയുമാണ് ഒമാനിൽ ചട്ടമനുസരിച്ചുള്ള ശിക്ഷ. യാചന ആവർത്തിച്ച് പിടിക്കപ്പെട്ടാൽ ആറ് മാസത്തിനും രണ്ട് വർഷത്തിനും ഇടയിലുള്ള തടവ് ശിക്ഷയാണ് ലഭിക്കുക.
അത്യാവശ്യം കാരണമാണ് യാചന നടത്തിയതെന്നും ജീവിക്കാൻ മറ്റ് വരുമാന മാർഗങ്ങളൊന്നുമില്ലെന്നും തെളിയിക്കാൻ കഴിയുന്നവരെ ശിക്ഷയിൽനിന്നും ഒഴിവാക്കും. മേൽ പറഞ്ഞ ഏതെങ്കിലും കേസുകളിൽ പിടിക്കപ്പെടുന്നത് വിദേശികളാണെങ്കിൽ അവരെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കും.
ഒമാനിൽ റമദാനിൽ പൊതുവെ യാചകർ കൂടുതലാണ്. ചില രാജ്യങ്ങളിൽ നിന്ന് ഒമാനിൽ സന്ദർശക വിസയിലെത്തി യാചന നടത്തുന്നവരും നിരവധിയാണ്. മസ്ജിദുകൾക്കും പൊതുജനങ്ങൾ കൂടിയിരിക്കുന്ന സ്ഥലവുമാണ് ഇത്തരക്കാർ യാചനക്കായി ഉപയോഗിക്കുന്നത്.
റമദാനിൽ ഇഫ്താറിനും മറ്റുമായി ചെറിയ സംഖ്യകളാണ് ഇവർ ആവശ്യപ്പെടുക. കുട്ടികളെ യാചനക്ക് ഉപയോഗപ്പെടുത്തുന്നവരും നിരവധിയാണ്. ഈദിനോട് അനുബന്ധിച്ച് യാചകരുടെ എണ്ണം ഗണ്യമായി വർധിക്കും.
ഈദ് ദിനത്തിൽ പ്രഭാത നമസ്കാരം മുതൽ എല്ലാ മസ്ജിദുകളെയും ചുറ്റിപ്പറ്റി യാചകരുണ്ടാവും. ഏതായാലും നിയമം കർശനമായി നടപ്പാക്കാൻ തുടങ്ങിയതോടെ പലരും രംഗത്തുനിന്ന് പിന്മാറാനും കളം മാറ്റി ചവിട്ടാനും തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.