ഒമാൻ ഹൽവ
സുഹാർ: ഈദുൽ ഫിത്ർ ആഗതമാകാനിരിക്കെ ആഘോഷങ്ങൾക്ക് സന്തോഷത്തിന്റെ മാധുര്യം പകരാൻ വലിയ ചൂളകളിൽ നറുനെയ്യിന്റെ വാസനയിൽ ഒമാനി ഹൽവ ഒരുങ്ങുന്നു. രുചികരവും, പാരമ്പര്യവും അഭിമാന നിർമിതിയും കൂടിച്ചേർന്ന ഒമാനി ഹൽവയുടെ ഖ്യാതി കടൽ കടന്ന് പറക്കുകയാണ്.
പെരുന്നാൾപോലുള്ള വിശേഷ അവസരങ്ങളിൽ ടൺകണക്കിന് ഒമാനി ഹൽവയുടെ വ്യാപാരമാണ് നടക്കാറുള്ളത്. അതിസൂഷ്മമായതും സമയം ഏറെ എടുക്കുന്നതുമായ നിർമാണരീതിയാണ് ഹൽവയുടേത്.
ചേരുവകൾ സമംചേർത്ത് ഇളക്കി ഹൽവ പരുവത്തിലേക്ക് മാറ്റിയെടുക്കാൻ സമയവും ശ്രദ്ധയും ഏറെവേണം. രാജ്യത്തെ ഈ രുചിമധുരത്തിന് അര നൂറ്റാണ്ടിലേറെയുള്ള ചരിത്രമുണ്ട്. ആഫ്രിക്കയിലെ ഒരു ദ്വീപ് ആയ സൻസിബാറിലെ മധുര നിർമിതിക്കാരനായ അലി ഇബ്നു സുലൈമാൻ അൽ ഹോസ്നി എന്നയാളുടെ പ്രശസ്തമായ ഹൽവ രുചിയാണ് അക്കാലത്ത് കടൽ കടന്ന് ഒമാനിലെത്തിയത്.
അവിടെവെച്ച് രുചിച്ചറിഞ്ഞ മധുരം സ്വന്തം രാജ്യത്ത് എത്തിക്കാനുള്ള ശ്രമമായിരുന്നു. 1970ൽ അന്നത്തെ സുൽത്താനായിരുന്ന ഖാബൂസാണ് സുലൈമാൻ ഹോസ്നിയുടെ മധുരം ഒമാനിൽ കൊണ്ടുവരാൻ ആവശ്യപ്പെട്ടത്. അങ്ങനെ ആഫ്രിക്കൻ ഓരത്തുനിന്ന് രുചി വൈവിധ്യങ്ങളുടെ ഹൽവ ഒമാനിൽ മധുരം വിളമ്പി.
കച്ചവടത്തിന് മാത്രമായിരുന്നില്ല ഹൽവ നിർമാണം. കൊട്ടാരങ്ങളിലെ വിരുന്നുകളിൽ ഹൽവ ഒരു വിഭവമായി മാറി പതിയെ ആ രുചി രാജ്യം ഏറ്റെടുത്തു. കോൺഫ്ലവർ അല്ലെങ്കിൽ മൈദ, നെയ്യ്, പഞ്ചസാര, റോസ് വാട്ടർ, കുങ്കുമപ്പൂവ്, വെള്ളം, ഡ്രൈ ഫ്രൂട്ട് എന്നിങ്ങനെ ചേർത്ത് ശ്രദ്ധയോടെ ചെയ്യേണ്ടുന്ന പാചകരീതിയാണ് ഒമാനി ഹൽവയുടേത്. വലിയ ചട്ടിയിൽ ഏറനേരം അടുപ്പിൽവെച്ച് പരുവമാക്കണം.
ചട്ടുകം കൊണ്ട് ഇളക്കി കൊണ്ടിരിക്കണം. പാകം തിരിച്ചറിയണം. പാരമ്പര്യമായി കിട്ടിയ ചേരുവകൾ ചേർത്ത് നിർമിക്കുന്ന ഹൽവകൾക്ക് ആവശ്യക്കാരേറെ. വെള്ളവും നെയ്യും പഞ്ചസാരയും മൈദയും ഇളക്കി യോജിപ്പിച്ചു ഹൽവ പരുവത്തിൽ കൊണ്ടുവരണം. പാകമാകുമ്പോൾ ചെറിയ പാത്രത്തിലേക്ക് മാറ്റണം. ഏലക്കപ്പൊടിയും അലങ്കാരത്തിനു ഉണക്ക ഫ്രൂട്ടും കൊണ്ട് ഡിസൈൻ ചെയ്താണ് വിൽപന
വിലകുറഞ്ഞതും വില കൂടിയതും വിപണിയിൽ വിൽപനക്കായി ഉണ്ട്. സ്വർണം പൂശിയ തളുവകളിൽ വിളമ്പുന്ന ഹൽവകളും പ്ലാസ്റ്റിക് പാത്രത്തിൽ വിളമ്പുന്നവയും കടഞ്ഞെടുത്ത മരപ്പാത്രത്തിൽ വിളമ്പുന്നവയും ലഭ്യമാണ്.
ഒമാനിലെത്തുന്ന സന്ദർശകർ ഇവിടുന്ന് മടങ്ങുമ്പോൾ കൊണ്ടുപോകുന്നത് ഒമാനി ഹൽവയാണ്. നമ്മുടെ കൊച്ചു കേരളത്തിലും ഒമാനി ഹൽവക്ക് ആവശ്യക്കാർ ഏറെയുണ്ട്. സ്വീകരണമുറിയിൽ ഹൽവയും, കഹ് വയും ഈത്തപ്പഴവും ഒമാനി അതിഥി സൽക്കാരത്തിന്റെ വേറിട്ട കാഴ്ചയാണ്.
രാജ്യത്തിന്റെ പാരമ്പര്യ ശീലങ്ങൾ പിന്തുടരുന്ന നന്മ കൈമോശം വരാതെ ഇന്നും സ്വദേശികൾ സൂക്ഷിക്കുന്നു. ആഘോഷങ്ങളിൽ വിരുന്ന് സൽക്കാരങ്ങളിൽ, രാജ്യാന്തര ചർച്ചകളിൽ, പ്രമുഖരുടെ സന്ദർശനത്തിൽ, രാഷ്ട്രത്തലവന്മാർക്ക് കൈമാറുന്ന മധുരത്തിൽ തുടങ്ങിവയിലെല്ലാം ഒമാനി ഹൽവയുടെ സ്ഥാനം മുന്നിൽ തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.