മസ്കത്ത്: ശഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് കേടുവന്ന ഇന്ത്യക്കാരുടെ പാസ്പോർട്ടുകൾ സൗജന്യമായി പുതുക്കിനൽകുമെന്ന് അംബാസഡർ അമിത് നാരംഗ്. കഴിഞ്ഞദിവസം നടന്ന ഓപൺ ഹൗസിലാണ് ഇതുസംബന്ധിച്ച് ബാത്തിന മേഖലയിൽനിന്നുള്ള രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സാമൂഹികപ്രവർത്തകരെ അംബാസഡർ ഇക്കാര്യം അറിയിച്ചത്. ശഹീൻ ചുഴലിക്കാറ്റിന്റെ ഫലമായാണ് പാസ്പോർട്ട് കേടുവന്നതെന്ന് ബോധ്യപ്പെടുത്തണം. രണ്ടുമാസത്തിനകം അപേക്ഷ സമർപ്പിക്കണം. ചുഴലിക്കാറ്റ് നാശനഷ്ടങ്ങൾ വരുത്തിയ ഖാബൂറയിലും സമീപ പ്രദേശങ്ങളിലുമുള്ളവർ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള എഴുപതോളം പേരുടെ ലിസ്റ്റ് നേരത്തേ എംബസിക്ക് നൽകിയിരുന്നു. അന്ന് അപേക്ഷ നൽകിയവരുടെ പാസ്പോർട്ടിന്റെ നിലവിലെ സ്ഥിതി അറിയിക്കണമെന്നും അംബാസഡർ പറഞ്ഞു. എംബസിയുടെ പുതിയ തീരുമാനം ബാത്തിന മേഖലയിലെ നൂറുകണക്കിന് മലയാളികളടക്കമുള്ള പ്രവാസികൾക്ക് ആശ്വാസമാകും. ദുരന്തസ്ഥലം സന്ദർശിച്ച വേളയിൽ എംബസി ഉദ്യോഗസ്ഥരോട് നഷ്ടപ്പെട്ട പാസ്പോർട്ട് സൗജന്യമായി പുതുക്കി നൽകണമെന്ന് സാമൂഹിക പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. നാട്ടിൽപോകേണ്ടവരുടെയും വിസയുടെ കാലാവധി കഴിഞ്ഞവരുടെയും പാസ്പോർട്ടുകളായിരുന്നു ചുഴലിക്കാറ്റിൽ നഷ്ട്ടപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.