മസ്കത്ത്: രാജ്യത്തെ കോവിഡ് കേസുകൾ ആശങ്ക ഉയർത്തി മുകളിലോട്ട് തന്നെ കുതിക്കുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 17,000 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 12 പേർ മരിക്കുകയും ചെയ്തു. എന്നാൽ, 6,000ഓളം പേർക്ക് മാത്രമാണ് അസുഖം ഭേദമായത്. കഴിഞ്ഞ മൂന്ന് ദിവസവും 2000ന് മുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാസങ്ങളുടെ ഇടവേളക്ക് ശേഷമാണ് പ്രതിദിന രോഗികൾ 2000ന് മുകളിൽ റിപ്പോർട്ട് ചെയുന്നത്. കഴിഞ്ഞ മാസം അവസാനത്തെ പത്തുദിവസങ്ങളിൽ വെറും 615 ആളുകൾക്ക് മാത്രമാണ് രോഗം ബാധിച്ചിരുന്നത്. എന്നാൽ ജനുവരി പകുതിയോടെ കേസുകൾ വർധിക്കാൻ തുടങ്ങി. ആരോഗ്യമന്ത്രാലയത്തിെൻറ കണക്ക് പ്രകാരം നിലവിൽ രാജ്യത്ത് 17,808 ആളുകളാണ് കോവിഡ് ബാധിതരായി കഴിയുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തത്തിലും വർധനവ് കാണിക്കുന്നുണ്ട്. 213 ആളുകളാണ് വിവിധ ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ30പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. രോഗികളുടെ വരവ് മുന്നിൽ കണ്ട് ആശുപത്രിയിൽ വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. 4,134 ആളുകൾ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. ആകെ 3,30,767പേർക്കാണ് ഇതുവരെ മഹാമാരി പിടിപ്പെട്ടത്. 3,08,825 പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. 93.4 ശതമാനമാണ് രോഗമുക്തി നിരക്ക്.
കോവിഡ് വർധിക്കാൻ തുടങ്ങിയിട്ടും പൊതുജനങ്ങൾ ജാഗ്രത പാലിക്കാത്തതും രോഗം പടരാൻകാരണമാവുന്നുണ്ട്. രണ്ട് ഡോസ് വാക്സിൻ എടുത്തതോടെ പലരും മഹാമാരിയെ അവണിച്ചപ്പോലെയാണ്. സാമൂഹിക അകലം പാലിക്കൽ എവിടെയും നടക്കുന്നില്ല. വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും ആളുകൾ തിങ്ങികൂടുന്നതും സുരക്ഷാ മാനദന്ധങ്ങൾ പാലിക്കാത്തതും രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്. പൊതു സ്ഥലങ്ങളിൽ പ്രവേശിക്കുമ്പോൾ നടത്തേണ്ട ശരീര ഊഷ്മാവ് പരിശോധനയും പല സ്ഥാപനങ്ങളിലും നടക്കുന്നില്ല. മാസ്ക് ധരിക്കുന്നതിലുള്ള ജാഗ്രതയും കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇവയെല്ലാം കർശനമായി നടപ്പാക്കാൻ സാധ്യതയുണ്ട്. കോവിഡ് വ്യാപനം മുമ്പിൽ കണ്ടാണ് മസ്ജിദുകളിൽ വെള്ളിയാഴ്ച പ്രാർഥനക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ബൂസ്റ്റർ ഡോസ് വ്യാപകമാക്കിയും മറ്റും മഹാമാരിയെ പിടിച്ച് കെട്ടാനുള്ള ശ്രമങ്ങളാണ് അധികൃതരുടെ ഭാഗത്ത് നിന്ന് നടന്ന് കൊണ്ടിരിക്കുന്നത്. വിവിധ ഗവർണറേറ്റുകളിൽ ഊർജിതമായാണ് വാക്സിൻ വിതരണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.