മസ്കത്ത്: നാഷനൽ മ്യൂസിയത്തിൽ നടക്കുന്ന ‘ഇന്ത്യ ഓൺ കാൻവാസ്’ ചിത്രപ്രദർശനം കാണാനായി ഒമാനിലെ അംബാസഡർമാരുടെ ഭാര്യമാരും. ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങിന്റെ പത്നി ദിവ്യ നാരങ്ങിന്റെ നേതൃത്വത്തിലായിരുന്നു പ്രദർശനം കാണാൻ അവസരമൊരുക്കിയത്. മസ്കത്ത് ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും പ്രദർശനം കണാനെത്തി. ന്യൂഡൽഹി യിലെ നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ടും ഇന്ത്യൻ എംബസിയും സഹകരിച്ചാണ് ‘ഇന്ത്യ ഓൺ കാൻവാസ്: മാസ്റ്റർ പീസസ് ഓഫ് മോഡേൺ ഇന്ത്യൻ പെയിന്റിങ്’ എന്ന ചിത്രപ്രദർശനം നാഷനൽ മ്യൂസിയത്തിൽ നടക്കുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികത്തോടനുബന്ധിച്ച് ഒക്ടോബറിലാണ് ചിത്രപ്രദർശനം തുടങ്ങിയത്. ഇതിനകം നിരവധി ആളുകളാണ് പ്രദർശനം കണ്ടത്. ജനുവരി 20ന് പ്രദർശനം അവസാനിക്കും. ഇന്ത്യയിലെ 16 കലാകാരന്മാരുടെ മികച്ച 20 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. മിഡിൽ ഈസ്റ്റിൽ ആദ്യമായാണ് നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്സ് ചിത്രപ്രദർശനം സംഘടിപ്പിക്കുന്നത്. പ്രദർശനത്തിൽ പങ്കെടുക്കുന്ന ഇന്ത്യയിലെ പ്രമുഖ ചിത്രകാരന്മാർക്ക് ആധുനിക ചിത്രകലയുടെ പുത്തൻ അനുഭവങ്ങൾ ഒമാനി കലാകാരന്മാരുമായി പങ്കുവെക്കാൻ പരിപാടി സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.